ഉംറ തീര്‍ത്ഥാടകര്‍ക്ക് സഊദിയിലെ 924 ആരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യ ചികില്‍സ
ജിദ്ദ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഉംറ തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ഇന്‍ഷുറന്‍സ് പോളിസി വഴി സഊദിയിലെ 924 ആരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യ ചികില്‍സ ലഭ്യമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. പൊതു-സ്വകാര്യ മേഖലകളിലെ 151 ആശുപത്രികളും 773 ഹെല്‍ത്ത് സെന്ററുകളും പോളിക്ലിനിക്കുളും വഴിയാണ് ആരോഗ്യ സേവനങ്ങള്‍ നല്‍കിവരുന്നത്. 1,840 മെഡിക്കല്‍ ലബോറട്ടറികളും ഫാര്‍മസികളും കൂടി ചേരുമ്പോള്‍ 2,764ലധികം സൗകര്യങ്ങള്‍ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ലഭിച്ചുവരുന്നുണ്ട്.
ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തുന്നവരുടെയും സിയാറത്തിനായി മദീന പള്ളിയിലെത്തുന്നവരുടെയും ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ഭരണകൂടം വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരികയാണ്. തീര്‍ത്ഥാടകര്‍ക്ക് രാജ്യത്തെ മറ്റു നഗരങ്ങളില്‍ വച്ചും ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ ചികില്‍സാ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഊദി വിഷന്‍-2030 ഊന്നല്‍ നല്‍കുന്നുണ്ട്.
എല്ലാത്തരം വിസകള്‍ക്കും ഉംറ തീര്‍ഥാടനം അനുവദിക്കുക, ഉംറ വിസക്ക് പ്രായപരിധി ഒഴിവാക്കല്‍, സ്ത്രീകള്‍ക്ക് മഹ്‌റമിന്റെ നിര്‍ബന്ധ സാന്നിധ്യം ഒഴിവാക്കല്‍, ഉംറ വിസക്കാര്‍ക്ക് രാജ്യത്തെ എല്ലാ നഗരങ്ങളിലും സഞ്ചരിക്കാന്‍ അനുമതി തുടങ്ങിയവ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഉംറ വിസ കാലാവധി 30 ദിവസത്തില്‍ നിന്ന് 90 ദിവസമായി നീട്ടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."