സഊദി സന്ദര്‍ശന വിസ പുതുക്കാന്‍ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം നിര്‍ബന്ധം
റിയാദ്: സന്ദര്‍ശന വിസകള്‍ പുതുക്കുന്നതിന് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കേണ്ടതുണ്ടെന്ന് സൗദി അറേബ്യയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ അറിയിച്ചു. സന്ദര്‍ശക വിസ നീട്ടാന്‍ അഭ്യര്‍ത്ഥിക്കുമ്പോള്‍, പുതുക്കുന്ന കാലാവധി മുഴുവന്‍ കവറേജ് ലഭിക്കുംവിധം ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം അടക്കണമെന്ന് കൗണ്‍സില്‍ അതിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കി.
രാജ്യത്തെ അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനികളായ തവുനിയ, ബൂപ, മെഡ്ഗള്‍ഫ്, ഗള്‍ഫ് യൂണിയന്, അറേബ്യന്‍ ഷീല്‍ഡ് കോ-ഓപറേറ്റീവ് ഇന്‍ഷുറന്‍സ്, അറേബ്യന്‍ കോ-ഓപറേറ്റീവ് ഇന്‍ഷുറന്‍സ്, അല്‍ഇത്തിഹാദ് കോ-ഓപറേറ്റീവ്, അല്‍സാഗര്‍ കോ-ഓപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ആക്സ കോ-ഓപറേറ്റീവ്, അലൈഡ് കോ-ഓ-റേറ്റീവ് ഇന്‍ഷുറന്‍സ് ഗ്രൂപ്പ്, അല്‍രാജ്ഹി തകാഫുള്‍, വാല, സൗദി ഇനായ തുടങ്ങിയവയിലൂടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസയുടെ കാലാവധി മൂന്ന് മാസമായി നീട്ടാന്‍ കഴിഞ്ഞ ചൊവ്വാഴ്ച മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. എല്ലാ ആവശ്യങ്ങള്‍ക്കുമുള്ള വിസിറ്റ് വിസകളുടെയും സിംഗിള്‍ എന്‍ട്രിക്ക് മൂന്നു മാസ കാലാവധി ലഭിക്കും.
ട്രാന്‍സിറ്റ് വിസകളുടെ താമസ കാലാവധി 96 മണിക്കൂറായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിന് ഒരു തരത്തിലുമുള്ള ഫീസ് നല്‍കേണ്ടതില്ല. ട്രാന്‍സിറ്റ് വിസയുടെ സാധുത മൂന്ന് മാസവും താമസത്തിന്റെ ദൈര്‍ഘ്യം 96 മണിക്കൂറും സൗജന്യമായിരിക്കും. ഇതുവരെ സിംഗിള്‍ എന്‍ട്രി ഫാമിലി വിസിറ്റ് വിസകളുടെ കാലാവധി 30 ദിവസവും മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളുടേത് 90 ദിവസവുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."