മതവിദ്വേഷം ഗാലറികളിലും ഉയരുമ്പോൾ
ഡോ.അബേഷ് രഘുവരൻ
ഇംഗ്ലിഷുകാർ സമയം കൊല്ലാനായി തുടങ്ങിയ വിനോദമായാണ് ക്രിക്കറ്റിനെ കണക്കാക്കപ്പെടുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ കല്ലുകൊണ്ടുള്ള ബോളും ഹോക്കി സ്റ്റിക്ക് പോലെയുള്ള മരക്കമ്പും ഉപയോഗിച്ച് കളിച്ച ക്രിക്കറ്റ് ഇന്ന് ലോകത്തെ ഏറ്റവും പ്രചാരമുള്ള കളികളിൽ ഒന്നാണ്. രാജ്യങ്ങൾ തമ്മിലുള്ള ഓരോ കായികമത്സരവും തുടങ്ങുന്നതും അവസാനിക്കുന്നതും പരസ്‌പരം ഹസ്‌തദാനം നടത്തിക്കൊണ്ടും പുണർന്നുകൊണ്ടുമാണ്. ആ രണ്ടു ഹസ്തദാനങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരത്തിന്റെ സ്പിരിറ്റ് ചോരാതെയുള്ള വാഗ്വാദങ്ങളും വഴക്കുമൊക്കെ ഉണ്ടാകാറുമുണ്ട്. മാത്രമല്ല,
കാണികൾ ഓരോ ടീമിനും വേണ്ടി ചേരിതിരിഞ്ഞു അക്രമം അഴിച്ചുവിട്ട സംഭവങ്ങളും, മരണങ്ങൾപോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ഇന്ത്യ-പാകിസ്താൻ ലോകകപ്പ് മാച്ചിൽ മുഹമ്മദ് റിസ്‌വാൻ ഔട്ടായി മടങ്ങുമ്പോൾ ഗാലറികളിൽ നിന്നുയർന്ന 'ജയ് ശ്രീറാം' വിളികൾ ഇന്ത്യ പോലെയൊരു മതേതര രാജ്യത്തിന് ചേർന്നതാണോ എന്ന ചോദ്യത്തിന് ആ ശബ്‌ദം ഉയർന്ന കണ്ഠങ്ങൾക്ക് ധാരാളം ന്യായങ്ങൾ നിരത്തുവാനുണ്ടാകും. എന്നാൽ ഇന്ത്യയുടെ പാരമ്പര്യവും ആതിഥേയമര്യാദയും സർവോപരി വിദ്യാസമ്പന്നതയും ആ ഒരൊറ്റ പ്രവൃത്തികൊണ്ട് നാം മായ്ച്ചുകളഞ്ഞു എന്നുതന്നെ പറയേണ്ടിവരും.
ഒരുവർഷം മുമ്പ് ഇതേ സ്‌റ്റേഡിയത്തിൽ പാകിസ്താനുമായുള്ള മത്സരത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ ജയ് ഹോ, വന്ദേമാതരം എന്നിവ മുഴങ്ങിക്കേട്ടപ്പോൾ ഉണ്ടായ രോമാഞ്ചം ഒരുവർഷത്തിനിപ്പുറം വർഗീയ വിഷം നിറച്ച ആക്രോശങ്ങൾ ഉണ്ടായപ്പോൾ ഞെട്ടലിനപ്പുറം നിരാശകലർന്ന വേദനയാണ് ഓരോ ശരാശരി ഇന്ത്യക്കാരനും ഉണ്ടാക്കിയത് എന്ന കാര്യത്തിൽ സംശയമില്ല.
ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. ഒരുപക്ഷേ ലോകത്തു മതവും മതവിശ്വാസികളും ഇല്ലാത്ത രാജ്യങ്ങളും മതത്തിൽ അധിഷ്ഠിതമായി മുന്നോട്ടുപോകുന്ന രാജ്യങ്ങളും ഉണ്ടെങ്കിലും ഇത്രയേറെ മതങ്ങളും ജാതിവർഗങ്ങളും കൊണ്ട് സമ്പന്നമായ, എന്നാൽ അവരെല്ലാം ഒരേ മനസോടെ രാജ്യത്തിൻ്റെ മതേതരത്വത്തെ മാനിച്ചുകൊണ്ട് അവരവരുടെ മതവിശ്വാസങ്ങളെ ബഹുമാനിച്ചുകൊണ്ട് ജീവിച്ചുപോരുന്ന ഇന്ത്യപോലെ മറ്റൊരു രാജ്യം നമുക്ക് കാണാനാവില്ല. സ്വാതന്ത്ര്യാനന്തരം ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ എല്ലാം തന്നെ ഈ മതേതരബോധത്തിൽ നാം കെട്ടിപ്പടുത്തിയ ശാസ്ത്രബോധത്തിന്റെ അനന്തരഫലങ്ങൾ തന്നെയായിരുന്നു.
സനാതനധർമം തന്നെ 'അതിഥി ദേവോ ഭവ' എന്ന മന്ത്രത്തിൽ അധിഷ്ഠിതമാണല്ലോ. അതിഥികളെ ദൈവമായി കാണുന്ന രീതി നമുക്ക് പാരമ്പര്യമായി ലഭിച്ചതുമാണ്. എന്നാൽ ഇതേ സനാതനധർമം ഉയർത്തിപ്പിടിക്കുന്നവർ തന്നെ കേവലമൊരു ബാറ്റർ ഔട്ടായപ്പോൾ ജയ് ശ്രീറാം വിളിയുമായി ആക്രോശിച്ചത് അവർ പിന്തുടരുന്ന തത്വശാസ്ത്രത്തിൽനിന്ന് എത്രമാത്രം അകൽച്ചയിലേക്ക് കൂപ്പുകുത്തുന്നു എന്നത് പ്രകടമാക്കുന്നു.
തീർച്ചയായും ഇത് ഒറ്റപ്പെട്ട സംഭവമല്ല. മുമ്പ് ഇന്ത്യ തോറ്റപ്പോൾ പാകിസ്താൻ താരങ്ങളിൽ നിന്നും കളിക്കാരിൽ നിന്നും ഒക്കെ ഇന്ത്യയ്ക്കും ഇതുപോലെയുള്ള ചില നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. റിസ്‌വാനെതിരേ ഇപ്പോൾ ഉണ്ടായ സംഭവവും അതുകാരണം തന്നെ പലരും ന്യായീകരിക്കുന്നുമുണ്ട്. എന്നാൽ പാകിസ്താൻ എന്ന മതരാഷ്ട്രത്തെയും ഇന്ത്യ എന്ന മതേതര രാഷ്ട്രത്തെയും തമ്മിൽ ഇക്കാര്യത്തിൽ താരതമ്യം ചെയ്യുന്നതാണ് ഏറ്റവും തെറ്റായ കാര്യം. റിസ്‌വാൻ എന്ന ബാറ്റർ ക്രിക്കറ്റ് ഗ്രൗണ്ടിൽ ദൈവത്തിന് നന്ദി പ്രകടിപ്പിച്ചത് മതേതരരാഷ്ട്രമായ ഇന്ത്യ എങ്ങനെയാണ് കാണേണ്ടത്?
ഓരോ മതവിശ്വാസങ്ങൾക്കും അവരവരുടേതായ അനുഷ്ഠാനങ്ങൾ പിന്തുടരുവാൻ സ്വാതന്ത്ര്യമുള്ള നമ്മുടെ നാട്ടിൽ അത് തെറ്റാണെന്ന് പറയുന്നതെങ്ങനെ? മറ്റേതൊരു കളിക്കാരനും അവൻ ഹിന്ദു ആയാലും, സിഖ് ആയാലും, ക്രിസ്ത്യാനി ആയാലും അവർക്ക് അവരുടെ വിശ്വാസരീതികൾ പിന്തുടരുവാനും പ്രകടിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടനാ വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാൽ ക്രിക്കറ്റ് പോലെ ഒരു കായികയിനത്തിന്റെ ഇടയിൽ അത് എത്രമാത്രം അനുവദനീയമാണ് എന്നത് അതിന്റെ അധികൃതർക്ക് തീരുമാനിക്കാവുന്നതുമാണ്. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ റിസ്‌വാനെ വിലക്കിയില്ലെങ്കിൽ മറ്റേതൊരാൾക്കും അവരുടെ വിശ്വാസത്തെ പ്രകടമായി പിന്തുടരാം. എന്നാൽ, അങ്ങനെ ചെയ്തൊരാളോട് അതും ഇന്ത്യയിലേക്ക് അതിഥിയായി എത്തിയ ആളോട് അതിന് പകരമായി ജയ് ശ്രീറാം വിളി നടത്തിയത് ഉചിതമല്ല.
ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിൽ ടിബറ്റൻ ജനതയുമായുള്ള ചൈനയുടെ പ്രശ്നങ്ങളുടെ ഭാഗമായി ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമയെ വധിക്കാൻ ചൈന പദ്ധതിയിട്ടപ്പോൾ ദലൈലാമയുടെ അഭ്യർഥനപ്രകാരം അദ്ദേഹത്തിന് അഭയം നൽകിയ നാടാണ് ഇന്ത്യ. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന് ദലൈലാമയെ പോലെ ഒരാൾക്ക് അഭയം നൽകുന്നതിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയും വന്നില്ല. ആ പാരമ്പര്യം പേറുന്ന നമ്മുടെ ഭാഗത്തുനിന്നാണ് ജയ് ശ്രീറാം വിളിയും ഇന്ത്യയിൽ ഹിന്ദുവായി ജീവിക്കാൻ കഴിയില്ലെങ്കിൽ പാകിസ്താനിലേക്ക് പൊയ്‌ക്കോളൂ എന്നുമൊക്കെയുള്ള ആഹ്വാനവും ഉണ്ടാകുന്നത് എന്നതാണ് ഏറെ വിഷമകരം.
ഏതൊരു കായികയിനത്തിനും ഒരുപക്ഷേ അതിന്റെ പ്രാധാന്യത്തേക്കാൾ ഏറെ നാം വിലമതിക്കുന്ന ഒന്നാണ് 'സ്പോർട്സ്മാൻ സ്പിരിറ്റ്'. മറ്റുള്ളവരുടെ വിജയം അത്യന്തം വിനയത്തോടെ അംഗീകരിക്കുവാനും പരാജയവുമായി എളുപ്പത്തിൽ താദാത്മ്യം പ്രാപിക്കുവാനും പിന്നീട് വിജയം വരിക്കുവാൻ കൂടുതൽ ഊർജത്തോടെ ശ്രമിക്കുവാനും മനസ്സിനെ പാകപ്പെടുത്താൻ ഉതകുന്നതാണ് ഈ വാക്ക്. ഫുട്‍ബോൾ, ക്രിക്കറ്റ് എന്നല്ല എല്ലാ കായികയിനങ്ങളിലും ഈ സ്പോർട്സ്മാൻ സ്പിരിറ്റ് നമുക്ക് കാണുവാൻ കഴിയും. ഏതൊരു കായികയിനത്തെക്കാളും മറ്റെന്തിനേക്കാളും മുകളിലാണ് മനുഷ്യർ തമ്മിലുള്ള സാഹോദര്യവും മനുഷ്യത്വവും എന്നതാണ് ഇതുകൊണ്ട് ആത്യന്തികമായി അർഥമാക്കുന്നത്.
പകയും വിദ്വേഷവും നിറഞ്ഞ മനസുകൾക്ക് ഒരിക്കലും സ്പോർട്സ്മാൻ സ്പിരിറ്റ് ഉണ്ടാവുകയില്ല. കളിക്കാർക്ക് മാത്രമല്ല, അതാസ്വദിക്കുന്ന കാണികൾക്കും ഈ സ്പോർട്സ്മാൻ സ്പിരിറ്റ് അത്യാവശ്യമാണ്. അപ്പോൾ മാത്രമാണ് അവർക്കും അത് ആസ്വദിക്കുവാൻ കഴിയുന്നത്. സ്പോർട്സ്മാൻ സ്പിരിറ്റിനെക്കാൾ വർഗീയതയും സ്വജനപക്ഷപാതവും ഒക്കെ നമ്മെ മഥിക്കുന്നിടത്താണ് ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങൾ നടക്കുന്നതും ഒരു മതേതരരാജ്യമെന്നതരത്തിൽ നമുക്ക് അപമാനം ഏറുന്നതും.
ഇന്ത്യ-പാകിസ്താൻ വിഭജനം ഇന്നും ഓരോ ഇന്ത്യക്കാരന്റെയും പാകിസ്താനിയുടെയും മനസിലെ തീരാനോവായിത്തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ഒരുപക്ഷേ ഒരുമിച്ചുനിന്നിരുന്നെങ്കിൽ ലോകത്തെ ഒന്നാം നമ്പർ രാജ്യമായി മാറാൻ കഴിയുമായിരുന്ന എല്ലാ അനുകൂലസാഹചര്യങ്ങളും ഇവിടെയുണ്ട്. പാകിസ്താൻ മതത്തിന്റെ പേരിൽ മുസ്‌ലിം രാഷ്ട്രമായി മാറിയപ്പോൾ ഇന്ത്യ മതേതരരാജ്യമായി തുടർന്നു. അതായത് നാനാജാതിമതസ്ഥർ പരസ്പരം സഹോദരങ്ങളെപ്പോലെ കഴിയുന്ന ഇന്ത്യക്ക് ഏതെങ്കിലുമൊരു മതത്തിന്റെ പേരിലുള്ള രാജ്യമായി മാറുവാൻ കഴിയില്ല.
അങ്ങനെ പേരുചാർത്തപ്പെടുന്നത് ഇന്ത്യയുടെ അസ്തിത്വം തന്നെയാണ് ഇല്ലാതാക്കുന്നത്. ഇന്ന് സകലരംഗത്തും വർഗീയതയുടെ വിഷവിത്തുകൾ പടർന്നുപന്തലിക്കുമ്പോൾ, മനുഷ്യരെ ഒന്നുചേർക്കാൻ വേണ്ടി ആരംഭിച്ച കായിക മാമാംഗങ്ങളിലും വർഗീയതയുടെ ശബ്‌ദങ്ങൾ ഉയരുമ്പോൾ അതിനെ നിരുത്സാഹപ്പെടുത്തേണ്ടത് ഇന്ത്യയിലെ ഓരോ പൗരന്റെയും കടമയാണ്. ഇത്തരം ശ്രീറാം വിളികൾ അല്ലാതെ, പകരം 'വന്ദേമാതരം' എന്ന നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന ശബ്‌ദങ്ങൾ ഉയരേണ്ടതുണ്ട്. അതിലൂടെ നമ്മുടെ രാജ്യത്തിന്റെ പെരുമ ഉയരുകമാത്രമേ ചെയ്യുകയുമുള്ളൂ.
Content Highlights:When religious hatred rises in the galleries too
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."