വീണ്ടുമൊരു പശ്ചിമേഷ്യൻ യുദ്ധത്തിനു വഴിവെട്ടുന്ന അമേരിക്ക
മർവാൻ ബിഷാറ
ഇസ്റാഇൗൽ ഫലസ്തീനിൽ വംശഹത്യായുദ്ധം നടത്തുമ്പോൾ പശ്ചിമേഷ്യയിൽ പൊലിസു കളിക്കാൻ വീണ്ടും എത്തുകയാണ് അമേരിക്ക.തങ്ങളുടെ ഏറ്റവും വേണ്ടപ്പെട്ട സഖ്യകക്ഷിക്കുവേണ്ടി മധ്യപൂർവേഷ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ അമേരിക്ക, പറഞ്ഞതെല്ലാം അന്വർഥമാക്കുന്നതിനെന്നോണം രണ്ട് യുദ്ധക്കപ്പലുകളാണ് വിന്യസിച്ചിട്ടുള്ളത്. അമേരിക്കൻ സന്ദേശം ദൃഢമാക്കുന്നതിനുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെയും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ആസ്റ്റിനെയും ഇസ്റാഇൗലിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബർ ഏഴിനു നടന്ന ആക്രമണത്തിന്റെ ക്രൂരത എടുത്തുകാണിക്കുന്നതിന് ഹമാസിനെ ഇസ് ലാമിക് സ്റ്റേറ്റുമായാണ് അമേരിക്കൻ പ്രതിനിധികൾ തുലനം ചെയ്തിട്ടുള്ളത്.
അതുവഴി, ഈ പ്രശ്നത്തിൽ നയതന്ത്ര പരിഹാരമില്ലെന്നും പകരം സൈനിക ശക്തിയിലൂടെ തന്നെയാണ് നേരിടാൻ പോകുന്നതെന്നും അമേരിക്ക പ്രഖ്യാപിക്കുന്നു. ഹമാസിനെ ഇസ്‌ലാമിക് സ്റ്റേറ്റിനു സമമാക്കി ചിത്രീകരിക്കുന്നതിലൂടെ ഗസ്സയെ നീണ്ടുനിൽക്കുന്ന ദുരന്തയുദ്ധത്തിലേക്ക് തള്ളിവിടാനുള്ള അനിയന്ത്രിത അധികാര പത്രം ഇസ്റാഇൗലിന് അമേരിക്ക നൽകിക്കഴിഞ്ഞു. അക്രമ തീവ്രത കുറയ്ക്കാനും വെടിനിർത്താനും ആവശ്യപ്പെട്ടുകൊണ്ടുമുള്ള അറബ് പ്രതികരണങ്ങളോട് മുഖം തിരിച്ച അമേരിക്ക, ഇസ്റാഇൗലിന്റെ എക്കാലത്തെയും യുദ്ധക്കുറ്റങ്ങൾക്ക് ചൂട്ടുപിടിക്കുകയാണ്. കൂടാതെ, അറബ് രാജ്യങ്ങളോടും ഫലസ്തീൻ ഭരണകർത്താക്കളോടും ഹമാസിനെ അപലപിക്കാനും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ബഹ്റൈനും യു.എ.ഇയും ഒഴികെയുള്ള രാജ്യങ്ങൾ അമേരിക്കയുടെ ഈ ആവശ്യം നിരസിച്ചിട്ടുണ്ട്.
അമേരിക്കൻ സമ്മർദംമൂലം അറബ് ലീഗിലെ വിദേശകാര്യ മന്ത്രിമാർ കെയ്റോയിൽവച്ച് അടിയന്തര യോഗം കൂടുകയും ശേഷം അനുനയ സ്വഭാവത്തിലുള്ള പ്രസ്താവന ഇറക്കുകയും ചെയ്തു. ചരിത്രത്തിലാദ്യമായി, ഇസ്റാഇൗലിന്റെയും ഫലസ്തീനിന്റെയും ചെയ്തികളെ സമമായി കണ്ട ഇവർ, ഇരുകൂട്ടരും അതതു രാജ്യങ്ങളിലെ പൗരന്മാർക്കു നേരെ ആക്രമണം അഴിച്ചുവിടുന്നതിനെ അപലപിക്കുകയും ചെയ്തു. അറബ് ഭരണകൂടങ്ങളുടെ ഔദ്യോഗിക പ്രസ്താവനകൾക്കപ്പുറം അറബ് ജനതയുടെ വികാരം പൂർണമായും ഫലസ്തീനൊപ്പം തന്നെയാണെന്നാണ് മനസിലാക്കേണ്ടത്. പ്രതിഷേധങ്ങൾ അനുവദിക്കപ്പെട്ടിടങ്ങളിലെല്ലാം ഫലസ്തീനെ പിന്തുണച്ചുകൊണ്ട് ജനങ്ങൾ വന്നുനിറയുകയാണ്.
വർഷാവർഷങ്ങളായി, അറബ് ലോകത്തിന്റെ പ്രധാന ആവശ്യമെന്നോണം ഫലസ്തീനുള്ള പിന്തുണ അറബ് രാജ്യങ്ങളിൽ നിന്നുണ്ടായിട്ടുണ്ട്. കൂടാതെ, അറബ് മേഖലയിൽ അധീശാധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്ന അമേരിക്കയ്ക്കെതിരായി വലിയൊരു ജനവികാരവും കാലങ്ങളായി വളർന്നുവന്നിട്ടുണ്ട്. യഥാർഥത്തിൽ, നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പരിശ്രമങ്ങളിൽ ഫലസ്തീനികളിലും അറബ് സമരങ്ങളിലും വ്യക്തമായൊരു സംഘപ്രവർത്തനം തന്നെയുണ്ടെന്നതും പ്രകടമാണ്. ന്യൂയോർക്ക് ടൈംസ് ഈയടുത്ത് പ്രസിദ്ധീകരിച്ചൊരു ലേഖനം അവസാനിപ്പിക്കുന്നത്,
‘ഇസ്റാഇൗൽ അധിനിവേശത്തിനെതിരേ ഫലസ്തീനെ പിന്തുണക്കുന്നതുപോലും അനീതിക്കും അടിച്ചമർത്തലിനുമെതിരേയുള്ള പോരാട്ടമായാണ് അറബികളും മുസ് ലിംകളും ബന്ധപ്പെടുത്തുന്നത്’ എന്നാണ്. എന്നാൽ, ഈ നേർസാഹചര്യത്തിൽപോലും അന്ധരെപ്പോലെ അഭിനയിക്കുകയാണ് ബൈഡൻ ഭരണകൂടം.
ഗസ്സയിൽ തടവിലാക്കിയിരിക്കുന്ന ഇസ്റാഇൗലികളെ സ്വതന്ത്രരാക്കാൻ ഹമാസിന്മേൽ സമ്മർദം ചെലുത്തണമെന്ന് ഹമാസുമായി ബന്ധമുള്ള അറബ് രാജ്യങ്ങളോട് ബ്ലിങ്കൻ നിർബന്ധപൂർവം ആവശ്യപ്പെട്ടതും അമേരിക്കയുടെ ഇസ്റാഇൗൽ അനുകൂല നിലപാടിന്റെ ഭാഗമായാണ്.
ഹമാസിനെ പൂർണമായും ഇല്ലാതാക്കും എന്നു പൊതുമധ്യത്തിൽ തറപ്പിച്ചു പറയുന്ന ഇസ്റാഇൗലും അമേരിക്കയും ഫലസ്തീനികളുടെ സുരക്ഷയ്ക്ക് ഒരു പരിഗണനയും നൽകുന്നില്ലെന്ന് വ്യക്തമാണ്. ഈ കഴിഞ്ഞ ദിവസങ്ങളിൽ ഗസ്സയിൽ അതിക്രൂരമായ ബോംബാക്രമണങ്ങൾ നിരന്തരമായി നടന്നിട്ടും, ഒരിക്കൽപോലും ഫലസ്തീനികളുടെ ദുരിതത്തെക്കുറിച്ച് അമേരിക്ക ഒരു പരാമർശവും നടത്തിയിട്ടില്ല. എന്നാൽ, ഹമാസ് മനുഷ്യകവചങ്ങളായി ഫലസ്തീനികളെ ഉപയോഗിക്കുന്നു എന്ന പരാമർശം ഇക്കൂട്ടരിൽ നിന്നുണ്ടായിട്ടുണ്ട്. അറബ് നേതാക്കളുമായുള്ള യോഗത്തിനു ശേഷം മാത്രമാണ് മനുഷ്യത്വപരമായ സഹായത്തെക്കുറിച്ച് അവ്യക്തമായെങ്കിലും ബൈഡൻ പരാമർശിച്ചത്.
ഏതുനേരവും പ്രതീക്ഷിക്കാവുന്ന ഒരു ആക്രമണത്തെക്കുറിച്ച് ഇസ്റാഇൗൽ ഫലസ്തീനികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 1.1 മില്യൻ ഫലസ്തീനികളോട് ഇരുപത്തിനാലു മണിക്കൂറിനകം ഗസ്സ മുനമ്പിന്റെ വടക്കുഭാഗത്തുനിന്ന് തെക്കുഭാഗത്തേക്ക് മാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഗസ്സയിൽനിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കാനുള്ള ഈ ഇസ്റാഇൗൽ തന്ത്രം സുരക്ഷ മുൻനിർത്തിയാണെന്നാണ് അമേരിക്കൻ വാദം.
മനുഷ്യത്വാധിഷ്ഠിത കവാടത്തിലൂടെ ഫലസ്തീനികൾ സുരക്ഷിതരായേക്കാവുന്ന ഈജിപ്ഷ്യൻ സിനാഇ ഉപദ്വീപിലേക്ക് ഒഴിപ്പിക്കുക എന്ന തന്ത്രത്തിനൊപ്പമാണ് അമേരിക്കയും. എന്നാൽ കുടിയിറക്കപ്പെടുന്നതിന്റെ വേദന ആവോളം പേറിയ ഫലസ്തീനികളെ സംബന്ധിച്ച്, അമേരിക്കയും ഇസ്റാഇൗലും ചൂണ്ടിക്കാട്ടുന്ന മനുഷ്യത്വാധിഷ്ഠിത കവാടവും ഇവരെ അധിവസിപ്പിക്കാനുള്ള സിനാഇ ഉപദ്വീപിലെ കൂടാര നഗരങ്ങളും നിർദയമായ കുടിയിറക്കലിന്റെയും വംശീയ ഉന്മൂലനത്തിലേക്കുമുള്ള പാതകളാണ്.
എന്നാൽ അറബ് രാഷ്ട്രങ്ങളിൽനിന്ന് ഈ കുടിലപദ്ധതിക്ക് പിന്തുണ ലഭിക്കില്ലെന്നു മനസ്സിലാക്കിയതോടെ ബ്ലിങ്കൻ അടവുനയത്തിൽ മാറ്റംവരുത്തി. ഗസ്സ മുനമ്പിലെ തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഫലസ്തീനികളെ മാറ്റിപ്പാർപ്പിക്കാം എന്നതാണ് ഈ പദ്ധതി. ഫലസ്തീനികളെ സംബന്ധിച്ച്, തങ്ങളുടെ കിടപ്പാടങ്ങളിൽനിന്ന് ഒഴിഞ്ഞുകൊടുത്ത്, സുരക്ഷിതമെന്ന് ഇസ്റാഇൗൽ വിശേഷിപ്പിക്കുന്നിടങ്ങളിലേക്ക് മാറേണ്ടിവരുന്നതും ഭയാനകം തന്നെയാണ്. എന്നാൽ, സകല അടിസ്ഥാന സൗകര്യങ്ങൾക്കും മേൽ ഇസ്റാഇൗൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ആയിരക്കണക്കിനു ഫലസ്തീനികളെ ഭക്ഷണവും പാർപ്പിടവും തേടി അതിർത്തികളിലേക്ക് തള്ളിവിടുമെന്നത് തീർച്ച. ഒടുവിൽ, ഈജിപ്തിലേക്കുതന്നെ ഇവർ കുടിയേറേണ്ടതായും വരും.
ഈ ആസന്ന സാഹചര്യത്തെക്കുറിച്ച് ആകുലനായ ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്തഹ് അൽ സീസി കെയ്റോയിലെ യോഗത്തിനിടെ മധ്യേഷ്യൻ യാഥാർഥ്യത്തെക്കുറിച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയോട് മാധ്യമങ്ങളുടെ മുമ്പാകെ വിശദമായി സംസാരിച്ചു. ഇസ്റാഇൗലിന്റെ ആക്രമണം സ്വയം പ്രതിരോധം എന്നതിലും കടന്നുപോയെന്നും പറഞ്ഞു. അയൽരാജ്യങ്ങളെ മുന്നിൽകണ്ടുകൊണ്ട് ഫലസ്തീനികളെ അനാഥരാക്കുന്ന സാഹചര്യമുണ്ടായാൽ മധ്യേഷ്യയിൽ നിന്നാകമാനം അതിന്റെ പ്രത്യാഘാതം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
അമേരിക്ക ഇസ്റാഇൗലിനു നിസ്സീമ പിന്തുണ നൽകുന്നുണ്ടെങ്കിൽ കൂടിയും ഇതവരുടെ അവസാന യുദ്ധമാണെന്നതിനു തെളിവുകളൊന്നുമില്ല. അതുകൊണ്ടുതന്നെ, ഗസ്സയിൽ പുതിയൊരു അധിനിവേശം നടത്തുന്നത് വലിയൊരു തെറ്റായിരിക്കുമെന്നും ജോ ബൈഡൻ ഇസ്റാഇൗലിനെ ഉപദേശിച്ചിട്ടുണ്ട്. യുദ്ധത്തിന്റെ തീവ്രത കുറയ്ക്കാനും വെടിനിർത്തൽ ആരംഭിക്കാനും ആവശ്യപ്പെടുന്നതിനു പകരം, ഹമാസിനെ തളയ്ക്കാനെന്ന പേരിൽ മറ്റൊരു ഫലസ്തീനിയൻ നഖ്ബക്കുള്ള വഴിയൊരുക്കുകയാണ് ബൈഡൻ ഭരണകൂടം.
ഇത് മുമ്പത്തേക്കാൾ തീവ്രമായ പ്രാദേശിക അസന്തുലിതാവസ്ഥയ്ക്കും ആക്രമണത്തിനും കാരണമാവും. കൂടാതെ, ഇസ്റാഇൗലിന്റെ എല്ലാ കൊള്ളരുതായ്മക്കും ചുക്കാൻ പിടിക്കുന്നുവെന്ന കാരണത്താൽ അമേരിക്കൻ വിരുദ്ധവികാരവും ശക്തമാവും.
നിലവിലെ ഇസ്റാഇൗൽ-ഫലസ്തീൻ സാഹചര്യത്തിൽ മധ്യപൂർവേഷ്യയിൽ സന്ദർശനം തുടരുകയാണ് ബ്ലിങ്കൻ. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറബ്ദുല്ലാഹിയനും വിവിധ അറബ് തലസ്ഥാനങ്ങളിൽ ഇവ്വിഷയകമായി സന്ദർശനം നടത്തിയിരുന്നു. ഇപ്പോൾ നടക്കുന്ന യുദ്ധത്തിൽ ഹിസ്ബുല്ലകൂടി ചേർന്നാൽ ഇത് മധ്യപൂർവേഷ്യയെ ആകമാനം ബാധിക്കുന്ന യുദ്ധമായി തീരുമെന്നും ഇത് ഇസ്റാഇൗലിനെ പിടിച്ചുകുലുക്കുന്ന ഒന്നാകുമെന്നും അമേരിക്കൻ ഭീഷണിയെ വകവയ്ക്കാതെ ഇറാൻ ഇസ്റാഇൗലിനു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
നിലവിൽ, ലെബനീസ് അതിർത്തിയിൽ ഇസ്റാഇൗലും ഹിസ്ബുല്ലയും സംഘർഷത്തിലാണ്. ദശകങ്ങളായി നയതന്ത്രപരമായും സമരതന്ത്രപരമായും മധ്യേഷ്യയിൽ അമേരിക്ക പരാജയപ്പെടുന്നതാണ് നാം കണ്ടത്. യുദ്ധത്തിൽ പരാജയപ്പെടുന്നതും സമാധാന ചർച്ചകൾ സാധ്യമാക്കുന്നതിലും അവർ അമ്പേ പരാജയമായിരുന്നു. അതുവഴി, മധ്യപൂർവേഷ്യയിൽ എങ്ങനെ കലാപമുണ്ടാക്കാം എന്നതിൽ ആകൃഷ്ടരായിരിക്കുകയാണ് യു.എസ്.
മറ്റൊരു പ്രാദേശിക സംഘർഷത്തെ മുതലെടുത്തുകൊണ്ട് ഒരു മധ്യപൂർവേഷ്യൻ യുദ്ധത്തിലേക്കാണ് അവർ വഴിവെട്ടുന്നത്. ഇനി ഇത്തരം വിഷയങ്ങളിൽ അമേരിക്കയ്ക്ക് ഇടപെടണമെങ്കിൽ തന്നെ, അത് സമാധാനവും നീതിയും കാംക്ഷിച്ചുകൊണ്ടുള്ള ഇടപെടലുകളായിരിക്കണം. അല്ലാതെ വംശഹത്യക്കും യുദ്ധത്തിനും വേണ്ടിയാവരുത്.
(എഴുത്തുകാരനും രാഷ്ട്രീയ വിശകലന വിദഗ്ധനുമായ ലേഖകൻ അൽ ജസീറയിൽ എഴുതിയത്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."