ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കുന്ന ഓര്‍ഡിനന്‍സ് ഇന്ന് രാജ്ഭവന് അയക്കും; തീരുമാനം വൈകിയാല്‍ നിയമ നടപടിക്കൊരുങ്ങുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കുന്ന ഓര്‍ഡിനന്‍സ് ഇന്ന് രാജ്ഭവന് അയക്കും. ഗവര്‍ണര്‍ ഒപ്പു വെച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍, ഗവര്‍ണര്‍ വിശദ ഉപദേശത്തിനായി ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്കയച്ചാല്‍ പിന്നീട് നിയമസഭയില്‍ ബില്‍ കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്.
ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്കയച്ചാലും നിയമസഭയില്‍ ബില്‍ കൊണ്ടുവരാമെന്ന തരത്തിലും സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ ഒഴിവാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് രണ്ട് ദിവസം മുന്‍പാണ് മന്ത്രിസഭ യോഗം പാസ്സാക്കിയത്. എന്നാല്‍ അത് ഇന്നലെ രാത്രി വരെ ഗവര്‍ണര്‍ക്ക് അയച്ചിരുന്നില്ല. ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചാല്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്ത് ബില്‍ പാസ്സാക്കാന്‍ കഴിയുമോയെന്ന ചോദ്യം ഉയര്‍ന്നത് കൊണ്ടായിരുന്നു ഇത് അയക്കാതിരുന്നത് എന്നാണ് വിവരം. ഗവര്‍ണര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടു പോകാനാണ് സി.പി.എമ്മും ഇടതുമുന്നണിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചാല്‍ അയക്കട്ടെ എന്നായിരുന്നു ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചത്.ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ നിലപാട് നോക്കി തുടര്‍നടപടി സ്വീകരിക്കുമെന്ന് നിയമമന്ത്രി പി രാജീവും പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."