കോണ്‍ഗ്രസില്‍ പോര് മുറുകി അസാധാരണ പ്രതികരണവുമായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും
യു.എം മുഖ്താര്‍
തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്റുമമാരെ പ്രഖ്യാപിച്ചതിലുള്ള അതൃപ്തി പരസ്യമാക്കി അസാധാരണ പ്രതികരണവുമായി മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും. ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ചര്‍ച്ച നടന്നിരുന്നെങ്കില്‍ ഇത്രയും മോശമായ അന്തരീക്ഷമുണ്ടാകുമായിരുന്നില്ലെന്നുമാണ് ഇവര്‍ പറയുന്നത്.
രണ്ടു പതിറ്റാണ്ടിലേറെയായി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം അടക്കിഭരിച്ച ഇരു ഗ്രൂപ്പുകളുടെയും നേതാക്കളായ ഇവര്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു അഭിപ്രായപ്രകടനം നടത്തുന്നത്.
പട്ടിക തയാറാക്കുന്നതിനു മുമ്പ് ആവശ്യത്തിന് ചര്‍ച്ച നടത്തിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും പറയുമ്പോഴാണ് അത്തരത്തിലൊരു ചര്‍ച്ചയും നടന്നില്ലെന്ന് ഇന്നലെ രാവിലെത്തന്നെ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മാധ്യമങ്ങള്‍ക്കു മുമ്പാകെ തുറന്നടിച്ചത്.
തന്നോട് പാനല്‍ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തിയ ഉമ്മന്‍ ചാണ്ടി ഇക്കാര്യം മാധ്യമങ്ങള്‍ക്കു മുന്നില്‍ പരസ്യമാക്കുകയും ചെയ്തു. പെട്ടെന്നുള്ള സസ്‌പെന്‍ഷന്‍ നടപടിയോടും ഇരുവരും വിയോജിച്ചു. കോണ്‍ഗ്രസിനുള്ളില്‍ ജനാധിപത്യ രീതിയിലുള്ള പ്രതികരണം മുമ്പുമുണ്ടായിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
രണ്ടാംനിര നേതാക്കള്‍ കാലുമാറുമോയെന്ന ആശങ്കയിലാണ് ഇരുവരുടെയും പരസ്യപ്രതികരണം.
ഡല്‍ഹിയിലും കൊച്ചിയിലുമായി രണ്ടുപേര്‍ക്കും മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡിസതീശനും സുധാകരനുമെത്തി.
ചര്‍ച്ച നടത്തിയതായി കടലാസുകള്‍ ഉയര്‍ത്തിക്കാണിച്ച് ഇരുവരും പറഞ്ഞു.
ഇനി ആ സമ്മര്‍ദം ഫലിക്കില്ലെന്ന് സതീശന്‍ മുന്നറിയിപ്പും നല്‍കി. 2011ല്‍ മന്ത്രിമാരുടെ പട്ടികയിലുണ്ടായിരുന്ന താന്‍ എങ്ങനെ വെട്ടിമാറ്റപ്പെട്ടെന്ന് ചെന്നിത്തലയെ ലക്ഷ്യംവച്ച് സതീശന്‍ ചോദിച്ചു.
പട്ടികയെ എ ഗ്രൂപ്പ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിന്തുണച്ചപ്പോള്‍ മറ്റൊരു എ ഗ്രൂപ്പ് നേതാവ് കെ.സി ജോസഫ് പരസ്യമായി എതിര്‍പ്പറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെയാണ് കേരളത്തിലെ കോണ്‍ഗ്രസിനെ ഗ്രൂപ്പ് മുക്തമാക്കാനുള്ള ശ്രമം ഹൈക്കമാന്‍ഡ് തുടങ്ങിയത്. ആദ്യം പുതിയ കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷനേതാവും വന്നു.
ഇപ്പോള്‍ ഡി.സി.സി അധ്യക്ഷരുമായി. വരാനിരിക്കുന്ന കെ.പി.സി.സി ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ അധികാര സമവാക്യ മാറ്റം പൂര്‍ണമാകുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."