ഹെലികോപ്റ്റര്‍ വാങ്ങാന്‍ കാശില്ല, കാറിനെ 2 ലക്ഷം രൂപ മുടക്കി ഹെലികോപ്റ്ററാക്കി കര്‍ഷകന്‍
ഒരു ഹെലികോപ്റ്റര്‍ വാങ്ങാന്‍ വലിയ മോഹം.. എന്നാല്‍ കൈയ്യില്‍ അതിനുംമാത്രം പണമൊന്നുമില്ല. എന്ത് ചെയ്യും? ആലോചിച്ചിരുന്നപ്പോള്‍ മുറ്റത്ത് കിടക്കുന്ന വാഗണര്‍ കാറാണ് മുന്നില്‍പെട്ടത്. പിന്നൊന്നും നോക്കിയില്ല കാറിനെ ഹെലികോപ്റ്ററിന്റെ രൂപത്തിലേക്ക് അങ്ങ് മാറ്റി. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗ്രഹിലെ കര്‍ഷകനായ അനില്‍പട്ടേലാണ് തന്റെ കാറിനെ ഹെലികോപ്റ്ററാക്കി മാറ്റിയത്.
ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഒരു അസ്സല്‍ ഹെലികോപ്റ്റര്‍ റോഡിലിറങ്ങിയിരിക്കുന്നു എന്നേ തോന്നൂ. മുകളില്‍ വലിയ ലീഫുകളും നീണ്ട വാലും വാലിലെ ഫാനും കണ്ടാല്‍ ഇതൊരു കാറായിരുന്നോ എന്ന് ആര്‍ക്കും തോന്നില്ല.
ദൊഹാത്തി ക്രിയേറ്റര്‍ എന്ന യൂട്യൂബ് പേജിലാണ് ഈ ഹെലികോപ്റ്റര്‍ കാറിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. കാറിന്റെ സ്റ്റിയറിങ്‌ന്റെ വലതുവശത്ത് ഹെലികോപ്റ്ററിന്റെ ഫാനുകളെ നിയന്ത്രിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ഫാനിന്റെ വേഗത നിയന്ത്രിക്കാന്‍ പ്രത്യേകം സ്വിച്ചുകളും റെഗുലേറ്ററുകളും നല്‍കിയിട്ടുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും ഈ ഹെലികോപ്റ്റര്‍ കാറിന് പറക്കാന്‍ കഴിയില്ല. ഒരു ലക്ഷം രൂപ മുടക്കി വാങ്ങിയ സെക്കനന്റ് കാറില്‍ രണ്ട് ലക്ഷം രൂപ മുടക്കിയാണ് ഹെലികോപ്റ്റര്‍ കാര്‍ ഒരുക്കിയത്.
ഹെലികോപ്റ്റര്‍ കാറിന്റെ ബോണറ്റില്‍ ശുഭ് വിവാഹ് എന്ന് എഴുതിയിരിക്കുന്നു. ഇതിനു പിന്നില്‍ മറ്റൊന്നുമല്ല. വിവാഹചടങ്ങുകളില്‍ വധൂവരന്‍മാരെ ലക്ഷ്യം വെച്ചുകൊണ്ടുതന്നെ. വശങ്ങളിലെ നിലയും ചുവപ്പും വരകള്‍ കാറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. വഴിയേ പോകുന്ന എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിക്കുന്ന ഈ ഹെലികോപ്റ്റര്‍ കാറിന് നിരവധി ബുക്കിങുകളാണ് ഇതിനോടകം ലഭിച്ചത്. 15ഓളം വിവഹാബുക്കിങ്ങുകളാണ് മൂന്ന് മാസത്തിനിടക്ക് ലഭിച്ചതെന്ന് അനില്‍ പട്ടേല്‍ പറഞ്ഞു. ഓരേ വിവാഹത്തിനും 10000 മുതല്‍ 12000 രൂപ വരെയാണ് അനില്‍ ഈടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."