സഹലേ, രാഹുലേ... കൊച്ചിയിൽ എന്തായാലും ജയിക്കണം; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് എഫ്.സി ഗോവയ്‌ക്കെതിരേ
കൊച്ചി: ഐ.എസ്.എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടായ കൊച്ചിയിൽ വച്ച് എഫ്.സി ഗോവയെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ മത്സരം. ആദ്യ മത്സരത്തിൽ ജയിച്ചുതുടങ്ങിയ ബ്ലാസ്റ്റേഴ്സ് തുടർച്ചയായ മൂന്നുമത്സരങ്ങളിൽ തോറ്റിരുന്നു. എന്നാൽ അവസാനം നോർത്ത് ഈസ്റ്റിനെ ഏകപക്ഷീയമായ മൂന്നുഗോളിന് തോൽപ്പിച്ച് വിജയവഴിയിൽ എത്തി.
അഞ്ച് മത്സരങ്ങളിൽ രണ്ട് ജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. മൂന്ന് തുടർതോൽവികളിൽ നിന്ന് ഉയർത്തെഴുന്നേറ്റ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ടിൽ കളത്തിലിറങ്ങുന്നത്. രണ്ട് ജയത്തോടെ ആറ് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ ഏഴാമതാണ്. 4 മത്സരങ്ങളിൽ 3 ജയവും ഒരു തോൽവിയുമായി പട്ടികയിൽ നാലാമതാണ് ഗോവ. ഹൈദരാബാദിനോട് മാത്രമാണ് ഗോവ തോൽവി വഴങ്ങിയിട്ടുള്ളത്.
മത്സരം കടുത്തതായിരിക്കുമെങ്കിലും ടീമിന്റെ കരുത്ത് കാണിക്കാനുള്ള അവസരമാണെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുക്കുമനോവിച്ച് പറഞ്ഞു.
കഴിഞ്ഞ കളിയിൽ ഇരട്ടഗോളുകൾ നേടിയ സഹൽ അബ്ദുസ്സമദിലും പ്ലെയർ ഓഫ് ദി മാച്ചായ രഹാൽ കെ.പിയിലുമാണ് പ്രതീക്ഷ. ക്ലബ്ബിലെ മലയാളി താരങ്ങളായ ഇരുവരുടെയും പ്രകടനം കാണാൻ കൂടിയാവും ഇന്ന് കൊച്ചിയിലേക്ക് ആയിരങ്ങൾ എത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."