ക്രിക്കറ്റ് ലോകം ആകാംക്ഷയില്‍. അരങ്ങൊരുങ്ങുന്നത് ഇന്ത്യ-പാക് സ്വപ്‌ന ഫൈനലിനോ? വിക്കറ്റ് കീപ്പറെ തെരഞ്ഞെടുക്കുന്നതില്‍ ആശയക്കുഴപ്പം; ഫൈനല്‍ ഇലവന്‍ സാധ്യതകള്‍ ഇങ്ങനെ
സിഡ്‌നി: ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് മൈതാനത്ത് കൊമ്പുകോര്‍ക്കുമ്പോള്‍ എക്കാലവും കളത്തിന് പുറത്തേക്ക് അതിന്റെ മാനങ്ങള്‍ പടരാറുണ്ട്. ഇന്ന് ട്വന്റി-20 ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ ബദ്ധവൈരികള്‍ തമ്മിലുള്ള കലാശപ്പോരിന് അരങ്ങൊരുങ്ങുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പാകിസ്താന്‍ നേരത്തേ ഫൈനലിലെത്തിയിട്ടുണ്ട്.
സെമിഫൈനലിലെ അന്തിമ ഇലവനെ ഉടന്‍ പ്രഖ്യാപിക്കും. വിക്കറ്റ് കീപ്പറെ തെരഞ്ഞെടുക്കുന്നതിലാണ് വലിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. സൂപ്പര്‍ 12ലെ അഞ്ച് മല്‍സരങ്ങളില്‍ നാലിലും കളിച്ച ദിനേശ് കാര്‍ത്തികും സിംബാബ്‌വെക്കതിരേ കളിച്ച ഋഷഭ് പന്തും ഫോമില്‍ തന്നെ. ഇംഗ്ലണ്ടിനെതിരേ ഇതുവരെയുള്ള ഇരുവരുടെയും പ്രകടനവും അഡ്‌ലെയ്ഡ് ഓവലിലെ പിച്ചിന്റെ സ്വഭാവവും കൂടി പരിഗണിച്ചാവും ഇവരില്‍ ഒരാള്‍ക്ക് നറുക്ക് വീഴുക.
സ്റ്റംപിനു പിന്നിലെ പ്രകടനം മാത്രമല്ല, ബാറ്റിങ് മികവായിരിക്കും പ്രധാന മാനദണ്ഡം. സ്വന്തം നിലയില്‍ ടീമിനെ വിജയിപ്പിക്കാന്‍ കഴിവുള്ള താരമെന്ന ഖ്യാതി ദിനേശ് കാര്‍ത്തികിനുണ്ട്. ഋഷഭ് പന്തിനേക്കാള്‍ കാര്‍ത്തികിന് മുന്‍തൂക്കം നല്‍കുന്നത് ഫിനിഷറുടെ റോള്‍ തന്നെയാണ്. എന്നാല്‍ ലോകകപ്പില്‍ ലഭിച്ച രണ്ട് അവസരങ്ങളില്‍ ഇന്നിങ്‌സ് പൂര്‍ത്തിയാക്കുന്നതില്‍ കാര്‍ത്തിക് പരാജയപ്പെട്ടു എന്നതും കണക്കിലെടുക്കേണ്ടതുണ്ട്.
ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ പോരാട്ടത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ സാധ്യത ഇങ്ങനെയാണ്.
രോഹിത് ശര്‍മ: ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍. ലോകകപ്പില്‍ മികച്ച ഫോമിലായിരുന്നില്ല. തന്റെ പേരില്‍ ഒരു അര്‍ധ സെഞ്ച്വറി മാത്രം. ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ ഫോമിലേക്ക് തിരിച്ചുവരാനുള്ള മികച്ച അവസരമായിരിക്കും.
കെ.എല്‍ രാഹുല്‍: കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായി രണ്ട് അര്‍ധസെഞ്ചുറികള്‍ നേടി. ആദ്യ മൂന്ന് മത്സരങ്ങളില്‍ നഷ്ടപ്പെട്ട ഫോം രാഹുല്‍ ശരിക്കും വീണ്ടെടുത്തു. അഡ്‌ലെയ്ഡ് ഓവലില്‍ ഇംഗ്ലണ്ടിനെതിരേ രാഹുല്‍ വെടിക്കെട്ട് നടത്തേണ്ടത് ഇന്ത്യക്ക് ആവശ്യമാണ്.
വിരാട് കോഹ്‌ലി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ പോസ്റ്റര്‍ ബോയ് ആയ വിരാട് കോഹ്‌ലി തന്റെ യഥാര്‍ത്ഥ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. 5 മത്സരങ്ങളില്‍ നിന്ന് 246 റണ്‍സുമായി കോഹ്‌ലിയാണ് ടൂര്‍ണമെന്റിലെ സ്‌കോറിങ് ചാര്‍ട്ടില്‍ മുന്നില്‍. ഇംഗ്ലണ്ടിനെതിരായ അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യയുടെ സാധ്യതകളില്‍ നിര്‍ണായകമാകും.
സൂര്യകുമാര്‍ യാദവ്: 'പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്' സ്ഥാനത്തിനായി വിരാട് കോഹ്‌ലിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന സൂര്യകുമാര്‍ ലോകത്തിലെ എല്ലാ ബൗളര്‍മാര്‍ക്കും പേടിസ്വപ്‌നമാണ്. സൂര്യകുമാറിനെ നേരത്തേ തളയ്ക്കാന്‍ കഴിഞ്ഞാല്‍ ഇംഗ്ലണ്ടിന് അത് ഏറെ ഗുണംചെയ്യും.
ഹാര്‍ദിക് പാണ്ഡ്യ: കളിയുടെ മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുന്ന പ്രതിഭാധനനായ ഓള്‍റൗണ്ടര്‍. എന്നാല്‍ ഒരു ഫിനിഷര്‍ എന്ന നിലയില്‍ മെച്ചപ്പെട്ട പ്രകടനം ഇനിയും ഉണ്ടാവേണ്ടതുണ്ട്.
ഋഷഭ് പന്ത്: വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി ദിനേശ് കാര്‍ത്തികുമായി മല്‍സരിക്കുന്ന ഋഷഭ് പന്തിന് ഇന്ന് ഇടംലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. പരിചയസമ്പന്നനായ ബാറ്റ്‌സ്മാന്‍ എന്ന മുന്‍ഗണന കാര്‍ത്തിന് ഉണ്ടെങ്കിലും.
അക്‌സര്‍ പട്ടേല്‍: ഏറ്റവും മികച്ച ഫോമിലല്ലെങ്കിലും ഇംഗ്ലണ്ടിനെതിരേ അക്‌സര്‍ പുറത്താകുമെന്ന് പ്രതീക്ഷിക്കുന്നില്ല. അദ്ദേഹത്തിന്റെ ഇടംകൈയ്യന്‍ സ്പിന്‍ ബൗളിങും വാലറ്റത്ത് റണ്‍സ് നേടാനുള്ള കഴിവും ഇന്ത്യക്ക് ഏറെ പ്രയോജനപ്പെടും.
രവിചന്ദ്രന്‍ അശ്വിന്‍: സമ്മര്‍ദം ഉള്‍ക്കൊള്ളാനും പിരിമുറുക്കമുള്ള സാഹചര്യങ്ങളെ നേരിടാനുമുള്ള വെറ്ററന്‍ ഓഫ് സ്പിന്നറുടെ കഴിവ് ടീമിന് മുതല്‍ക്കൂട്ടാണ്.
ഭുവനേശ്വര്‍ കുമാര്‍: ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ട്‌ലറിനെതിരേ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ വെറ്ററന്‍ സീമര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇന്ന് തുരുപ്പ്ചീട്ടായി ഭുവനേശ്വറിനെ രോഹിത് ഉപയോഗിച്ചേക്കും.
മുഹമ്മദ് ഷമി: അടുത്തിടെ നടന്ന ടൂര്‍ണമെന്റുകളിലൊന്നും ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരില്‍ ഉള്‍പ്പെടാനായിട്ടില്ലെങ്കിലും വലിയ മല്‍സരങ്ങളില്‍ പന്തെറിയാനുള്ള അനുഭവപരിചയം ഷമിക്ക് മേല്‍ക്കൈ നല്‍കുന്നു.
അര്‍ഷ്ദീപ് സിങ്: ഈ ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറായ അര്‍ഷ്ദീപ് ഇതുവരെ 10 വിക്കറ്റുകള്‍ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."