HOME
DETAILS

ഈ ആക്രമണത്തെയും അതിജീവിക്കും

  
backup
August 27 2021 | 20:08 PM

846535613-2

 

പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ


കേരളത്തിലെ പ്രബലരായ ന്യൂനപക്ഷ സമൂഹത്തെ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആധുനിക രാഷ്ട്ര വ്യവഹാരങ്ങള്‍ക്കൊപ്പം നിലനിര്‍ത്തിയ വലിയ ഒരു സംഘബോധമാണ് ലീഗ്. ജനാധിപത്യം ഒരു ഭരണവ്യവസ്ഥ എന്നതിനപ്പുറം ഒരു ജീവിത രീതിയായി അണികളെ ഉത്‌ബോധിപ്പിക്കാനും സംസ്‌കരിക്കാനുമാണ് ലീഗ് പരിശ്രമിച്ചത്. തീവ്രമായ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും എക്കാലത്തും നിരുത്സാഹപ്പെടുത്തി. സൗഹൃദത്തിന്റെ വഴിയാണ് അവശജനതയുടെ പുരോയാനത്തിന് കരണീയമെന്ന് നയത്തിലെഴുതിച്ചേര്‍ത്തു. അതില്‍നിന്ന് മുന്നണി രാഷ്ട്രീയത്തിന്റെ മേന്മകളെ ഉള്‍ക്കൊണ്ടു. അത്തരമൊരു ന്യൂനപക്ഷ സംഘശക്തി തളര്‍ന്നാല്‍ അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന് നല്ല ബോധ്യമുള്ളവരും അല്ലാത്തവരും ലീഗിനെതിരേ തിരിയുന്നവര്‍ക്കിടയിലുണ്ട്. ആത്യന്തികമായി വംശീയ, വര്‍ഗീയ മനോഭാവം പേറുന്ന വികൃത മനസുകളാണ് വിളവെടുപ്പിന് കാത്തിരിക്കുന്നതെന്ന് പലരും മനസിലാക്കുന്നില്ല. ഇത് ദൗര്‍ഭാഗ്യകരമാണ്. അല്‍പായുസ് മാത്രമുള്ള പ്രേക്ഷക ആസ്വാദനത്തിനായി കിട്ടിയതെന്തും വാര്‍ത്തയാക്കിയും വ്യാഖ്യാനം ചമച്ചും അവതരിപ്പിക്കുന്ന പുതുകാല ദൃശ്യമാധ്യമ രീതിക്കും നടേ പറഞ്ഞത് ബാധകം.


ലളിതമായി നിര്‍വചിച്ചാല്‍ ആവാസപരമായി ഇന്ത്യയില്‍ പലയിടത്തായി ചിതറിക്കിടക്കുന്നവരും സവിശേഷപരമായ സ്വത്വപ്രതിസന്ധി അഭിമുഖീകരിക്കുന്നവരുമായ ഒരു ജനതയെ ഇന്ത്യന്‍ യൂനിയന്റെ ഭാഗമാക്കി നിര്‍ഭയത്വം പകര്‍ന്ന് അവരില്‍ ഭാവിയെ സംബന്ധിച്ച് തികഞ്ഞ ആത്മവിശ്വാസം വളര്‍ത്തിയ ആശയക്കരുത്താണ് മുസ്‌ലിം ലീഗ് പാര്‍ട്ടി. സ്വാതന്ത്ര്യ സമര സേനാനികളും രാഷ്ട്രനിര്‍മാതാക്കളും ഭരണഘടനാശില്‍പികളുമായ നേതൃനിര ആഴമേറിയ ചര്‍ച്ചകള്‍ നടത്തിയും ചിന്തകള്‍ സമന്വയിപ്പിച്ചുമാണ് രാഷ്ട്രമൂല്യങ്ങളെ ബലപ്പെടുത്താനുതകുന്ന ഒരു സംഘടനാ സംവിധാനം വാര്‍ത്തെടുത്തത്. ബഹുസ്വരതയും വൈവിധ്യവും മുഖ്യ സവിശേഷതയായ ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ അര്‍ഥപൂര്‍ണതയെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ച സംഘാടനമായിരുന്നു 1948 ല്‍ നിര്‍വഹിക്കപ്പെട്ടത്. പലായനത്തിന്റെയും ദുരാരോപണങ്ങള്‍ കാരണമുണ്ടായ തിക്തമായ മാനസിക പീഡനത്തിന്റെയും നെരിപ്പോടില്‍ നിന്ന് ഒരു ജനതക്ക് സര്‍ഗാത്മകമായ ഒരിടം ഒരുക്കിയ പാര്‍ട്ടിയാണ് ലീഗ്. ഒരു നേരത്തെ അല്ലെങ്കില്‍ ഒരു ദിവസത്തെ വിശപ്പടക്കാന്‍ മാത്രം ആ പാര്‍ട്ടിയെ കൊത്തിവലിക്കുന്നവര്‍ ദേശപാരമ്പര്യത്തില്‍ ആഴത്തിലമര്‍ന്നു പോയ അതിന്റെ വേരുകളുടെ ദൃഢത തിരിച്ചറിഞ്ഞിട്ടില്ല. ഇത് അങ്ങേയറ്റം ഖേദകരമാണ്.
ഒന്നാമത്തെ പാര്‍ലമെന്റ് തൊട്ട് ഇന്നുവരെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തിന്റെയും സമാനമായ പ്രശ്‌നങ്ങളുമായി ജീവിക്കുന്ന സമൂഹങ്ങളുടെയും എല്ലാ വിഷയങ്ങളിലും മുസ്‌ലിം ലീഗ് ഇടപെട്ടിട്ടുണ്ട്. സ്‌പെഷല്‍ മാര്യേജ് ആക്ട്, ശരീഅത്ത് നിയമം, വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണം, ലക്ഷദ്വീപിലെ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ തുടങ്ങി മുസ്‌ലിം ഇന്ത്യ ആശങ്കപ്പെട്ട അവസരങ്ങളിലെല്ലാം പാര്‍ട്ടി എം.പിമാര്‍ നടത്തിയ പോരാട്ടം ചരിത്രത്തിന്റെ ഭാഗമാണ്.


തെരഞ്ഞെടുപ്പുകളിലെ തോല്‍വി വോട്ടിങ് ശതമാനത്തിലെ ഏറ്റക്കുറവ് എന്നിവയില്‍ ആരോഗ്യകരമായ വിശകലനങ്ങളും വിലയിരുത്തലുകളും സ്വാഗതാര്‍ഹമാണ്. അതിന്റെ മറപിടിച്ച് പാര്‍ട്ടിയെ തകര്‍ക്കാന്‍ ഇതാണ് നല്ല അവസരമെന്ന മട്ടില്‍ രംഗത്തുവരുന്നവരെ മുസ്‌ലിം ലീഗ് പാര്‍ട്ടി വൈതരണികള്‍ നീന്തിക്കയറിയ ഭൂതകാലം ഓര്‍മിപ്പിക്കുകയാണ്. ഒട്ടേറെ തെരഞ്ഞെടുപ്പു വിശകലനങ്ങളിലും മറ്റവസരങ്ങളിലുമെല്ലാം പാര്‍ട്ടിക്ക് അനേകം ചരമക്കുറിപ്പുകള്‍ എഴുതിയവരുണ്ട്. പാര്‍ട്ടിയുടെ അന്ത്യം പ്രവചിച്ചവരുണ്ട്. അവയെല്ലാം വൃഥാവ്യായാമമായിരുന്നു.


1948ല്‍ ഹൈദരാബാദ് ആക്ഷന്‍ പേര് പറഞ്ഞാണ് പാര്‍ട്ടി സംഘാടനത്തെ ഭയപ്പെട്ട ദേശീയ നേതാക്കളുടെ ഗൂഢാലോചനയില്‍ പട്ടാളത്തെയും പൊലിസിനെയും വിട്ട് ലീഗ് നേതാക്കളെ ജയിലിലടച്ചത്. മലബാറില്‍ അറസ്റ്റ് വരിച്ച് ജയില്‍ ശിക്ഷ അനുഭവിച്ചവരില്‍ പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരുണ്ട്. വര്‍ഗീയതയും സാമുദായികതയും ആരോപിച്ച് പൊതുധാരയില്‍ നിന്ന് പാര്‍ട്ടിയെ അകറ്റാന്‍ ശ്രമിച്ചു. ലീഗുള്‍പ്പെട്ട മുന്നണിയില്‍ പലരും ചേരാന്‍ മടിച്ചു. പക്ഷേ മുന്നണി രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്ത് വന്ന പാര്‍ട്ടിയായി ലീഗ് മാറുന്നതാണ് പിന്നീട് കണ്ടത്. ലീഗ് മുന്നിട്ടിറങ്ങി നേതൃത്വം നല്‍കി രൂപീകൃതമായ സപ്തകക്ഷി മുന്നണി കേരളത്തിന്റെ ജനാധിപത്യ സംസ്‌കാരത്തെ സമ്പന്നമാക്കി. ഭൂപരിഷ്‌കരണത്തിന്റെ സമഗ്രമായ പ്രയോഗം, പൊതുവിദ്യാഭ്യാസ ശാക്തീകരണം, മികച്ച ക്ഷേമ പദ്ധതികള്‍ എന്നിങ്ങനെ വിപ്ലവകരമായ ഭരണപരിഷ്‌കാരങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചു. ഐക്യ ജനാധിപത്യ മുന്നണിയുടെ രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയും അതിന്റെ അനിഷേധ്യ ഭാഗമാവുകയും ചെയ്തു. ആധുനിക കേരളത്തെ സജ്ജമാക്കിയതില്‍ ആ മുന്നണി വഹിച്ച പങ്ക് നിസ്തുലമാണ്. കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി ലീഗ് മാറി. പല തവണ അധികാരത്തിലേറി. ഒട്ടേറെ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു. കേരളത്തിന്റെ മുഖ്യമന്ത്രി പദം വരെ സി.എച്ചിലൂടെ പാര്‍ട്ടിക്ക് കരഗതമായി. തെരഞ്ഞെടുപ്പുകളില്‍ വലിയ വിജയവും കനത്ത തോല്‍വിയും ഏറ്റുവാങ്ങി. അത്ഭുതാവഹമായിരുന്നു പാര്‍ട്ടിയുടെ പ്രയാണത്തിനിടയിലെ ഉത്ഥാന പതനങ്ങള്‍. പലപ്പോഴും നിരീക്ഷണങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും വഴങ്ങിയില്ല. ലീഗിന് അതിന്റേതായ പ്രത്യേകതകള്‍ ഉണ്ടായിരുന്നു. നാനാ ദിക്കുകളില്‍ നിന്നും ഏറ്റുവാങ്ങേണ്ടിവന്ന വെല്ലുവിളികള്‍ ഭാവിയിലേക്കുള്ള കുതിപ്പിനായി ഉപയോഗപ്പെടുത്തി.
1975 ല്‍ ലീഗ് ദൗര്‍ഭാഗ്യകരമായ പിളര്‍പ്പിനെ നേരിട്ടു. ഒരു ദശാബ്ദത്തിനിടെ പുനരൈക്യം സാധ്യമായി. പിളര്‍പ്പിന് ശേഷം പുനരൈക്യം സാധ്യമാകാത്ത പാര്‍ട്ടികള്‍ ഇപ്പോഴുമുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം ഇന്നും ഒരു മരീചികയാണ്. മാത്രമല്ല ഒന്നിച്ചതിന് ശേഷം തടവിയാല്‍ ഒരു മുറിപ്പാട് പോലുമില്ലാതെ ഐക്യം സാധ്യമായ ചരിത്രം ലീഗിന് മാത്രം അവകാശപ്പെട്ടതാണ്. വിശ്വാസം, സംസ്‌കാരം, സ്വത്വം എന്നിവയുടെ സംരക്ഷണത്തിനായി ഭരണഘടനയെ സാക്ഷിനിര്‍ത്തി പൊരുതിയതാണ് ലീഗിന്റെ പാരമ്പര്യം. തീവ്രവാദ, വര്‍ഗീയ ചിന്തകള്‍ക്കെതിരായ കര്‍ക്കശമായ നിലപാടുകള്‍ ഒരു കാലത്ത് ലീഗില്‍ വര്‍ഗീയത കണ്ടവരെ പോലും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതായാണ് അനുഭവം. ലീഗ് അനിവാര്യമാണെന്ന് വിധികള്‍ ഉണ്ടായി. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങള്‍ സംശുദ്ധമായ മതേതര നിലപാടുകളെ ബാധിക്കാതെ കാര്യക്ഷമതയോടെയാണ് പാര്‍ട്ടി കൈകാര്യം ചെയ്തത്. സൗഹാര്‍ദാന്തരീക്ഷം തകരുന്ന സാഹചര്യങ്ങളില്‍ പരിപക്വമായ നിലപാടാണ് സ്വീകരിച്ചത്. ഹിംസയെ എതിര്‍ത്തു. പാണക്കാട് സയ്യിദ് കുടുംബത്തിന്റെ ധന്യമായ നേതൃത്വം കേരളീയ പൊതുസമൂഹത്തിന്റെ അഭിമാനകരമായ സൗഹാര്‍ദ ഭാവത്തെ ഉജ്വലമാക്കുകയാണ് ചെയ്തത്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതം അത് സാക്ഷ്യപ്പെടുത്തുകയാണ്.


നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തും പിന്നീടും നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ എന്തു മാത്രം പ്രതിലോമകരമാണ്. തികച്ചും താല്‍ക്കാലികമായി ലഭിക്കാവുന്ന വോട്ടുകള്‍ക്കും പ്രത്യക്ഷ നേട്ടത്തിനുമായി സംഘ്പരിവാര്‍ ശക്തികള്‍ക്ക് പരോക്ഷമായും സ്ഥായിയായും നേട്ടമുണ്ടാക്കിക്കൊടുക്കുന്ന ഇടതു ലിബറല്‍ വാദങ്ങള്‍ കേരളത്തിന്റെ ഉജ്വലമായ രാഷ്ട്രീയ പാരമ്പര്യത്തെ യഥാര്‍ഥത്തില്‍ നിരാകരിക്കുകയാണ്. കേരളം വ്യത്യസ്തമായ ഒരിടമാണ്. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിവിധ ജാതി, മത സമൂഹങ്ങളെ പങ്കിട്ടെടുത്തതു വഴി വര്‍ഗീയതക്ക് വിലങ്ങ് വച്ചിരിക്കുകയായിരുന്നു ഇവിടെ. എന്നാല്‍ ഇന്ന് വിവിധ പാര്‍ട്ടികള്‍ കൈകോര്‍ത്തപ്പോഴുണ്ടായ മതേതരശക്തിയെ ദുര്‍ബലമാക്കി വര്‍ഗീയതക്ക് ഇടം നല്‍കാനാണ് ദൗര്‍ഭാഗ്യവശാല്‍ ഇടതുപക്ഷം ശ്രമിക്കുന്നത്. സാദിഖലി ശിഹാബ് തങ്ങളുടെ ലേഖനത്തെ വക്രീകരിച്ച് ചര്‍ച്ചക്കെടുത്തത് സി.പി.എമ്മിന്റെ കുടില തന്ത്രത്തിന്റെ ഭാഗമായിരുന്നു. എ. വിജയരാഘവന്റെ ഒന്നിലധികം പ്രസ്താവനകളും അപകടകരമായിരുന്നു. സവര്‍ണ സംവരണം, സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളുടെ അട്ടിമറി എന്നിവയെല്ലാം ഇതിന് അനുബന്ധമായിരുന്നു. ഇതെല്ലാം കേരളത്തിലെ ഇടതുപക്ഷ സംസ്‌കാരത്തിന് ഒട്ടും ഇണങ്ങാത്ത നടപടികളായിരുന്നു. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകള സമീകരിക്കാന്‍ സ്വീകരിച്ച ശൈലിയാകട്ടെ അത്യന്തം വഴിവിട്ടതായിപ്പോയി. ക്രിസ്തീയ സമൂഹത്തില്‍ പോലും വിഷ ബീജങ്ങള്‍ പരത്തി അരുതാത്ത വഴിയേ സഞ്ചരിക്കാന്‍ അവസരം സൃഷ്ടിച്ചു. ലീഗിനെ വളഞ്ഞിട്ടാക്രമിക്കുന്നതിന്റെ ലക്ഷ്യവും ഇതോടെപ്പം ചേര്‍ത്തുവായിക്കുമ്പോഴാണ് ഗൂഢാലോചനക്കാരുടെ അജന്‍ഡ വ്യക്തമാകുന്നത്.


തീരുമാനങ്ങളില്‍ അബദ്ധമോ തെറ്റോ വന്നെങ്കില്‍ അത് തിരുത്തുകയെന്നത് ശക്തമായ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നിലനില്‍ക്കുന്ന മുസ്‌ലിം ലീഗില്‍ സംഭവ്യമാണ്. പുറമേക്ക് വലിച്ചിട്ട് വ്രണപ്പെടുത്തുന്ന രീതി ഒട്ടും ശരിയല്ല. ഇത് പ്രസ്ഥാനത്തെ നയിക്കുന്നവരും അതില്‍ അണിചേര്‍ന്നവരും പുറമെ നിന്ന് പാര്‍ട്ടിയെ നിഷ്പക്ഷമായും സത്യസന്ധമായും മനസിലാക്കിയവരും ഉള്‍ക്കൊള്ളേണ്ടതാണ്. തളരുമ്പോള്‍ താങ്ങാകേണ്ടവര്‍ ശത്രുക്കളെ സന്തോഷിപ്പിക്കുന്നത് ഭൂഷണമല്ല. നീതിപൂര്‍വവും നിഷ്പക്ഷവുമായി പ്രശ്‌നങ്ങളെ വിലയിരുത്തി പരിഹാരം കാണാന്‍ പ്രാപ്തരായ പൊതു സ്വീകാര്യരായ നേതാക്കളുള്ള പ്രസ്ഥാനമാണ് ലീഗ്. രാജ്യത്തെ എല്ലാ നിയമങ്ങളെയും വിധിവിലക്കുകളെയും മാനിക്കുകയും ചെയ്യുന്നു. പ്രസ്ഥാനത്തിന്റെ അസ്തിവാരത്തിന്റെ സമഗ്രതയും കരുത്തും അജയ്യമാണ്. പുതു തലമുറ അതിനെ സന്ദര്‍ഭോചിതം ആവിഷ്‌കരിക്കുകയാണ് വേണ്ടത്. രാജ്യത്തോടൊപ്പം സഞ്ചരിച്ചാണ് പിന്നിട്ട വഴികളില്‍ ന്യൂനപക്ഷ സംരക്ഷണത്തിന്റെ മികച്ച മാതൃകകള്‍ പണിതിട്ടത്. ഏതെങ്കിലും പാര്‍ട്ടിയുടെ മറവില്‍ നിന്ന് ലീഗിനെതിരേ യുദ്ധം ചെയ്യുന്നു എന്ന് വരുത്തിത്തീര്‍ക്കുന്ന അധികാരാര്‍ത്തി പൂണ്ടവര്‍ കഥാന്ത്യം നിരാശരാകും. മുന്നില്‍ നില്‍ക്കുന്നവരെ തകര്‍ത്ത് സംഘടനയെ പൊളിക്കാമെന്ന ശത്രുവിന്റെ ലളിതയുക്തിയെ ഇത്തരക്കാരുടെ പൂര്‍വ പിതാക്കളുടെ കാലത്ത് തന്നെ ലീഗ് തിരിച്ചറിഞ്ഞതാണ്. അതിന്റെ പുതിയ എപ്പിസോഡുകള്‍ മാത്രമായിട്ടേ ഈ ആക്രമണത്തെ കാണാന്‍ കഴിയൂ. സമുദായ സ്‌നേഹത്തിന്റെ പേര് പറഞ്ഞ് പാര്‍ട്ടിക്കെതിരേ പോരിന് വന്നവരെ അര്‍ഹമായ രീതിയില്‍ കൈകാര്യം ചെയ്തത് ചരിത്രത്തിന്റെ തെളിമയാര്‍ന്ന ഇന്നലെകളിലുണ്ട്. സ്ത്രീ ശാക്തീകരണത്തെ സംബന്ധിച്ച് ആധുനിക കാഴ്ചപ്പാട് സ്വീകരിച്ച ലീഗില്‍ സ്ത്രീവിരുദ്ധത അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ശത്രുക്കളുടെ ആയുധം കടമെടുക്കലാണ്. അഭ്യസ്തവിദ്യരായ ആയിരക്കണക്കായ പെണ്‍കുട്ടികളും അത്രയും ജനപ്രതിനിധികളും അണിചേര്‍ന്ന പ്രസ്ഥാനമാണ് ലീഗ്. കാലങ്ങളായി ലീഗിന്റെ കാലം കഴിഞ്ഞെന്ന് പ്രവചിച്ച് തളര്‍ന്നു പോയവര്‍ക്ക് മുമ്പില്‍ തെളിമലയാളത്തില്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം പറയുന്ന പെണ്‍കുട്ടികളെയാണ് കാണാനാവുന്നത്. ഇത് വളര്‍ച്ചയുടെ പ്രഖ്യാപനമാണ്. തികച്ചും കാലോചിതമായ ലക്ഷണമൊത്ത ഒരു പ്രസ്ഥാനമായി പ്രയാണം നടത്തുന്ന മുസ്‌ലിം ലീഗിനെ തകര്‍ക്കാന്‍ വന്നവരുടെ മുന്‍കാല അനുഭവങ്ങള്‍ ഇന്നത്തെ വിമര്‍ശകര്‍ക്കു കൂടി പാഠമാകേണ്ടതാണ്. ശാസ്ത്ര, സാങ്കേതിക പുരോഗതിയുടെയും വിവര വിനിമയ സങ്കേതങ്ങളുടെ വളര്‍ച്ചയുടെയും കാലത്ത് പുത്തന്‍തലമുറയുടെ പടയണി തീര്‍ത്ത് പ്രതിസന്ധികളെ നേരിട്ട് ഈ സംഘശക്തി അതിജീവിക്കുക തന്നെ ചെയ്യും.

(മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago