'രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു' മന്‍മോഹന്‍ സിങ്ങിനെ വാനോളം പുകഴ്ത്തി ഗഡ്കരി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിങ്ങിന്റെ സാമ്പത്തിക നയങ്ങളെ വാനോളം പുകഴ്ത്തി ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി. സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ക്ക് രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ടി.ഐ.ഒ.എല്‍ ('ടാക്‌സ്ഇന്ത്യ ഓണ്‍ലൈന്‍') അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കവേയാണ് ഗഡ്കരിയുടെ പരാമര്‍ശം.
'ദരിദ്രര്‍ക്ക് കൂടി ഗുണം ലഭിക്കണമെന്ന ഉദ്ദേശത്തോടെ ഇന്ത്യയ്ക്ക് ഒരു ഉദാര സാമ്പത്തിക നയം ആവശ്യമാണ്. 1991ല്‍ മന്‍മോഹന്‍സിങ് ധനമന്ത്രിയായിരിക്കെ തുടക്കമിട്ട സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഉദാര സമ്പദ്‌വ്യവസ്ഥയിലേക്ക് നയിച്ചു. ഇത് ഇന്ത്യക്ക് ഒരു പുതിയ ദിശാബോധം നല്‍കി. ഇക്കാര്യത്തില്‍ രാജ്യം മന്‍മോഹന്‍ സിങ്ങിനോട് കടപ്പെട്ടിരിക്കുന്നു' കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രിയായഗഡ്കരി പറഞ്ഞു. നോട്ട് നിരോധനത്തിന്റെ വാര്‍ഷികദിവസമായ ഇന്നലെയായിരുന്നു ഈ പുകഴ്ത്തല്‍ എന്നതും ശ്രദ്ധേയമായി.
മന്‍മോഹന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കാരണം 1990 കളുടെ മധ്യത്തില്‍ താന്‍ മഹാരാഷ്ട്രയില്‍ മന്ത്രിയായിരുന്നപ്പോള്‍ റോഡുകള്‍ നിര്‍മ്മിക്കാന്‍ പണം സ്വരൂപിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം അനുസ്മരിച്ചു. ഉദാരവത്കരണ സാമ്പത്തിക നയം കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടിയുള്ളതാണെന്നും ഗഡ്കരി പറഞ്ഞു.
പ്രസംഗത്തിനിടെ ചൈനീസ് സാമ്പത്തിക വ്യവസ്ഥയെയും ഗഡ്കരി പുകഴ്ത്തി. ലിബറല്‍ സാമ്പത്തിക നയം രാജ്യത്തിന്റെ വികസനത്തിന് സഹായിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ചൈനയെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് ഇന്ത്യയില്‍ കൂടുതല്‍ മൂലധന നിക്ഷേപം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ദേശീയപാത നിര്‍മ്മാണത്തിനായി നാഷനല്‍ ഹൈവേ അതോറിറ്റി (എന്‍എച്ച്എഐ) സാധാരണക്കാരില്‍ നിന്ന് പണം സ്വരൂപിക്കുന്നുണ്ട്. തന്റെ മന്ത്രാലയം 26 പുതിയ എക്‌സ്പ്രസ് വേകള്‍ നിര്‍മ്മിക്കുന്നുണ്ട്. എന്നാല്‍, പണത്തിന്റെ ക്ഷാമം നേരിടുന്നില്ല. എന്‍എച്ച്എഐയുടെ ടോള്‍ വരുമാനം നിലവില്‍ പ്രതിവര്‍ഷം 40,000 കോടി രൂപയില്‍ നിന്ന് 2024 അവസാനത്തോടെ 1.40 ലക്ഷം കോടി രൂപയായി ഉയരും' അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."