പുറംവാതിൽ നിയമനങ്ങളിലെ ഉപകാരസ്മരണകൾ
കൊടിപിടിച്ചാൽ
തൊഴിലുറപ്പ്
സംസ്ഥാനത്ത് 1200 തദ്ദേശ സ്ഥാപനങ്ങളിലാണ് ഇപ്പോൾ കരാർ നിയമനങ്ങൾ നടക്കുന്നത്. ഗ്രാമപഞ്ചായത്തുകളിൽ അഞ്ചിൽ കുറയാത്ത നിയമനങ്ങൾ നടക്കുന്നു. സ്‌പെഷൽ ഗ്രേഡ് പഞ്ചായത്തുകളിൽ അംഗസംഖ്യ കൂടുന്നു. ഭരണസമിതികളുടെ രാഷ്ട്രീയതാൽപര്യം അനുസരിച്ച് കാലാവധി കഴിഞ്ഞാലും കരാർ നീട്ടിനൽകുന്നതാണ് നടപ്പുരീതി. നഗരസഭകളിൽ ആരോഗ്യം, റവന്യൂ വകുപ്പുകളിലാണ് കരാർ നിയമനങ്ങൾ കൂടുതലും. എന്നാൽ പഞ്ചായത്തുകളിൽ തൊഴിലുറപ്പ് വിഭാഗത്തിൽ എൻജിനീയർ, ഡാറ്റ എൻട്രി ഓപറേറ്റർ, ടെക്‌നിക്കൽ അസിസ്റ്റന്റ്, ഡ്രൈവർ തുടങ്ങിയ തസ്തികകളിലും തിരുകിക്കയറ്റൽ തകൃതി.
ഡാറ്റ എൻട്രി ഓപറേറ്റർമാരായി ഒന്നര പതിറ്റാണ്ടിലധികമായി നിയമനം നേടിയവർ ഇന്നും അതേ പദവികളിൽ തുടരുന്നവരായുണ്ട്. 179 ദിവസം പിന്നിട്ടാൽ പുറത്താകുമെന്നതുകണ്ട് കൗൺസിൽ കൂടി പദവി നീട്ടിക്കൊടുക്കുന്നതോടെ സ്ഥിരം ജീവനക്കാർക്ക് സമമാകുന്നു.
ദീർഘകാല നിയമനങ്ങളാണ് റിപ്രാഗ്രാഫിക് സെന്റർ, യാചക പുനരധിവാസ കേന്ദ്രം, വൃദ്ധസദനങ്ങളായ സായാഹ്നം, സാന്ത്വനം തുടങ്ങിയവയിൽ. ഇവിടങ്ങളിൽ പാചകക്കാർ, കെയർടേക്കർ തസ്തികകളിലെ പാർട്ടിനിയമനങ്ങളിലും ബന്ധു മുഖങ്ങൾ കാണാം.
സർക്കാർ ഉത്തരവും വേണ്ട
നഗരസഭകളിൽ പി.എസ്.സി വഴിയുള്ള നിയമനം ഉണ്ടാകുന്നതുവരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കണമെന്ന സർക്കാർ ഉത്തരവുണ്ട്. അതൊക്കെ കാറ്റിൽപറത്തിയാണ് അനധികൃത നിയമനം അരങ്ങുതകർക്കുന്നത്. മാത്രമല്ല, പി.എസ്.സി വഴി ഉള്ളതിനേക്കാൾ അധികം ജീവനക്കാരെ നിയമിക്കണമെങ്കിൽ സർക്കാർ അനുമതിയും തേടണം. ഇൗ അനുമതിയും ലംഘിച്ചാണ് ഇപ്പോഴത്തെ നിയമനങ്ങൾ. കോർപറേഷനിലും നഗരസഭകളിലുമായി താൽക്കാലിക നിയമനങ്ങളിൽ മുന്നിൽ എറണാകുളം ജില്ലയാണ്. കോർപറേഷനിൽ തിരുവനന്തപുരവും.
സ്‌റ്റേജും പന്തലും
ഒരുക്കിയാൽ കരാർ നിയമനം
നൂറു വാർഡുകളുള്ള തിരുവനന്തപുരത്ത് ഔദ്യോഗിക പരിപാടികൾക്കായി സ്‌റ്റേജും പന്തലും ഒരുക്കുന്നവരും കരാറിന്റെ ഗുണഭോക്താക്കളാണെന്നതാണ് കൗതുകകരം. പാർട്ടി പരിപാടികൾക്ക് സൗജന്യമായി സ്റ്റേജും പന്തലും ഒരുക്കുന്നതിന്റെ ഉപകാരസ്മരണയായി ഇത്തരക്കാർക്ക് കഴിഞ്ഞമാസം നഗരസഭ നൽകിയത് 3,34,220 രൂപ.
വിരമിച്ച ശേഷവും ജോലിയിൽ തുടരുന്ന 60 കഴിഞ്ഞ എട്ട് ഡ്രൈവർമാർ തിരുവനന്തപുരം കോർപറേഷനിൽ ജോലി ചെയ്യുന്നുണ്ട്. വിമുക്തഭടൻമാരായ പലരും സർവിസിൽ കയറി വിരമിച്ചശേഷം കരാർ നിയമനം നേടിയെന്നതാണ് രസകരം. കോർപറേഷൻ ജീവനക്കാരുടെ കുടുംബാംഗങ്ങളെ തിരുകിക്കയറ്റുന്നതും പതിവ്. നിയമന കാലാവധി കഴിഞ്ഞാൽ ഇവരെ മറ്റൊരു ലാവണത്തിലേക്ക് മാറ്റും; പാർട്ടി ബലമുണ്ടെങ്കിൽ മരണംവരെ തൊഴിലുറപ്പ് എന്നു സാരം.
എംപ്ലോയ്‌മെന്റിലും
കള്ളക്കളി
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുവഴി നടത്തുന്ന താൽക്കാലിക നിയമനങ്ങളിലും കള്ളക്കളി വ്യാപകമാണ്. എംപ്ലോയ്‌മെന്റിൽ നിന്നുള്ള ലിസ്റ്റിലെ പാർട്ടിക്കാരെ കണ്ടെത്തി കരാർ നിയമനം നൽകുന്നതാണ് രീതി. ചിലതൊക്കെ പിന്നീട് സ്ഥിരം നിയമനങ്ങളായിത്തീരും. പാർട്ടിക്കാരനാണ് എംപ്ലോയ്‌മെന്റ് ഓഫിസർ എങ്കിൽ കാര്യങ്ങൾ എളുപ്പമായി. ഉദ്യോഗാർഥിയുടെ സീനിയോറിറ്റി ലിസ്റ്റും പാർട്ടിക്കാരുടെ കൈകളിൽ ഭദ്രം. യഥാസമയം പുതുക്കാൻ കഴിയാത്ത കാർഡ് സീനിയോറിറ്റി നിലനിർത്തി പുതുക്കുന്നതിലും ഇടപെടലുകളുണ്ട്.
എഴുത്ത്:
ഇ.പി മുഹമ്മദ്
രാജുശ്രീധർ
എ. മുഹമ്മദ് നൗഫൽ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."