'വിശദമായ ചര്‍ച്ച നടന്നില്ല, അച്ചടക്ക നടപടി ഭരണഘടനാനുസൃതമാകണം'; ഡി.സി.സി അധ്യക്ഷപ്പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ച് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും
തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷപ്പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ച് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. ഡി.സി.സി അധ്യക്ഷപ്പട്ടികയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. ഫലപ്രദമായ ചര്‍ച്ച നടന്നിരുന്നെങ്കില്‍ കൂടുതല്‍ മികച്ച പട്ടിക തയ്യാറാക്കാമായിരുന്നു. അച്ചടക്ക നടപടിക്കു മുമ്പ് വിശദീകരണം ചോദിക്കുന്നതാണ് ജനാധിപത്യ രീതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിശദമായ ചര്‍ച്ചകള്‍ വേണ്ടതായിരുന്നുവെന്ന് ചെന്നിത്തലയും ചൂണ്ടിക്കാട്ടി. അച്ചടക്ക നടപടി ഭരണഘടനാനുസൃതമാകണമെന്ന് പറഞ്ഞ അദ്ദേഹം സ്ഥാനം കിട്ടുമ്പോള്‍ ഗ്രൂപ്പില്ലെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഡി.സി.സി പട്ടികക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയ കെ.പി അനില്‍ കുമാറിനെയും ശിവദാസന്‍ നായരെയും കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിനാണ് മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരെയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്പെന്റ് ചെയ്തത്. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എം.പി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."