ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് താലിബാന്റെ മര്‍ദനം മാധ്യമപ്രവര്‍ത്തകര്‍ക്കും രക്ഷയില്ല
കാബൂള്‍: അഫ്ഗാന്‍ വാര്‍ത്താ ചാനലായ ടോളോ ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ക്കും കാമറാമാനും താലിബാന്‍ സേനയുടെ മര്‍ദനം. കാബൂളിലെ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയെ കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കുകയായിരുന്നു അവര്‍.
ഇതിന്റെ ഭാഗമായി തൊഴിലില്ലാത്ത യുവാക്കളെയും തൊഴിലാളികളെയും കാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് മര്‍ദനമെന്ന് ടോളോ ന്യൂസ് അറിയിച്ചു.
തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചെങ്കിലും കാമറയും മറ്റുപകരണങ്ങളും പിടിച്ചെടുത്ത അവര്‍ തോക്കുകൊണ്ട് അടിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടര്‍ സിയര്‍ യാദ് പറഞ്ഞു.
അതേസമയം മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റത് ഗൗരവമായി കാണുമെന്നും ഇതു സംബന്ധിച്ച് അന്വേഷിക്കുമെന്നും താലിബാന്‍ സാംസ്‌കാരിക വകുപ്പ് ഉപമേധാവി അഹ്മദുല്ല വാസിഖ് അറിയിച്ചു.
ഈ സംഭവം മാത്രമല്ല, മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേല്‍ക്കുന്നത് അന്വേഷിക്കും. ഇതിനു പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്നും അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാമെന്നും താലിബാന്‍ വക്താവ് പറഞ്ഞിരുന്നുവെങ്കിലും ജേണലിസ്റ്റുകള്‍ ആക്രമിക്കപ്പെട്ട ഒന്നിലേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്ത് തുടരണോ നാടുവിടണോ എന്ന കാര്യത്തില്‍ അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകര്‍ ആശങ്കയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവായ ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."