ലോക രാജ്യങ്ങൾ മാറുമോ നിലനിൽപ്പിനായി?
ഡോ. ഗോപകുമാർ ചോലയിൽ
കാലാവസ്ഥാവ്യതിയാന പ്രത്യാഘാതങ്ങൾക്ക് കടിഞ്ഞാണിടുകയെന്ന ലക്ഷ്യത്തിൽ 2015ലെ പാരിസ് ഉച്ചകോടിയിലെ (COP15) പ്രധാന തീരുമാനമായിരുന്നു താപവർധനാ പരിധി 1.5 ഡിഗ്രി സെന്റിഗ്രേഡിൽ പരിമിതപ്പെടുത്തൽ. അതിനുശേഷം കാലാവസ്ഥാ ഉച്ചകോടികൾ പലതുകഴിഞ്ഞിട്ടും ഇത് പ്രഖ്യാപനമായി മാത്രം തുടരുന്നു. താപവർധനാപരിധി 2.0 ഡിഗ്രി സെന്റിഗ്രേഡായി പരിമിതപ്പെടുത്തി തീരുമാനിക്കുന്നതാണ് പ്രായോഗികവും അഭികാമ്യവുമെന്ന വാദം പ്രബലമാവുകയും ചെയ്യുന്നു. 1.5 ഡിഗ്രി സെന്റിഗ്രേഡായാലും 2.0 ഡിഗ്രിസെന്റിഗ്രേഡായാലും താപ വർധനാപരിധി മേൽ അതിർവരമ്പുകൾ ലംഘിക്കപ്പെടാതെ എങ്ങനെ നിലനിർത്താമെന്ന വിഷയം സംബന്ധിച്ച് ചർച്ചകളോ സംവാദങ്ങളോ ഏതാണ്ട് നിലച്ചമട്ടാണ്.
2022 നവംബർ 6 മുതൽ 18 വരെ ഈജിപ്തിലെ ഷാം എൽ ഷെയ്ഖിൽ (Sharm El Sheikh) നടക്കുന്ന COP27 ലും പ്രധാനമായും ഊന്നിപ്പറയുന്ന വിഷയം കാലാവസ്ഥാ സംരക്ഷണമാണ്. കൃത്യമായ ഇടവേളകളിൽ സംഘടിപ്പിക്കപ്പെടാറുള്ള കാലാവസ്ഥാ ഉച്ചകോടികളിൽ, കാലാവസ്ഥാവ്യതിയാനം, താപനാധിക്യം എന്നിവയിലുള്ള ഉത്കണ്ഠകൾ പങ്കുവയ്ക്കപ്പെടുകയും അത്തരം സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള കർശനനിബന്ധനകൾ/വ്യവസ്ഥകൾ ആവർത്തിച്ചുറപ്പിക്കുകയും ചെയ്യുക പതിവുള്ളതാണ്. എന്നാൽ, പ്രയോഗികതലത്തിലെത്തുന്നതോടെ ഈ നിർദേശങ്ങൾ ലംഘിക്കപ്പെടുവാൻ മാത്രമുള്ളവയാവുന്നു എന്നതാണ് നിർഭാഗ്യകരം. താപ വർധനാപരിധി ഇപ്പോൾ തീരുമാനിക്കപ്പെട്ടിട്ടുള്ള 1.5 ഡിഗ്രി സെന്റിഗ്രേഡിന് പോലും പ്രത്യാഘാതങ്ങളുടെ വ്യാപ്തി ലഘൂകരിക്കുവാൻ പര്യാപ്തമല്ലെന്നിരിക്കെ ഇക്കാര്യത്തിൽ എന്തുകൊണ്ട് ഇളവുകൾ അനുവദിക്കപ്പെടുന്നു എന്നതിലെ യുക്തിരാഹിത്യം തിരിച്ചറിയപ്പെടേണ്ടതാണ്.
2021ൽ ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ നെറ്റ് സീറോ ഉത്സർജ്ജനം (Net Zero Emission), വനസംരക്ഷണം, കാലാവസ്ഥാ സഹായ ധനം എന്നിവയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രതിജ്ഞകൾ രാജ്യങ്ങളെടുത്തിരുന്നു. അതേ സമയം, COP26ൽ പങ്കെടുത്ത 193 രാജ്യങ്ങളിൽ 23 രാജ്യങ്ങൾ മാത്രമാണ് പദ്ധതി സമർപ്പിച്ചിട്ടുള്ളത്. ഔദ്യോഗിക അജൻഡയിലുൾപ്പെടുത്തിയില്ലെങ്കിലും ഇക്കാര്യം ചർച്ചാ വിഷയമാകും.
COP27ൽ എന്തൊക്കെ പ്രതീക്ഷിക്കാം
വികസ്വര രാജ്യങ്ങളും കാലാവസ്ഥാ നീതിന്യായത്തിന് വേണ്ടി പ്രവർത്തിക്കുന്ന (climate justice) നേതാക്കളും തീവ്ര കലാവസ്ഥാ പ്രഭാവങ്ങൾ മുഖേന സംഭവിക്കുന്ന, നഷ്ടത്തിനും നാശനഷ്ടങ്ങൾക്കും (Loss and damage) ധനസഹായം നൽകുന്നതിനെക്കുറിച്ച് ഗൗരവമായി ആവശ്യപ്പെടുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് കരുതുന്നു. ആഗോളതലത്തിൽ രൂക്ഷ കാലാവസ്ഥാപ്രശ്‌നങ്ങൾ മൂലമുള്ള നാശനഷ്ടങ്ങൾ ആവർത്തിക്കുന്നത് പ്രത്യേകിച്ച്, അവികസിത ദ്വീപ് രാഷ്ട്രങ്ങളെയും ഒരുപരിധിവരെ വികസ്വര രാഷ്ട്രങ്ങളെയും നന്നേ ബാധിക്കുന്നുണ്ട്.
വേൾഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ട്, ഓക്‌സ്ഫാം, സ്റ്റോക്ക്‌ഹോം എൻവയോൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയെല്ലാം വിശദമായ ഉൾക്കാഴ്ചകളോടെ, എന്തുകൊണ്ട്, എങ്ങനെ കഷ്ടനഷ്ടങ്ങൾ (Loss and damage ) എന്നും അവ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളെപ്പറ്റിയും COP 27ൽ വികസിത രാജ്യങ്ങളെ ബോധിപ്പിച്ചേക്കും. പുതുക്കിയ സാമ്പത്തിക സഹായ വിതരണത്തിനുള്ള മാനദണ്ഡങ്ങൾ വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങളോ ഏറ്റവും ദുർബലരായവരുടെ ആവശ്യങ്ങളോ നിറവേറ്റുന്നില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഓരോ COPയിലും മനുഷ്യപ്രേരിത കാലാവസ്ഥാവ്യതിയാനം മൂലമുള്ള കഷ്ടനഷ്ടങ്ങൾ ചർച്ച ചെയ്യാനുള്ള വികസ്വര രാജ്യങ്ങളുടെ ദുർബലമായ എല്ലാ ശ്രമങ്ങളോടും വികസിതരാജ്യങ്ങളിൽ നിന്നുള്ള ചെറുത്തുനിൽപ്പ് ശക്തമായിത്തന്നെ തുടരുകയാണ്. അന്താരാഷ്ട്ര കാലാവസ്ഥാ കരാറുകളിൽ കാലാവസ്ഥാ രൂക്ഷ പ്രതിഭാസത്താലുള്ള നാശത്തിനും നാശനഷ്ടങ്ങൾക്കുമുള്ള ധനസഹായം ഉൾപ്പെടുത്തുന്നതിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. പല വികസ്വര രാജ്യങ്ങളും COP27നെ, അത്തരമൊരു കാര്യത്തിനുള്ള ഔപചാരിക സംവിധാനം സ്ഥാപിക്കുന്നതിൽ പുരോഗതി കൈവരിക്കുന്നതിനുള്ള നിർണായക വേദിയായി ഉറ്റുനോക്കുന്നു. എന്നാൽ COP27ൽ, നഷ്ടത്തിനും നാശനഷ്ടത്തിനും ഫണ്ട് നൽകുന്ന കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കിൽ UNFCCC അതിന്റെ ഉത്തരവാദിത്വങ്ങളിൽ പരാജയപ്പെട്ടതായി കാണേണ്ടി വരും.
കാലാവസ്ഥാവ്യതിയാനത്തിന് ദരിദ്ര-വികസ്വര രാഷ്ട്രങ്ങളുടെ പങ്ക് തുലോം തുച്ഛമാണ്. എന്നിട്ടും അവർ കടുത്ത ഉഷ്ണതരംഗങ്ങളും വെള്ളപ്പൊക്കങ്ങളും മറ്റു കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങളും അനുഭവിക്കുന്നു. സമ്പന്നരാജ്യങ്ങളാണ് ചരിത്രപരമായി ഹരിതഗൃഹ വാതക ഉത്സർജനത്തിന്റെ ഏറ്റവും വലിയ സ്രോതസ്സുകൾ. അതുകൊണ്ടാണ് കാലാവസ്ഥാ ദുരന്തഹേതുവായ അവസ്ഥകൾ മൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് അവർ ധനസഹായം നൽകണമെന്ന് ആവശ്യപ്പെടുന്നത്.
ഹരിതഗൃഹവാതക ഉത്സർജനം നിയന്ത്രിക്കാൻ ലോകം തീരുമാനിച്ചിട്ട് രണ്ടര പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള രാജ്യങ്ങളുടെ നിലവിലെ കർമപദ്ധതികൾ ദയനീയമാംവിധം കുറയുകയാണെന്ന് ഏറ്റവും പുതിയ വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു. അതായത്, വാർഷിക ആഗോള ഉത്സർജനം ഇപ്പോഴും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഏതാണ്ട് 50 ബില്യൻ ടൺ കാർബൺ ഡൈ ഓക്‌സൈഡിന് തുല്യമായി. 2010- 2019 ഇടയിലുള്ള ദശകത്തിൽ, ആഗോള ഉത്സർജനം ശരാശരി ഒരു ശതമാനത്തിലധികം വർധിച്ചു. ഇത് മുൻ ദശകത്തിലെ വളർച്ചയെ അപേക്ഷിച്ച് വളരെ മന്ദഗതിയിലാണ്, ഏകദേശം 2.6 ശതമാനം. എന്നാൽ കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇത് പര്യാപ്തമല്ല. ഊർജപ്രതിസന്ധിയും സാമ്പത്തിക മാന്ദ്യവും നിലനിൽക്കുന്ന സാഹചര്യത്തിൽ, കാലാവസ്ഥാ പ്രതിസന്ധികൾ തരണം ചെയ്യാനുള്ള നടപടികൾക്ക് വേഗം കൂട്ടാൻ രാജ്യങ്ങൾക്കിടയിൽ വലിയ താൽപ്പര്യമില്ല. മാത്രമല്ല, ഉത്സർജനം ഉടനടി നിർത്തുകയോ കുറക്കുകയോ ചെയ്താലും പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. ഭൂമിയുടെ താപനം അന്തരീക്ഷത്തിൽ അടിഞ്ഞുകൂടിയ ഹരിതഗൃഹവാതകങ്ങളുടെ ഫലമാണ്, അല്ലാതെ നിലവിലുള്ള ഉത്സർജനത്തിന്റെ ഫലമല്ല. പ്രധാന ഹരിതഗൃഹവാതകമായ കാർബൺ ഡൈ ഓക്‌സൈഡ് ഏകദേശം 100 വർഷത്തോളം അന്തരീക്ഷത്തിൽ നിലനിൽക്കുന്നു. അതിനാൽ ഉത്സർജനത്തിൽ പെട്ടെന്നുള്ള കുറവുണ്ടായാൽ പോലും അതിന്റെ ഫലം ഏതാനും പതിറ്റാണ്ടുകൾക്ക് ശേഷം മാത്രമേ ഉണ്ടാകൂ. തൽഫലമായി, കഴിഞ്ഞ ഒരു ദശകത്തിൽ ശരാശരി ആഗോള താപനില മുമ്പത്തെക്കാൾ വേഗത്തിൽ ഉയർന്നു.
ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസിനുള്ളിൽ നിലനിർത്താനുള്ള പരിശ്രമത്തിന്, വാർഷിക കാർബൺ ഉത്സർജനം നിലവിലെ ഉത്സർജനത്തോതായ 50 ബില്യൻ ടണ്ണിൽനിന്ന് 2030 ഓടെ 33 ബില്യൻ ടണ്ണായും 2050 ഓടെ 8 ബില്യൻ ടണ്ണായും കുറക്കേണ്ടതുണ്ട്. താപനം 2.0 ഡിഗ്രിസെൽഷ്യസായി നിലനിർത്തണമെങ്കിൽ പോലും കാർബൺ ഉത്സർജനം 2030 ഓടെ 41 ബില്യൻ ടണ്ണായും 2050 ഓടെ 20 ബില്യൻ ടണ്ണായെങ്കിലും കുറക്കേണ്ടതുണ്ട്! ഇതിന് ലോകരാഷ്ട്രങ്ങളുടെ കൂട്ടായ പരിശ്രമം അത്യാവശ്യമാണ്. എല്ലാ മേഖലകളിൽ നിന്നും ഉത്സർജനം കുറക്കുന്ന പ്രക്രിയ നടപ്പാക്കിയാൽ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കൂ.
നടപടികളാണ് ആവശ്യം
മാരകവിഷം മന്ദഗതിയിൽ ശരീരത്തെ ഗ്രസിച്ച് പിന്നീട് ദുരന്തമുക്തി സാധ്യമല്ലാത്ത അവസ്ഥയിൽ എത്തിക്കുന്നതുപോലെയാണ് കാലാവസ്ഥയിലെ വ്യതിയാനങ്ങൾ ഭൂമിയെ ബാധിക്കുന്നത്. ഒരു ഘട്ടം കഴിഞ്ഞാൽ തിരിച്ചുവരവിനുള്ള സാധ്യത പോലും അപ്രാപ്യമാകുമെന്നതിനാൽ എത്രയും പെട്ടെന്ന് പരിഹാര നടപടികൾ പ്രാവർത്തികമാക്കണം. കഴിഞ്ഞ വർഷങ്ങളിലെ കാലാവസ്ഥാ ഉച്ചകോടികൾ കൈക്കൊണ്ട തീരുമാനങ്ങൾ എത്രത്തോളം ലംഘിക്കപ്പെട്ടു എന്നതിന്റെ കുമ്പസാരമോ കുറ്റം പറച്ചിലോ നടത്താനുള്ള വേദികൾ മാത്രമായി പോവരുത് പിന്നീട് നടക്കുന്ന ഉച്ചകോടികൾ (COPകൾ). ഓരോ ഉച്ചകോടിയിലെയും തീരുമാനങ്ങൾ എത്രത്തോളം നടപ്പാക്കാനായി എന്നതിന്റെ ചാരിതാർഥ്യത്തിലായിരിക്കണം അത്തരം വേദികൾ ഉദ്‌ഘോഷിക്കേണ്ടത്.
(കാലാവസ്ഥ ശാസ്ത്രജ്ഞനാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."