കൈയില്‍ മൂക്ക് വളര്‍ത്തി മുഖത്തേക്ക് മാറ്റിവച്ചു; അപൂര്‍വ നേട്ടവുമായി ഫ്രാന്‍സിലെ ഡോക്ടര്‍മാര്‍
ബ്രസ്സല്‍സ്: കാന്‍സര്‍ ബാധിച്ച് മൂക്ക് ഏതാണ്ട് പൂര്‍ണമായും നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഫ്രാന്‍സിലെ ശസ്ത്രക്രിയാ വിദഗ്ധര്‍ ഒരു സ്ത്രീയുടെ കൈയില്‍ മൂക്ക് വളര്‍ത്തി അവളുടെ മുഖത്തേക്ക് മാറ്റിവച്ചു. കൈത്തണ്ടയില്‍ വളരുന്ന മൂക്കിന്റെ ചിത്രങ്ങള്‍ ടൗലൂസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ (സി.എച്ച്.യു) ഫേസ്ബുക്കില്‍ പങ്കുവച്ചു. കഴിഞ്ഞ ചൊവ്വാഴ്ച യുവതിയുടെ മുഖത്ത് പുതിയ മൂക്ക് വിജയകരമായി ഒട്ടിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
നാസല്‍ കാവിറ്റി കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് 2013ല്‍ റേഡിയോ തെറാപ്പി, കീമോതെറാപ്പി ചികില്‍സകള്‍ നടത്തിയതോടെയാണ് ടൗലൂസില്‍ നിന്നുള്ള സ്ത്രീക്ക് മൂക്കിന്റെ പുറം ഭാഗം നഷ്ടപ്പെട്ടത്. കൃത്രിമ മൂക്ക് ഘടിപ്പിക്കാനുള്ള നീക്കം പരാജയപ്പെടുകയും പുനര്‍നിര്‍മാണ ശ്രമങ്ങള്‍ നടത്താതിരിക്കുകയും ചെയ്തതോടെ മൂക്ക് ഇല്ലാതെ വര്‍ഷങ്ങളോളം ജീവിച്ചു. എന്നാല്‍ ഇപ്പോള്‍, അദ്ഭുതകരമായ മെഡിക്കല്‍ നടപടിക്രമത്തിലൂടെ ഒരു പുതിയ മൂക്ക് ലഭിച്ചു. അതും അവള്‍ സ്വയം വളര്‍ത്തിയ മൂക്ക്.
തരുണാസ്ഥി മാറ്റിസ്ഥാപിക്കുന്നതിനായി 3-ഡി പ്രിന്റ് ചെയ്ത ബയോമെറ്റീരിയലില്‍ നിന്ന് നിര്‍മിച്ച ഒരു ഇഷ്ടാനുസൃത മൂക്ക് അവള്‍ക്കായി ഉണ്ടാക്കുകയും തുടര്‍ന്ന് അവളുടെ കൈത്തണ്ടയില്‍ ഘടിപ്പിക്കുകയും ചെയ്തു. മൂക്കിനു മുകളില്‍ ചര്‍മം വച്ചുപിടിപ്പിച്ച് വളര്‍ത്തിയെടുത്തു. ഇതിനായി അവരുടെ നെറ്റിയുടെയും ചെവിയുടെയും ഇടയില്‍ നിന്നുള്ള ചര്‍മം വെട്ടിയെടുത്ത് ഉപയോഗിച്ചു.
രണ്ട് മാസത്തേക്ക് കൈയില്‍ വളരാന്‍ അനുവദിച്ച ശേഷമാണ് മുഖത്തേക്ക് പറിച്ചുനട്ടത്. കൈയിലെ ചര്‍മത്തില്‍ വളര്‍ന്ന രക്തധമനികള്‍ സങ്കീര്‍ണമായ മൈക്രോ സര്‍ജറികളിലൂടെ മൂക്കിലെ ചര്‍മത്തിലെ രക്തധമനികളുമായി ബന്ധിപ്പിക്കാന്‍ സാധിച്ചതോടെ അവയവമാറ്റം പൂര്‍ണ വിജയമായി. 10 ദിവസത്തെ ആശുപത്രിവാസത്തിനും മൂന്നാഴ്ചത്തെ ആന്റിബയോട്ടിക്കുകള്‍ക്കും ശേഷം രോഗി വളരെ സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇത്തരത്തിലുള്ള അവയവ പുനര്‍നിര്‍മാണ-മാറ്റിവയ്ക്കല്‍ അപൂര്‍വമാണ്. ദുര്‍ബലമായ തൊലിപ്പുറത്തും ശക്തമായ രക്തധമനികളുടെ അഭാവത്തിലും അവയവം വളര്‍ത്തിയെടുത്ത് മാറ്റിസ്ഥാപിച്ചതിലൂടെ ഈ രംഗത്ത് നേരിടുന്ന പരിമിതികളെ പോലും മറികടക്കാന്‍ സാധിച്ചതായും ഭാവിയില്‍ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ ഇത് വഴിത്തിരിവാകുമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. എല്ലുകളുടെ പുനര്‍നിര്‍മാണത്തില്‍ സ്‌പെഷ്യലൈസ് ചെയ്ത മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കളായ ബെല്‍ജിയത്തിലെ സെര്‍ഹും എന്ന കമ്പനിയിലെ വൈദ്യസംഘത്തിന്റെ സഹായം വളരെ പ്രധാനമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."