HOME
DETAILS

അറിവിന്‍ പൊരുള്‍ കടഞ്ഞുതന്ന മഹാഗുരുക്കള്‍

  
backup
October 20 2023 | 02:10 AM

shamsul-ulama-and-kanniyath-2020
റബീഉല്‍ ആഖിര്‍ മലയാളി മുസ്‌ലിമിന് നോവോര്‍മയുടെ കാലമാണ്. യുഗപ്രഭാവന്മാരായ ആത്മജ്ഞാനികള്‍ വിട പറഞ്ഞത് ഈ മാസത്തിലാണ്. ഓര്‍മയുടെ നിലാ വെളിച്ചത്തില്‍ വസന്ത പൗര്‍ണമി ശോഭ പോലെ മന്ദസ്മിതം തൂകി നില്‍ക്കുന്ന മഹാരഥന്മാരായ രണ്ട് മഹാഗുരുവര്യന്മാരാണ് റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാരും ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നീണ്ട പതിറ്റാണ്ടുകളുടെ സാരഥ്യം ഇരുവരുടെയും കരങ്ങളിലായിരുന്നു. സമസ്തയുടെയും മുസ്‌ലിം സമാജത്തിന്റേയും സുവര്‍ണകാലമായിരുന്നു അത്. കണ്ണിയത്തുസ്താദിന്റെ നിഷ്‌കളങ്കവും നിസ്വാര്‍ഥവുമായ ആത്മീയ ജീവിതവും ശംസുല്‍ ഉലമയുടെ സ്ഫുടം ചെയ്‌തെടുത്ത മാസ്മരിക വ്യക്തിത്വവും ഇതിഹാസ സമാനമായ നേതൃധന്യതയായി ആ കാലഘട്ടത്തെ അടയാളപ്പെടുത്തി. ഇസ്‌ലാമികാദര്‍ശത്തിന്റെ സംരക്ഷണത്തിനായി അവര്‍ നടത്തിയ പേരാട്ടങ്ങളുടെ നീണ്ട ചരിത്രം, സുന്നീ വിരുദ്ധര്‍ക്കെതിരെയുള്ള ആശയസംവാദങ്ങള്‍, നവോഥാനത്തിന്റെയും മുന്നേറ്റത്തിന്റെയും വഴികളില്‍ അവര്‍ തീര്‍പ്പാക്കിയ ദീര്‍ഘദര്‍ശനം ചെയ്ത തീരുമാനങ്ങള്‍, എല്ലാം ഒരു ചരിത്ര വിദ്യാര്‍ഥിയുടെ കൗതുകത്തോടെ പഠന വിഷയമാക്കേണ്ടതാണ്. സമസ്തയുടെ ചരിത്രത്തിലെ ശയ്ഖാനി എന്ന നിലയില്‍ അറിയപ്പെടുന്ന ഇരുവരും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ജനിച്ച്, ആ ശതകത്തിന്റെ അവസാന കാലത്ത് പൊലിഞ്ഞ രണ്ട് താരകങ്ങളാണ്. പ്രാര്‍ഥനയുടെ നിലാവെളിച്ചം കണ്ണിയത്ത് അവറാന്‍ കുട്ടി- ഖദീജ ഉമ്മ ദമ്പതികളുടെ പുത്രനായി മഞ്ചേരിക്കടുത്തുള്ള തോട്ടക്കാട് എന്ന സ്ഥലത്ത് എ.ഡി 1900 ജനുവരി 17 നാണ് കണ്ണിയത്തുസ്താദിന്റെ ജനനം. പിതാവിന്റെ ആകസ്മിക മരണാനന്തരം ജ്യേഷ്ഠന്‍ കണ്ണിയത്ത് അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ തണലിലാണ് അഹ്മദ് മുസ്‌ലിയാര്‍ വളര്‍ന്നത്. റഈസുല്‍ ഖാരിഈന്‍ എന്ന അപരനാമധേയത്തില്‍ പ്രസിദ്ധനായ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ പ്രതിഭാധനനായ പണ്ഡിതനായി കേളി കേട്ടയാളാണ്. ചാപ്പനങ്ങാടി കുഞ്ഞാമുട്ടി മുസ്‌ലിയാര്‍, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, ശംസുല്‍ ഉലമ ഖുത്വുബി മുഹമ്മദ് മുസ്‌ലിയാര്‍, ചെറുശ്ശേരി അഹമദ് കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍ അസീസ് വേലൂരി, വൈത്തല അഹ്മദ് കുട്ടി മുസ്‌ലിയാര്‍ എന്നീ പരിണിത പ്രജ്ഞരായ പണ്ഡിത കേസരികളുടെ മൂശയിലാണ് കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍ എന്ന അനിതരസാധാരണത്വമുള്ള പ്രതിഭ വാര്‍ത്തെടുക്കപ്പെട്ടത്. അത്ഭുതകരമായ ഓര്‍മ ശക്തിയും കൂര്‍മബുദ്ധിയും കണ്ണിയത്തുസ്താദിന്റെ സവിശേഷതയായിരുന്നു. കര്‍മശാസ്ത്രത്തിന്റെ സങ്കീര്‍ണതകള്‍ ഒരു കരതലാമലകം പോലെ കൈകാര്യം ചെയ്ത കണ്ണിയത്തെന്ന അധ്യാപകന്റെ ഖ്യാതി ഭുവന പ്രശസ്തമാണ്. ഉമ്മത്തിന്റെ പ്രതിസന്ധി വേളകളില്‍ കണ്ണിയത്തുസ്താദിന്റെ പ്രാര്‍ഥനായിരുന്നു ഊര്‍ജം. യാ വദൂദ്... എന്നാവര്‍ത്തിക്കുന്ന ആ ജ്ഞാനഗുരുവിന്റെ പ്രാര്‍ഥനക്കൊപ്പം ഭക്തിസാന്ദ്രമായ പതിനായിരങ്ങളുടെ പുരുഷാരം നിറഞ്ഞുനിന്ന നീണ്ട പാതിരാവുകള്‍ ആ ജീവിത കാലത്തെ സവിശേഷതയായിരുന്നു. ഒരു കറാഹത്ത് പോലും ചെയ്യാത്ത ആ ധന്യജീവിതം നിരന്തരം പ്രാര്‍ഥനാ നിര്‍ഭരമായിരുന്നു. ആ കരങ്ങള്‍ ഉയര്‍ന്നു താഴുമ്പോഴേക്കും വരണ്ടഭൂമിയുടെ ദാഹം തീര്‍ത്ത് മഴ തിമിര്‍ത്ത് പെയ്തത് അല്ലാഹുവിന്റെ ആ ഇഷ്ടദാസന്റെ ജീവിത കാലത്ത് നിരവധിതവണ ആവര്‍ത്തിക്കപ്പെട്ട അത്ഭുതക്കാഴ്ചകളായിരുന്നു. സമസ്തയുടെ പരമാധ്യക്ഷനായി 1967 മെയ് 25നാണ് കണ്ണിയത്തുസ്താദ് സ്ഥാനമേല്‍ക്കുന്നത്. സ്ഥാപക കാലം മുതല്‍ മരണം വരെ ആ ശ്രേഷ്ഠഗുരു സമസ്തയുടെ നേതൃരംഗത്ത് സജീവമായിരുന്നു. ശംസുല്‍ ഉലമയുള്‍പ്പെടെ അപൂര്‍വ്വ പ്രതിഭാധനന്മാരായ പണ്ഡിതവരേണ്യരുടെ ആചാര്യനായിരുന്ന കണ്ണിയത്തുസ്താദ് ഇതര മതവിഭാഗങ്ങള്‍ക്കിടയിലും ഏറെ സ്വീകാര്യനായിരുന്നു. വാഴക്കാട്ടെ ജനത മതഭേദമില്ലാതെ അവരെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തു. തനിക്ക് ശരിയെന്ന് ബോധ്യമുള്ള നിലപാടുകള്‍ ഉറക്കെ പറഞ്ഞ മഹാനവര്‍കള്‍ക്ക് സത്യസന്ധമായ നിലപാടുകള്‍ക്കു മുന്‍പില്‍ പക്ഷഭേദങ്ങള്‍ ഉണ്ടായിരുന്നില്ല. ഒരു സൂഫിയുടെ സ്‌നേഹജീവിതമായി കണ്ണിയത്ത് സദാ കാരുണ്യത്തിന്റെ നിലാവ് പൊഴിച്ച് സര്‍വ്വര്‍ക്കും കുളിരുപകര്‍ന്നു. ബഹുസ്വരതയുടെ സൗന്ദര്യം നിലനിര്‍ത്തിത്തന്നെ വ്യക്തിത്വത്തിന്റെ ആന്തരിക കാന്തിയെ പ്രകാശിപ്പിച്ച ആ സ്‌നേഹതാരകം 1993 സെപ്റ്റംബര്‍ 19 ന് നമ്മെ വിട്ടുപിരിഞ്ഞു. ജനാസ നിസ്‌കാരത്തിനായി കൂടിയ ആറ് ലക്ഷത്തോളം വരുന്ന സത്യവിശ്വാസികള്‍ ആ ശ്രേഷ്ഠ ജീവിതത്തിന്റെ സ്വാധീനത്തിന്റെ സാക്ഷിപത്രമാണ്. ജ്ഞാനസൂര്യന്റെ കെടാവെളിച്ചം ശംസുല്‍ഉലമയെന്ന ജ്ഞാനേതിഹാസം കണ്ണിയത്തെന്ന മഹാഗുരുവിന്റെ ജ്ഞാനത്തോപ്പിലെ ഏറ്റവും സുഗന്ധദായിയായ പുഷ്പമായിരുന്നു. യമനിലെ തരീമില്‍ നിന്ന് കേരനാടിന് ലഭിച്ച അപൂര്‍വ്വ സൗഭാഗ്യമായ ശംസുല്‍ ഉലമയുടെ ജന്മം 1914 ല്‍ പണ്ഡിതശ്രേഷ്ഠനായ കോയക്കുട്ടി മുസ്‌ലിയാരുടെയും ഫാത്തിമ ബീവിയുടെയും പ്രഥമപുത്രനായിട്ടാണ്. സഹോദരന്മാരെല്ലാം തന്നെ ഉമ്മത്തിന്റെ ആത്മീയ നഭസിലെ താരകങ്ങളായിരുന്നു. എഴുത്തശ്ശന്‍ കണ്ടി തറവാട്ടിലെ അബൂബക്കറെന്ന ബാലന്‍ പഠനാരംഭത്തില്‍ തന്നെ അധ്യാപകര്‍ക്ക് അത്ഭുതമായിരുന്നു. അതീവ കൂര്‍മതയുള്ള ബുദ്ധിവൈഭവം അന്നുതന്നെ ശ്രദ്ധേയനാക്കി. ഇംഗ്ലീഷിലും ശാസ്ത്രവിഷയങ്ങളിലും അസാധാരണ മികവ് പ്രകടിപ്പിച്ച ആ വിദ്യാര്‍ഥി മെട്രിക്കുലേഷന്‍ വിജയിക്കുന്നതോടെ പിതാവ് തന്റെ കീഴില്‍ തന്നെ മതപഠനം നടത്തിച്ചു. കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, ഖുതുബി, ശാലിയാത്തി, ശൈഖ് അബ്ദുല്‍ ഖാദിര്‍ ഫള്ഫരി തുടങ്ങിയ ജ്ഞാന സാഗരങ്ങളില്‍ നിന്ന് ദാഹം തീര്‍ത്ത ശംസുല്‍ ഉലമ ബാഖിയാത്തിലെ പഠനകാലത്ത് സതീര്‍ഥ്യര്‍ക്കും ഗുരുവര്യര്‍ക്കും അത്ഭുതമായിരുന്നു. സംസ്‌കൃതം, സുറിയാനി എന്നീ പൗരാണികഭാഷകളിലെ മികവിനൊപ്പം ഇംഗ്ലീഷ് പോലെയുള്ള ഭാഷകളിലും അസാധാരണ വൈഭവമുണ്ടായിരുന്നു ശൈഖുനക്ക്. ക്രൈസ്തവ മിഷണറിയുടെ പ്രചണ്ഡ പ്രചാരണങ്ങളില്‍ പകച്ചുനിന്ന മുസ്‌ലിം കൈരളിക്ക് രക്ഷകനായത് ശംസുല്‍ ഉലമയായിരുന്നു. എതിരാളിയെ നിരായുധമാക്കുന്ന വാദശരങ്ങള്‍ കൊണ്ട് ശൈഖുന അജയ്യമായി നിലകൊണ്ടു. സുന്നീ വിരുദ്ധ ആശയങ്ങള്‍ക്കെതിരെ ആ മൂര്‍ച്ചയുള്ള ധിഷണയുടെ പ്രഹരം സുന്നീ കൈരളിയുടെ കരുത്തായി മാറി. നാല് പതിറ്റാണ്ട് കാലം സമസ്തയുടെ മുഖ്യകാര്യദര്‍ശിയായി പ്രവര്‍ത്തിച്ച കാലം, മുസ്‌ലിം ലോകം തന്നെ ആ വാക്കുകള്‍ ശ്രദ്ധിച്ചു. ഖാദിയാനിസത്തിനെതിരെയുള്ള നിലപാടുകള്‍ വിശ്വപ്രസിദ്ധമായി. കോടതികളില്‍ വരെ ആ വാദവൈദഗ്ധ്യത്തിന്റെ ഗാംഭീര്യം കണ്ടു. ശരീഅത്ത് ചോദ്യംചെയ്യപ്പെട്ട ഷാബാനു കേസ് വിവാദകാലത്ത് ഒരു ഭരണഘടനാ വിദഗ്ധന്റെ നൈപുണ്യത്തോടെ ഉമ്മത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ബഹുസ്വരതയുടെ കാവല്‍ക്കാരനായി നിന്ന് മുസ്‌ലിം ഉമ്മത്തിന്റെ അസ്തിത്വം വിലപറഞ്ഞ നാളുകളില്‍ ഒരു സേനാനായകനെപ്പോലെ സമുദായത്തിന്റെ കാവലാളായി. ഒരിതിഹാസമായിരുന്നു ശംസുല്‍ഉലമ. യുഗാന്തരങ്ങള്‍ക്കിടയില്‍ മാത്രം പിറവികൊള്ളുന്ന മുജദ്ദിദ്. സയ്യിദ് അലവി മാലിക്കിയെപ്പോലെയുള്ള ഭുവനപ്രശസ്ത പണ്ഡിത ശ്രേഷ്ഠര്‍ പോലും ഒന്നു തൊടാന്‍ വെമ്പിനിന്ന അധ്യാത്മിക ചക്രവാളത്തിലെ അത്യപൂര്‍വ്വ ജ്ഞാനസൂര്യന്‍. ഒരു വിരലനക്കം കൊണ്ട് മാത്രം ലക്ഷങ്ങളുടെ ജനസാഗരത്തെ നിയന്ത്രിച്ച നേതൃഗരിമ. വിശേഷണങ്ങള്‍ക്കൊതുങ്ങാത്ത അഗാധ ജ്ഞാനവും അസാമാന്യധൈര്യവും ചേര്‍ന്നുനിന്ന മഹാഗുരു. ആത്മ രഹസ്യങ്ങളുടെ ചെപ്പ് തുറന്ന ആത്മജ്ഞാനി. ഇതിഹാസങ്ങള്‍ ഒരുമിച്ചു മേളിച്ചപോലെയുള്ള ആ അത്ഭുത ജീവിതം 1996 ഓഗസ്റ്റ് 19 ന് (ഹിജ്‌റ 1417 റബിഉല്‍ ആഖിര്‍ 4) തിങ്കളാഴ്ച സുബ്ഹിയോടെ വഫാത്താകുന്ന നേരംവരെ തീര്‍ത്ത കര്‍മകാണ്ഡം നിസ്തുലമാണ്. ഒരു അചുംബിത പുഷ്പംപോലെ അപ്രാപ്യമായി നില്‍ക്കുകയാണ് ആ ജ്ഞാനസൂര്യന്റെ വിടവ്. അപരിഹാര്യമായി, നിതാന്തവിസ്മയമായി.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago