യംഗ് ഗ്‌ളോബല്‍ ലീഡേഴ്‌സ് ഉച്ചകോടി ദുബായില്‍
ദുബായ്: യംഗ് ഗ്‌ളോബല്‍ ലീഡേഴ്‌സ് (വൈജിഎല്‍) ഉച്ചകോടി ദുബായില്‍ സംഘടിപ്പിച്ചു. ദുബായ് ഒന്നാം ഉപ ഭരണാധികാരിയും യുഎഇ ധന മന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചടങ്ങിന് സാക്ഷ്യം വഹിച്ചു. ലോക സാമ്പത്തിക ഫോറത്തിന്റെ യംഗ് ഗ്‌ളോബല്‍ ലീഡേഴ്‌സ് വാര്‍ഷിക ഉച്ചകോടി ഇതാദ്യമായാണ് യുഎഇയില്‍ നടക്കുന്നത്.
ഉച്ചകോടിയുടെ ഉദ്ഘാടന പതിപ്പില്‍ കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക തകര്‍ച്ച, ഭൗമ രാഷ്ട്രീയം, എഐ, മാനവ വികസനം, സമ്പദ് വ്യവസ്ഥകള്‍, മറ്റ് നിര്‍ണായക വിഷയങ്ങള്‍ എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങളെ അഭിസംബോധന ചെയ്യുന്ന സെഷനുകളിലും വര്‍ക്‌ഷോപ്പുകളിലും ഡബ്‌ള്യുഇഎഫിന്റെ വൈജിഎല്ലിലെ 500ഓളം അംഗങ്ങള്‍ പങ്കെടുക്കും. യുഎഇ സര്‍ക്കാരും ലോക സാമ്പത്തിക ഫോറവും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി ഒക്ടോബര്‍ 19 മുതല്‍ 21 വരെയാണ് ഉച്ചകോടി നടക്കുന്നത്.
യുവാക്കളെ ശാക്തീകരിക്കുന്നതിലും അവരുടെ കഴിവുകളില്‍ നിക്ഷേപിക്കുന്നതിലും ഭാവി കെട്ടിപ്പടുക്കാന്‍ അവരെ പിന്തുണയ്ക്കുന്നതിലും യുഎഇയുടെ വിശ്വാസത്തിന് ഷെയ്ഖ് മക്തൂം അടിവരയിട്ടു.
''ഭാവി സൃഷ്ടിക്കാനുള്ള താക്കോല്‍ യുവത്വമാണെന്ന് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമില്‍ നിന്ന് ഞങ്ങള്‍ മനസ്സിലാക്കി. പോസിറ്റീവ് മാറ്റത്തിന് പ്രതിജ്ഞാബദ്ധരും ആഗോള മാനവ വികസനത്തില്‍ പങ്കാളികളുമായ ഏതൊരു രാജ്യത്തിന്റെയും യഥാര്‍ത്ഥ സമ്പത്താണ് യുവ സമൂഹം'' -അദ്ദേഹം വ്യക്തമാക്കി.
''വിജയങ്ങള്‍ നേടുന്നതിലും വിജയഗാഥകള്‍ എഴുതുന്നതിലും യുവ നേതാക്കളാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഏതൊരു വികസന പ്രക്രിയയുടെയും അടിസ്ഥാനം അവരാണ്. ലോകത്തിന്റെ ഭാവി മുന്‍കൂട്ടി കാണാനും രൂപകല്‍പന ചെയ്യാനും ലക്ഷ്യമിട്ട് ദുബായും യുഎഇയും ആതിഥേയത്വം വഹിക്കുന്ന നിരവധി ആഗോള പരിപാടികള്‍ രാഷ്ട്രത്തിന്റെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നു.
യുഎഇ ഇന്‍ഡിപെന്‍ഡന്റ് ക്‌ളൈമാറ്റ് എക്‌സ്‌ചേഞ്ച് ആക്‌സിലറേറ്റേഴ്‌സ് (യുഐസിസിഎ) പ്രസിഡന്റും സിഇഒയുമായ ഷെയ്ഖ ഷമ്മ ബിന്‍ത് സുല്‍ത്താന്‍ ബിന്‍ ഖലീഫ അല്‍ നഹ്‌യാന്‍ ഉദ്ഘാടന പ്‌ളീനറിയില്‍ സംസാരിച്ചു. ലോകം ഇന്ന് അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികള്‍ക്ക് തക്കതായ പരിഹാരവും ഒപ്പം സഹകരണവും ആവശ്യമാണെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."