ഇന്ത്യയെ കണ്ടെത്തിയ നെഹ്റു
ഹബീബ് റഹ്‌മാൻ കരുവൻ പൊയിൽ
ആധുനിക ഇന്ത്യയുടെ ശിൽപി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമാണിന്ന്. മഹാത്മജി കഴിഞ്ഞാൽ ഇന്ത്യയെ ഏറ്റവും വിസ്മയിപ്പിച്ച നേതാവാണ് അദ്ദേഹം. സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിന്റെ മുന്നണി പോരാളിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായ അദ്ദേഹം എക്കാലവും ഭാരതത്തിൻ്റെ യശസ് ലോക രാഷ്ട്രങ്ങൾക്കിടയിൽ ഉയർത്തിപ്പിടിച്ച നേതാവ് കൂടിയായിരുന്നു. കുട്ടികളെ ഏറെ ഇഷ്ടപ്പെട്ട, കുട്ടികളുടെ ചാച്ചാജിയായി അവരോടൊപ്പം കളിച്ച പണ്ഡിറ്റ് നെഹ്റുവിന്റെ ഓർമക്കാണ് ഇന്ന് ശിശുദിനമായി ആചരിക്കുന്നത്. സ്വതന്ത്ര ഇന്ത്യക്ക് നെഹ്റുവിനെപ്പോലുള്ള നേതാവിനെ കിട്ടിയില്ലായിരുന്നുവെങ്കിൽ രാജ്യത്തിൻ്റെ ചരിത്രംതന്നെ മറ്റൊന്നാകുമായിരുന്നു എന്നാണ് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയത്.
സ്വാതന്ത്ര്യം നേടിത്തരുന്നതിൽ ഗാന്ധിജിയോടൊപ്പം സുപ്രധാന പങ്ക് വഹിച്ച നെഹ്റു 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. പ്രധാനമന്ത്രി എന്ന നിലയിൽ ഭാവി ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനുള്ള ബൃഹത് പദ്ധതികൾ അദ്ദേഹം ആവിഷ്കരിച്ചു. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, വിദ്യാഭ്യാസ, ശാസ്ത്രീയ രംഗങ്ങളിലൊക്കെയും നവീകരണപദ്ധതികൾ നടപ്പാക്കി. ലോകോത്തരനിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബഹിരാകാശ പദ്ധതി, ഇംഗ്ലീഷ് ഭാഷയുടെ വ്യാപക പ്രചാരം എന്നിവയിലെല്ലാം നെഹ്റുവിന്റെ ദീർഘവീക്ഷണങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും നമുക്ക് കാണാവുന്നതാണ്. ഇതിനെല്ലാമുപരിയായി കോളനി വാഴ്ചയിൽനിന്ന് ഇന്ത്യക്കൊപ്പം മോചിതമായ മറ്റു പല രാജ്യങ്ങളും സ്വേഛാധിപത്യത്തിന്റെയും പട്ടളാധിപത്യത്തിന്റെയും പിടിയലമർന്നപ്പോഴും നമ്മുടെ ജനാധിപത്യം കരുത്തോടെ തഴച്ചുവളർന്നത് നെഹ്റുവിന്റെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കാവുന്നതാണ്.
രാജ്യത്തിൻ്റെ സർവ്വതോന്മുഖ വികസനത്തിനും വളർച്ചക്കും പുരോഗതിക്കും ലക്ഷ്യമിട്ട് 1951ൽ തുടക്കമിട്ടതാണ് പഞ്ചവത്സര പദ്ധതികൾ. അതേ ലക്ഷ്യംവച്ച് നിലവിൽ വന്നതാണ് 1950 ലെ ആസൂത്രണ കമ്മിഷനും. രണ്ടിന്റെയും ഉപജ്ഞാതാവ് നെഹ്റുവായിരുന്നു. ഇതിൽ നിന്ന് തന്നെ അദ്ദേഹത്തിന്റെ ദീർഘദൃഷ്ടിയും ഭരണപാടവവും ഊഹിക്കാവുന്നതേയുള്ളൂ.
എപ്പോഴും പൊതുജനങ്ങൾക്കു സമീപിക്കാവുന്നയാളായിരുന്നു നെഹ്റു. അവരോടു സംസാരിക്കാൻ അദ്ദേഹവും ഇഷ്ടപ്പെട്ടിരുന്നു. നെഹ്റു ഇടതോ വലതോ ആയിരുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ ജനപ്രിയതയ്ക്കു കാരണമായത്. ജനാധിപത്യത്തിൽ പക്ഷം പിടിക്കലല്ല, മധ്യമാർഗമാണ് വേണ്ടത് എന്നു നെഹ്റുവിന് അറിയാമായിരുന്നു. എല്ലാവരെയും ഒരുമിപ്പിക്കുന്ന നീക്കം നടത്തിയതിനാൽ ആൾക്കൂട്ടം, ബുദ്ധിജീവികൾ, ന്യൂനപക്ഷങ്ങൾ, യുവാക്കൾ, കുട്ടികൾ, വൃദ്ധർ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള മുഴുവൻ ഇന്ത്യൻ ജനതയും അദ്ദേഹത്തെ സ്നേഹിച്ചു. അദ്ദേഹം തിരിച്ചും. “എനിക്കെൻ്റെ ജനങ്ങളെ മുന്നോട്ട് നയിക്കണം. അതിനായി അണക്കെട്ടുകളും സ്കൂളുകളും ആശുപത്രികളും റിസർവോയറുകളും പണിയണം. എന്റെ നാട്ടിലെ വയലുകൾ ഉഴുതുമറിച്ച് ഫലഭൂയിഷ്ഠത വരുത്തണം. അതുകൊണ്ട് ഞാൻ ഒരിക്കലും യുദ്ധത്തിന് മുതിരില്ല. ഒരു ചേരിയിലും ചേരാതെ നിഷ്പക്ഷരായി നിലകൊള്ളും” എന്ന് പ്രഖ്യാപിച്ച നെഹ്റുവിൽ നിന്ന് ഇന്നത്തെ ഭരണാധികാരികൾക്ക് ഏറെ പഠിക്കാനുണ്ട്. പടിഞ്ഞാറൻ മേൽക്കോയ്മകൾക്ക് മുന്നിൽ അഭിമാനം പണയം വയ്ക്കാതെ നെഞ്ചു വിരിച്ച് തലയുയർത്തി നിന്ന, മൂന്നാം ലോക, വികസ്വര രാജ്യങ്ങളുടെ നേതാവായിരുന്നു അദ്ദേഹം.
ഇന്ത്യ 2022ലെത്തുമ്പോൾ നെഹ്റുവിൻ്റെ സാന്നിധ്യം ഇല്ലാതാക്കുകയാണ് എൻ.ഡി.എ സർക്കാർ. ചരിത്രത്തിൽനിന്നും വർത്തമാനത്തിൽനിന്നും അദ്ദേഹത്തെ നീക്കാൻ ആസൂത്രിത ശ്രമങ്ങൾ ഭരണകൂട പിന്തുണയോടെ തുടരുന്നു. ഹിന്ദുത്വ ശക്തികളുടെ ഏറ്റവും വലിയ എതിരാളികളായിരുന്നു നെഹ്റുവും ഗാന്ധിയും. ഗാന്ധിയെ ഇല്ലാതാക്കി. നെഹ്റുവിനെ ഇല്ലാതാക്കാൻ അവർക്ക് കഴിഞ്ഞില്ലെങ്കിലും ജനമനസ്സുകളിൽനിന്നും ചരിത്രത്തിൽനിന്നും തുടച്ചുമാറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ മതേതര, ജനാധിപത്യ ഇന്ത്യ നിലനിൽക്കുന്ന കാലത്തോളം നെഹ്റുവിനെ മായ്ക്കാൻ ആർക്കും സാധിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."