ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസിന് പച്ചക്കൊടി വീശി പ്രധാന മന്ത്രി; ചെന്നൈയില്‍ നിന്ന് മൈസൂരിലേക്ക് ഇനി ആറരമണിക്കൂറിലെത്താം
ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസിന് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാന മന്ത്രി നരേന്ദ്രമോദി.ചെന്നൈയില്‍ നിന്ന് മൈസൂരിലേക്ക് ഇനി ആറരമണിക്കൂറിലെത്താം.ബെംഗലൂരുവിലെ കെ.എസ്.ആര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രി പച്ചക്കൊടി വീശി വന്ദേഭാരത് സര്‍വീസിന് തുടക്കം കുറിച്ചു.ഇന്ത്യയില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഏറ്റവും പരിഷ്‌കരിച്ച പതിപ്പും ഇന്ത്യയിലെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും വന്ദേഭാരത് എക്സ്പ്രസാണിത്.
ചെന്നൈയില്‍ നിന്നും മൈസൂരുവിലേക്കാണ് വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് നടത്തുന്നത്. ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ ആറു ദിവസമാണ് ചെന്നൈയില്‍ നിന്നും സര്‍വീസുകള്‍ ഉണ്ടാകുക.ഏകദേശം 504 കിലോമീറ്ററാണ് ചെന്നൈയ്ക്കും മൈസൂരിനും ഇടയിലുള്ള ദൂരം. വന്ദേഭാരത് എക്സ്പ്രസ് ഇത്രയും ദൂരം ആറരമണിക്കൂര്‍ കൊണ്ട് താണ്ടും. പാത നവീകരണം പൂര്‍ത്തിയായാല്‍ വെറും മൂന്നു മണിക്കൂര്‍ കൊണ്ട് ചെന്നൈയില്‍ നിന്നും മൈസൂരുവില്‍ എത്താനാകുമെന്നാണ് റെയില്‍വേ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ചെന്നൈ-മൈസൂരു റൂട്ടില്‍ കാട്പാടി, ബെംഗലൂരു എന്നിവിടങ്ങളിലായി രണ്ട് സ്റ്റോപ്പുകളാണ് വന്ദേഭാരത് എക്സ്പ്രസിന് ഉണ്ടാകുക. ചെയര്‍കാര്‍, എക്സിക്യൂട്ടീവ് ക്ലാസ് എന്നിങ്ങനെ രണ്ടുതരം കോച്ചുകളാണ് ട്രെയിനില്‍ ഉണ്ടാകുക. പ്രീമിയം ട്രെയിനുകളുടേതിന് സമാനമായി ഫ്‌ലെക്‌സിബിള്‍ നിരക്കാണ് വന്ദേഭാരതിനും ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചെന്നൈയില്‍ നിന്ന് മൈസൂരുവിലേക്ക് ചെയര്‍കാറിന് 1200 രൂപയും എക്സിക്യൂട്ടീവ് ക്ലാസിന് 2295 രൂപയുമാണ് നിരക്ക്. തിരികെ മൈസൂരുവില്‍ നിന്നും ചെന്നൈയിലേക്ക് ചെയര്‍കാറിന് 1365 രൂപയും എക്സിക്യൂട്ടീവ് ക്ലാസിന് 2486 രൂപയുമാണ് നിരക്ക്. വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളില്‍ എയര്‍കണ്ടീഷന്‍ ചെയ്ത കോച്ചുകളും റിക്ലൈനര്‍ സീറ്റുകളുമുണ്ടാകും. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, കാണ്‍പൂര്‍, വരണാസി എന്നിവിടങ്ങളില്‍ ഇവ മുന്‍പേ അവതരിപ്പിച്ചിരുന്നു.ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുലര്‍ച്ചെ 5.50ന് പുറപ്പെടുന്ന ട്രെയിന്‍ ബെംഗളൂരുവിലെ ക്രാന്തിവീര സങ്കൊല്ലി രായണ്ണ (കെആര്‍എസ്) സ്റ്റേഷനില്‍ നിര്‍ത്തിയ ശേഷം, ഉച്ചയ്ക്ക് 12.30ന് മൈസൂരുവിലെത്തും. തിരിച്ച്, മൈസൂരില്‍ നിന്ന് ഉച്ചയ്ക്ക് 1.05ന് പുറപ്പെട്ട് 2.25ന് ബംഗളൂരുവിലെത്തി രാത്രി 7.35ന് ചെന്നൈയിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."