അവകാശങ്ങള്‍ക്ക് വേണ്ടി ഒരു ജീവിതം
എ.പി കുഞ്ഞാമു
പാശ്ചാത്യനാടുകളില്‍ ജനിച്ചു സമ്പൂര്‍ണവും പരമ്പരാഗതവുമായ ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങളില്‍ ആകൃഷ്ടരായി ഇവിടെയെത്തി ഇന്ത്യക്കാരായി ജീവിക്കുകയും പില്‍ക്കാലത്ത് ഇന്ത്യയുടെ സാമൂഹ്യജീവിതത്തില്‍ സ്വന്തം സ്ഥാനം അടയാളപ്പെടുത്തുകയും ചെയ്ത കുറേപ്പേരുണ്ട്. അവരിലൊരാളാണ് ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ കസേഗാവ് എന്ന ചെറുപട്ടണത്തില്‍ നിര്യാതയായ ഗെയില്‍ ഓംവേദ്. അമേരിക്കയിലെ മിനിയാപോളിസില്‍ 1941 ഓഗസ്റ്റ് 2 നു ആരംഭിച്ച അവരുടെ ജീവിതം എണ്‍പതു വയസ്സിനുശേഷം ഇന്ത്യയില്‍ അസ്തമിച്ചു. നാലു പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന തന്റെ രണോത്സുകമായ ആക്ടിവിസ്റ്റ് ജീവിതത്തിനിടയില്‍ അവര്‍ നമുക്ക് നല്‍കിയത് ഇരുപത്തഞ്ചോളം അമൂല്യ ഗ്രന്ഥങ്ങള്‍. ഇന്ത്യയിലെ ജാതിവിവേചനത്തെ കുറിച്ചുള്ള മൗലികമായ തിരിച്ചറിവുകള്‍, ബ്രാഹ്മണാധിപത്യത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ഉദ്യുക്തരായ ജ്യോതിബായ് ഫുലെയുടെയും ഡോക്ടര്‍ അംബേദ്കറുടെയും കര്‍മമണ്ഡലങ്ങളില്‍ ഉയിരെടുത്ത അബ്രാഹ്മണ പ്രസ്ഥാനത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള പ്രത്യാശകള്‍- അതോടൊപ്പം അവര്‍ താഴ്ന്ന ജാതിക്കാരുടെയും ദലിതുകളുടെയും വന്‍കിട പദ്ധതികള്‍ മൂലം കുടിയൊഴിപ്പിക്കപ്പെടുന്നവരുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ക്കും പുനരധിവാസത്തിനും വേണ്ടി പൊരുതി.
തികഞ്ഞ ആക്ടിവിസ്റ്റ് കൂടിയായിരുന്നു അവര്‍. മിനിയാപോളിസില്‍ ജനിച്ച് കാര്‍ട്ടന്‍ കോളജിലും ബര്‍ക്‌ലി സര്‍വകലാശാലയിലും പഠിച്ച് സോഷ്യോളജിയില്‍ പിഎച്ച്.ഡി നേടിയ അവര്‍ 1973 ലാണ് ഇന്ത്യയിലെത്തിയത്. മഹാത്മാ ഫുലെയുടെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും പറ്റി പഠിക്കാനാണ് അവര്‍ ഇന്ത്യയിലെത്തിയത്. 1873 മുതല്‍ 1930 വരെയുള്ള കാലത്തെ പശ്ചിമേഷ്യയിലെ അബ്രാഹ്മണ പ്രസ്ഥാനത്തെ അവര്‍ നോക്കിക്കണ്ടത് കൊളോണിയല്‍ സമൂഹത്തിലെ സാംസ്‌കാരിക വിപ്ലവം എന്ന നിലയിലാണ്. ഈ ആലോചനകള്‍ ഇന്ത്യയിലെ ജാതിവ്യവസ്ഥയെക്കുറിച്ചുള്ള ഗൗരവപ്പെട്ട പല കണ്ടെത്തലുകളിലും അവരെ എത്തിച്ചു. ഇന്ത്യന്‍ അവസ്ഥയെക്കുറിച്ച് അവര്‍ എഴുതിയ കനപ്പെട്ട രചനകള്‍ അക്കാദമിക രംഗത്ത് മാത്രമല്ല ശ്രദ്ധേയമായത്. സാമൂഹ്യശാസ്ത്ര പഠനങ്ങളുടെ വെളിച്ചത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ നിര്‍വചിക്കുന്ന പ്രക്രിയയില്‍ ഗൗരവപ്പെട്ട പല നിഗമനങ്ങള്‍ക്കും അവ വഴിവച്ചിട്ടുണ്ട്. സ്വന്തം നിലയ്ക്ക് ഗെയില്‍ ഓംവേദ് ഒരു അക്കാദമിക് വിദഗ്ധയായിരുന്നു. പൂനെ സര്‍വകലാശാലയില്‍ സോഷ്യോളജി പ്രൊഫസറായി അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള എഫ്.എ.ഒ, യു.എന്‍.ഡി.പി തുടങ്ങിയ സംരംഭങ്ങളില്‍ അവര്‍ നിര്‍ണായക പദവി വഹിച്ചിട്ടുണ്ട്. ഈ തലങ്ങളിലുള്ള ഒരാള്‍ക്കുണ്ടാവുന്ന നോട്ടങ്ങളും അനുമാനങ്ങളുമായിരുന്നില്ല ഗെയിലിന്റേത്. അവര്‍ സാധാരണ മനുഷ്യരുടെ, കുറേക്കൂടി സൂക്ഷ്മമായിപ്പറഞ്ഞാല്‍ അടിയാളരുടെ കണ്ണടയിലൂടെയാണ് ലോകത്തെ നോക്കിയതും അതുവഴി ലഭിച്ച കാഴ്ചകളെ സിദ്ധാന്തവല്‍ക്കരിച്ചതും.
ദലിതരും സ്ത്രീകളും- ഈ രണ്ട് അടിയാളസമൂഹങ്ങള്‍ക്കും ആത്മവിശ്വാസം നല്‍കിയവരാണ് അംബേദ്കറും മഹാത്മാ ഫുലെയും. ഗെയിലിന്റെ രചനകള്‍ മുഖ്യപ്രമേയമായി സ്വീകരിച്ചത് ഇവരുടെ പ്രശ്‌ന പരിസരങ്ങളാണ്. അവയില്‍ പലപ്പോഴും ബുദ്ധന്‍ കടന്നുവന്നു. മനുസ്മൃതിയും വേദങ്ങളും കടന്നുവന്നു, ഈ സന്ദര്‍ഭങ്ങളിലെല്ലാം ഗെയില്‍ ഓംവെദ് അധഃസ്ഥിതര്‍ക്കനുകൂലമായ ഉറച്ചനിലപാടുകളാണ് പുലര്‍ത്തിയത്. ദലിത്‌സ് ആന്‍ഡ് ദി ഡമോക്രാറ്റിക് റവല്യൂഷന്‍: ഡോക്ടര്‍ അംബേദ്കര്‍ ആന്‍ഡ് ദി ദലിത് മൂവ്‌മെന്റ് ഇന്‍ കൊളോണിയല്‍ ഇന്ത്യ, അണ്ടര്‍സ്റ്റാന്‍ഡിങ് കാസ്റ്റ്: ഫ്രം ബുദ്ധ റ്റു അംബേദ്കര്‍ ആന്‍ഡ് ബിയോണ്ട്, വി ഷാല്‍ സ്മാഷ് ദി പ്രിസണ്‍, ഇന്ത്യന്‍ വിമന്‍സ് സ്ട്രഗ്ഗിള്‍, സീക്കിങ് ബീഗംപുര: ദി സോഷ്യല്‍ വിഷന്‍ ഓഫ് ആന്റി കാസ്റ്റ് ഇന്റലക്ച്വല്‍സ് തുടങ്ങിയവയാണ് അവരുടെ കൃതികള്‍. പേരുകള്‍ സൂചിപ്പിക്കുന്നത് പോലെ ജാതിവിരുദ്ധ പ്രസ്ഥാനത്തിലും ദലിത് രാഷ്ട്രീയത്തിലും സ്ത്രീ പോരാട്ടങ്ങളിലും പാരിസ്ഥിതിക, കാര്‍ഷിക മുന്നേറ്റങ്ങളിലും അവര്‍ വഹിച്ച നേതൃപരമായ പങ്ക് നമുക്ക് വായിച്ചെടുക്കാം. ഗ്രാമീണ ഇന്ത്യയില്‍ കേന്ദ്രീകൃതമായിരുന്നു അവരുടെ മനസും ചിന്തയും. 1983ല്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചത് മുതല്‍ തികഞ്ഞ ഇന്ത്യക്കാരിയായിരുന്നു ഗെയില്‍.
സ്വാതന്ത്ര്യ സമര സേനാനിയായ ഇന്ദുമതി പടന്‍കറുടെ മകനും മാര്‍ക്‌സിസ്റ്റ് അംബേദ്കറെറ്റ് ചിന്തകനുമായ ഭരത് പടന്‍കറാണ് ഗെയിലിന്റെ ഭര്‍ത്താവ് അവരിരുവരും ചേര്‍ന്നു സ്ഥാപിച്ച ശ്രമിക് മുക്തി ദള്‍ എന്ന സംഘടന സാംഗ്‌ളിയിലും സത്താറയിലുമുള്ള ഉപേക്ഷിക്കപ്പെട്ട സ്ത്രീകളെ പുനരധിവസിപ്പിക്കുന്നതില്‍ സ്തുത്യര്‍ഹമായ സേവനങ്ങളര്‍പ്പിച്ചിട്ടുണ്ട്. കൊയ്‌ന അണക്കെട്ടു നിര്‍മാണവുമായി ബന്ധപ്പെട്ടു കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കു വേണ്ടിയുള്ള സമരരംഗത്തും അവര്‍ സജീവമായിരുന്നു. പാഠഭേദം പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്തു നടത്തിയ ബലിയപാല്‍ യാത്രയുമായും അവര്‍ സഹകരിച്ചു എന്നോര്‍ക്കണം. പഠിക്കുന്ന കാലത്ത് അമേരിക്കയിലെ യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ഗെയില്‍ ഓംവെദിന്റെ ചോരയില്‍ ഒരു ആക്ടിവിസ്റ്റ് എപ്പോഴും ഉണ്ടായിരിക്കണം.
ഇന്ത്യയിലെ ജാതിവ്യവസ്ഥ വേദങ്ങളുടെ നിര്‍മിതിയാണെന്നും ഹിന്ദുത്വം എന്നല്ല ബ്രാഹ്മിണിസം എന്നാണ് അതിനെ വിളിക്കേണ്ടത് എന്നുമായിരുന്നു അവരുടെ സുചിന്തിതമായ നിലപാട്. വേദങ്ങള്‍ പുണ്യഗ്രന്ഥങ്ങളാണെന്ന നിലപാടിനെ അവര്‍ തള്ളിക്കളഞ്ഞു. ഒരിക്കല്‍ അന്നത്തെ ബി.ജെ.പി അധ്യക്ഷന്‍ ബംഗാരു ലക്ഷ്ണനെഴുതിയ ഒരു കത്തില്‍ യുദ്ധത്തെയും കന്നുകാലി മോഷണത്തെയും ആക്രമണങ്ങളെയുമൊക്കെ പ്രോത്സാഹിപ്പിക്കുന്ന രചനകള്‍ എങ്ങനെ പുണ്യകൃതികളാവും എന്നവര്‍ തുറന്നു ചോദിക്കുകയുണ്ടായി. സിന്ധു നദീതടങ്ങളിലെ ജനത സൃഷ്ടിച്ച എല്ലാ നിര്‍മാണങ്ങളെയും ആര്യന്മാര്‍ നശിപ്പിച്ചു. എങ്ങനെയാണ് ഈ ആര്യന്മാര്‍ ഉത്തമരും ദസ്യുക്കള്‍ അധമരുമാവുക. ഒരു വശത്ത് ജാതിവിവേചനം നടപ്പില്‍വരുത്തുമ്പോള്‍ മറുവശത്ത് താഴ്ന്ന ജാതിക്കാരെ കൂടി ഉള്‍ക്കൊള്ളിച്ചു ഹിന്ദു ഐക്യം സ്ഥാപിക്കുന്നതിനെ തുടര്‍ന്നെതിര്‍ക്കുന്ന നിലപാടാണ് അവരുടേത്. ഗെയില്‍ ഓംവെദിന്റെ നിര്യാണത്തോടെ ആര്‍ജവമുള്ള ഒരു ആക്ടിവിസ്റ്റിനെയാണ് നമുക്ക് നഷ്ടമായത്.
ഗെയിലിനെ അര്‍ബന്‍ നക്‌സലുകളുടെ കൂട്ടത്തില്‍ പെടുത്തിയിരുന്നുവോ ഭരണകൂടം? പൗരാവകാശ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങേണ്ടിവരുന്ന ദുരിതങ്ങള്‍ അവര്‍ ഏറ്റുവാങ്ങേണ്ടി വരാഞ്ഞത് ഭാഗ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."