ജെ.ആര്‍.സി പഠനപ്രവര്‍ത്തനങ്ങള്‍ സംഘ്പരിവാര്‍ അനുകൂല യൂട്യൂബ് ചാനലിലൂടെ
ഐ.പി അബു
പുറത്തൂര്‍ (മലപ്പുറം): ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ജൂനിയര്‍ റെഡ്‌ക്രോസ് (ജെ.ആര്‍.സി) കേഡറ്റുകള്‍ക്കുള്ള പഠനപ്രവര്‍ത്തനങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് സംഘ്പരിവാര്‍ അനുകൂല യൂട്യൂബ് ചാനല്‍വഴി. വിഭാഗീയ വിഡിയോകള്‍ നിരന്തരം ഷെയര്‍ ചെയ്യുന്ന തത്വമയി എന്ന സ്വകാര്യ യൂട്യൂബ് ചാനല്‍ വഴിയാണ് പഠനപ്രവര്‍ത്തനങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്.
കൊവിഡ് പ്രതിസന്ധി കാരണം സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ ഓണ്‍ലൈന്‍ വഴിയാണ് പഠന, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജെ.ആര്‍.സി കേഡറ്റുകള്‍ക്ക് വേണ്ടി നടത്തുന്ന വ്യക്തിത്വ വികസന ക്ലാസാണ് കഴിഞ്ഞദിവസം തത്വമയി യൂട്യൂബ് ചാനല്‍ വഴി സംപ്രേഷണം ചെയ്തത്. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 10.30ന് നടത്താന്‍ നിശ്ചയിച്ച ലൈവ് പരിപാടിയുടെ ലിങ്ക് ജില്ലാ ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്തപ്പോള്‍ തന്നെ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. പ്രശ്‌നത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് തന്നെ മിക്ക അധ്യാപക കൗണ്‍സിലര്‍മാരും ലിങ്ക് സ്‌കൂള്‍തല ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്തിരുന്നു.
സമൂഹത്തില്‍ വിഭാഗീയത വളര്‍ത്തുന്ന യൂട്യൂബ് ചാനല്‍ വഴി സംസ്ഥാനത്തെ ജെ.ആര്‍.സി കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കാനെടുത്ത തീരുമാനം ദുരൂഹമാണ്.
ഇതിന് മുമ്പ് ഈ ചാനലിലൂടെ ജെ.ആര്‍.സി കേഡറ്റുകള്‍ക്ക് യോഗ പരിശീലനം നല്‍കിയിരുന്നു.സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്ന് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ നീക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കിടെയാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകള്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കാനുള്ള നീക്കം നടത്തുന്നത്. സംഭവം വിവാദമായതോടെ മലപ്പുറം ജില്ലയിലെ ജെ.ആര്‍.സി കേഡറ്റുകള്‍ തത്വമയി യൂട്യൂബ് ചാനല്‍ ഷെയര്‍ ചെയ്യേണ്ടതില്ലെന്ന് ജില്ലാ അസോസിയേഷന്‍ തീരുമാനമെടുത്തു. സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും സംസ്ഥാന നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."