മരംമുറി അഴിമതിയും 'നല്ല രീതിയില്‍' തീര്‍ക്കുമായിരിക്കും
കുണ്ടറ പീഡനക്കേസ് നല്ല രീതിയില്‍ തീര്‍ക്കണമെന്ന് പെണ്‍കുട്ടിയുടെ പിതാവിനെ ഉപദേശിച്ച വനം മന്ത്രി എ.കെ ശശീന്ദ്രന് പൊലിസ് ക്ലീന്‍ചിറ്റ് നല്‍കിയത് നിഘണ്ടുവിന്റെ സഹായത്താലായിരുന്നു. 'നല്ല രീതിയില്‍' തീര്‍ക്കണമെന്നത് മന്ത്രിയുടെ സദുദ്ദേശപരമായ നിലപാടാണെന്നാണ് നിഘണ്ടു പരതി പൊലിസ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്നായിരിക്കണം വനം മന്ത്രി എ.കെ ശശീന്ദ്രന് നിഘണ്ടുവിലുള്ള വിശ്വാസം വര്‍ധിച്ചിരിക്കുന്നതെന്ന് തോന്നുന്നു. മരംമുറി കേസ് അന്വേഷണം നല്ല രീതിയില്‍ മുമ്പോട്ടുപോവുന്നു എന്നാണ് കഴിഞ്ഞ ദിവസവും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ബാക്കി നിഘണ്ടു നോക്കിക്കൊള്ളുമെന്ന ഉത്തമവിശ്വാസത്തിലായിരിക്കണം മന്ത്രി ഇങ്ങനെ പറഞ്ഞിട്ടുണ്ടാവുക. എന്നാല്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ നിഘണ്ടു വ്യാഖ്യാനത്താല്‍ തീര്‍ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. നല്ല രീതിയില്‍ തീരേണ്ട വിഷയവുമല്ല മുട്ടില്‍ മരംമുറി അഴിമതി. കേസ് അട്ടിമറിക്കാനും കേസ് അന്വേഷിച്ച ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എം.കെ സമീറിനെ കള്ളക്കേസില്‍ കുടുക്കാനും സോഷ്യല്‍ ഫോറസ്റ്ററി കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജനും മരംമുറിക്കേസിലെ പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍, ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മടം എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.
മരം മുറിക്കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങള്‍ പ്രതികളാണെന്ന പൂര്‍ണ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്, പ്രതികളെ രക്ഷിക്കാനും സത്യസന്ധമായി കേസ് അന്വേഷിച്ച ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എം.കെ സമീറിനെ കള്ളക്കേസില്‍ കുടുക്കാനും ധര്‍മടം സ്വദേശി എന്‍.ടി സാജന്‍ കരുക്കള്‍ നീക്കിയത്. അതിനായി സാജന്‍ കണ്ടെത്തിയത് മണിക്കുന്നു മലയിലെ സ്വകാര്യ ഭൂമിയില്‍ നിന്നു മരം മുറിച്ചതില്‍ എം.കെ സമീറിന് പങ്കുണ്ടെന്ന് കള്ള റിപ്പോര്‍ട്ട് എഴുതുക എന്നതായിരുന്നു. സമീര്‍ ചുമതലയേല്‍ക്കും മുമ്പുള്ള മരം മുറിയിലാണ് മരംമുറിച്ചതിന്റെ പേരില്‍ സമീറിനെതിരേ സാജന്‍ കള്ളക്കേസ് ചുമത്തിയത്. ഇതിനുശേഷം മറ്റൊരു ധര്‍മടം സ്വദേശിയായ ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മടം എം.കെ സമീറിനെതിരേ മണിക്കുന്നു മലയിലെ മരംവെട്ട് സംബന്ധിച്ചു കേസെടുക്കാന്‍ ഫെബ്രുവരി പത്തിന് കോഴിക്കോട് ഫ്‌ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒയെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ എ.പി.സി.സി.എഫ് രാജേഷ് രവീന്ദ്രന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ വിവരങ്ങളെല്ലാം വ്യക്തമായി പറയുന്നുണ്ട്. ഇവര്‍ രണ്ടു പേരും മുഖ്യമന്ത്രിയുടെ നാട്ടുകാരാണ്. ദീപക് ധര്‍മടം മുഖ്യമന്ത്രിയില്‍ തനിക്കുള്ള സ്വാധീനം മറ്റുള്ളവരെ അറിയിക്കാനായിരിക്കണം മുഖ്യമന്ത്രിയുമൊന്നിച്ചുള്ള ചിരിക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ടാവുക.
രാജേഷ് രവീന്ദ്രന്റെ റിപ്പോര്‍ട്ട് പ്രകാരം ഫെബ്രുവരി 14 നും മെയ് 26നും ഇടയ്ക്ക് സാജനും പ്രതി ആന്റോയും 86 തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇവരെ പരസ്പരം ബന്ധിപ്പിച്ചതാകട്ടെ മുഖ്യമന്ത്രിയുടെ നാട്ടുകാരനും അടുപ്പക്കാരനുമെന്ന് പറയപ്പെടുന്ന ദീപക് ധര്‍മടവും. ഇത്രയൊക്കെയായിട്ടും ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജന് ലഭിച്ച ശിക്ഷ ഏതൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും സാധാരണ ഗതിയില്‍ കിട്ടുന്ന സ്ഥലംമാറ്റം മാത്രമാണ്. ഇതായിരിക്കണം കേസ് നല്ല നിലയിലാണ് മുമ്പോട്ട് പോവുന്നതെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറയാന്‍ കാരണം. എം.കെ സമീറിനെ കേസില്‍ കുടുക്കാനായി അന്വേഷണത്തിനെന്ന വ്യാജേന മണിക്കുന്നു മലയിലേക്ക് സാജന്‍ പോയപ്പോഴും ആന്റോ അടക്കമുള്ള നാല് പ്രതികളും സാജനെ അനുഗമിച്ചിരുന്നുവെന്നും രാജേഷ് രവീന്ദ്രന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ കണ്ടെത്തലുകളെല്ലാം മറച്ചുവച്ചുകൊണ്ടാണ് എന്‍.ടി സാജനെതിരേയുള്ള നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു നിര്‍ദേശം പോയത്.
സാജനും ദീപക് ധര്‍മടവും ആശാസ്യമല്ലാത്ത രീതിയില്‍ കേസില്‍ ഇടപെട്ടിട്ടുണ്ടെന്ന് രാജേഷ് രവീന്ദ്രന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടും പ്രധാന പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് ഇവരുമായുള്ള ബന്ധവും ഇവര്‍ തമ്മില്‍ നടത്തിയ ഫോണ്‍ വിളികളുടെ വിശദാംശങ്ങളും റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടും വനം മന്ത്രി എ.കെ ശശീന്ദ്രന്‍ ഇവര്‍ക്കെതിരേ നടപടിയെടുക്കാതിരിക്കുന്നത് ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞുകൊണ്ടാണ്. ഏറ്റവും ഗുരുതരമായ പിഴവുകളാണ് സാജന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ഗൗരവമുള്ള നടപടി സ്വീകരിക്കണമെന്നും അന്വേഷണ കാലയളവില്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തണമെന്നും രാജേഷ് രവീന്ദ്രന്‍ ശുപാര്‍ശ നല്‍കിയതാണ്. ഇതു വനംവകുപ്പ് മേധാവിയും അംഗീകരിച്ചതാണ്. അന്തിമ തീരുമാനത്തിനായി ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ പോയതുമാണ്. ഫയലില്‍ സാജനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ ഉണ്ടായിരുന്നു. എന്നാല്‍ നടപടിയൊന്നും എടുക്കാതെ ഫയല്‍ ജൂലൈ 28ന് മുഖ്യമന്ത്രിയുടെ ഓഫിസ്, മന്ത്രി ശശീന്ദ്രന് തന്നെ തിരിച്ചയക്കുകയായിരുന്നു.
സാജനെ മന്ത്രി കൊല്ലത്തേക്ക് മാറ്റിയതല്ലാതെ മേല്‍നടപടികളൊന്നും സ്വീകരിച്ചില്ല. അതിനു മാത്രം ഗുരുതരമായ പിഴവുകളൊന്നും സാജനില്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് മന്ത്രി ശശീന്ദ്രന്റ വിശദീകരണം. എന്നാല്‍ കബളിപ്പിക്കപ്പെട്ട ആദിവാസികള്‍ക്കെതിരേ കേസെടുക്കാന്‍ വനം മന്ത്രിക്ക് എവിടെ നിന്നാണാവോ തെളിവുകള്‍ കിട്ടിയത്. നിഘണ്ടു നോക്കി നിയമോപദേശം പഠിച്ചശേഷം എല്ലാം 'നല്ല രീതിയില്‍' തീര്‍ക്കുമായിരിക്കും വനം മന്ത്രി എ.കെ ശശീന്ദ്രന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."