അമേരിക്കാക്കക്ക്…
അമേരിക്കാക്കക്ക്…
എന്താ അമേരിക്ക നന്നാവാത്തത് എന്ന ചോദ്യം ആരും ചോദിക്കില്ല, ഏറ്റവും ഒടുവിലെ ജോ ബൈഡന്റെ വാക്കു കേട്ടാല്‍. റഷ്യന്‍ പ്രസിഡന്റ് പുടിനും ഹമാസും ഒരേ തൂവല്‍ പക്ഷികളാണത്രെ. രണ്ടു പേര്‍ക്കും അയല്‍ നാടുകളിലെ ജനാധിപത്യം സഹിക്കില്ലത്രെ. ഇതിലും ഭേദം ഡൊണാള്‍ഡ് ട്രംപ് ആണെന്ന് തോന്നും. ഹമാസ് കുട്ടികളെ കഴുത്തറുത്ത് കൊല്ലുന്നത് കാണേണ്ടി വന്നുവെന്ന ബൈഡന്റെ പരാമര്‍ശം വൈറ്റ് ഹൗസിന് തിരുത്തേണ്ടി വന്നുവല്ലോ.
പുടിന്‍ ആള് ഭയങ്കരനാണ്. ബൈഡന്റെ ആവര്‍ത്തിച്ചുള്ള ഭീഷണി ഉണ്ടായിട്ടും ഉക്രൈയിനിനെ ഉഗ്രമായി തന്നെ ആക്രമിച്ചു. ആ പുടിനും നാലു ഓലപ്പടക്കവുമായി ഇസ്‌റാഈലില്‍ നുഴഞ്ഞു കയറി ഇപ്പോള്‍ മാളത്തിലൊളിച്ച ഹമാസും ഒരേ പോലെയെന്നാണ് ബൈഡന്റെ മൊഴി. അമേരിക്കാക്കക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്നാണല്ലോ പ്രമാണം. രണ്ടാം ലോകമഹായുദ്ധത്തിന്റെ മറവില്‍ തന്ത്രപ്രധാനമായ സ്ഥലത്ത് ഇസ്‌റാഈലിനെ നൊന്ത് പ്രസവിച്ചത് അമേരിക്കയാണ്. നൊന്തത് അറബികള്‍ക്കാണെന്ന് മാത്രം. ഫലസ്തീന്‍ പ്രദേശത്തുനിന്ന് ജനത്തെ ഒഴിപ്പിക്കുകയാണ് ഇസ്‌റാഈലിന്റെ ലക്ഷ്യം. അതു സാധ്യമാകും വരെ വെടിനിര്‍ത്തില്ല.
യു.എസില്‍ ബാരക് ഒബാമ പ്രസിഡന്റായപ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു ലോകത്തിന്. പിന്നാലെ വന്നത് വായാടി കൂടിയായ ട്രംപ്. ഇസ്‌റാഈലുമായി ഏറ്റവും വലിയ സൈനിക ആയുധ കരാറുണ്ടാക്കിയത് ഒബാമയായിരുന്നു. ഇസ്‌റാഈല്‍ എന്ന രാഷ്ട്രത്തെ ആദ്യം അംഗീകരിച്ചതും അമേരിക്കയുടെ പ്രസിഡന്റ് ഹാരി ട്രൂമാന്‍.
യു.എസ് സെനറ്റില്‍ ചെറിയ പ്രായത്തില്‍ വന്ന ജോസഫ് റോബിന്‍ ബൈഡന്‍ പ്രസിഡന്റ് പദവിയില്‍ വരുന്നത് കൂടിയ പ്രായക്കാരനായിട്ടാണ്. തിക്തമായ ഒരു യൗവന കാലം ബൈഡനുണ്ട്. സെനറ്ററായി അധികം കഴിയുന്നതിന് മുമ്പ് ഭാര്യയും മകളും മരിച്ചു. പുതിയ വിവാഹം കഴിച്ചതിന് പിന്നാലെ മകന്റെ അര്‍ബുദബാധയും ചികിത്സയും മരണവും. ഇതിനിടയിലും സെനറ്റര്‍ എന്ന നിലയില്‍ പല നിയമനിര്‍മാണങ്ങള്‍ക്കും നേതൃത്വം നല്‍കി. ഈ ബലത്തിലാണ് 47ാമത് വൈസ് പ്രസിഡന്റ് പദവിയിലേക്ക് അവസരം ഒരുങ്ങിയത്. എന്നാല്‍, പ്രസിഡന്റ് പദത്തിലേക്ക് കൊള്ളില്ലെന്ന് ഏറെക്കുറെ വിധിയെഴുതപ്പെട്ടേടത്തുനിന്ന് രക്ഷപ്പെട്ടെത്തുകയായിരുന്നു ബൈഡന്‍. തെരഞ്ഞെടുപ്പ് കാലത്ത് ട്രംപ് നിരവധി ആരോപണങ്ങള്‍ കൊണ്ടുവന്നു. അതിലൊന്ന് ഉക്രൈയ്‌നുമായുള്ള കരാറിലെ മകന്‍ ഹണ്ടറുടെ ബന്ധമായിരുന്നു. എട്ട് സ്ത്രീകളാണ് ബൈഡന്‍ ശാരീരികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി എത്തിയത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ബൈഡന്‍ നടത്തിയ പ്രസംഗം ഇന്ന് ലോകത്തെ തന്നെ തുറിച്ചു നോക്കുന്നു. 'അമേരിക്ക ഒരു ആശയമാണ്. ഏതൊരു സൈന്യത്തേക്കാളും ബലവത്തും ഏത് സമുദ്രത്തേക്കാളും വലുതും ഏത് സ്വേച്ഛാധിപതിയേക്കാളും ശക്തവും ആണ് ആ ആശയം. ഭൂമിയിലെ നിരാശരായ ജനതക്ക് അത് പ്രതീക്ഷ നല്‍കുന്നു. മാന്യമായ പെരുമാറ്റം എല്ലാവര്‍ക്കും ഉറപ്പു നല്‍കുന്നു. വിദ്വേഷത്തിന് നങ്കൂരമിടാന്‍ ഇവിടെ ഇടമില്ല. എവിടെനിന്ന് ആരംഭിച്ചാലും നേടാന്‍ കഴിയാത്തത് ഒന്നുമില്ല എന്ന് രാജ്യം ഉറപ്പുവരുത്തും.' ഭൂമിയിലെ ഏറ്റവും നിരാശരായ ജനം ബൈഡനോട് മാന്യമായ പെരുമാറ്റം ആവശ്യപ്പെടുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ തെമ്മാടി രാജ്യത്തിന്റെ തന്തയാകുകയാണ് ബൈഡന്‍.
അഫ്ഗാനിസ്ഥാനിലേക്കും ഇറാഖിലേക്കും അമേരിക്കന്‍ സൈന്യത്തെ നയിക്കാന്‍ മുന്നിട്ടിറങ്ങിയവരിലൊരാളാണ് ബൈഡന്‍. മ്മ്ണി പെരുത്ത് മാരകായുധങ്ങള്‍ സദ്ദാം ഹുസൈന്റെ പക്കല്‍ ഉണ്ടെന്ന് ബോധ്യപ്പെടുത്താന്‍ വ്യാജ സാക്ഷികളെ സെനറ്റിന് മുന്നില്‍ ഹാജരാക്കിയ ബൈഡന് പക്ഷെ പില്‍ക്കാലത്ത് അത് വെറുമൊരു പിശകായി സമ്മതിക്കേണ്ടിവന്നിട്ടുണ്ട്. സദ്ദാമിനെ ഇല്ലാതാക്കുക മാത്രമായിരുന്നില്ല ബൈഡന്റെ പദ്ധതി. കുര്‍ദ്, ശിയ, സുന്നി എന്നിങ്ങനെ ആ നാടിനെ വിഭജിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
ലോകത്തിന്റെ വിളക്കാണ്, വഴി കാട്ടിയാണ് എന്നൊക്കെ അമേരിക്കയെ പറ്റി ഇപ്പോഴും ബൈഡന്‍ പറയുന്നുണ്ട്. ഭൂമിയിലെ ചെറു കീറില്‍ ജനിച്ചുവളര്‍ന്ന മനുഷ്യരെ കൊന്നൊടുക്കി ഭൂമി പിടിക്കാന്‍ ശ്രമിക്കുന്ന കഴുകന്മാരെ പിന്തുണക്കുമ്പോള്‍ തന്നെ ഇങ്ങനെ പറയണമെങ്കില്‍ എങ്ങോട്ടാണ് വഴി കാട്ടുന്നത്. ഹമാസല്ല പലസ്തീന്‍. അത് ഒരു ജനതയാണ്. വെള്ളവും വെളിച്ചവും വായുവും പോലും നിഷേധിക്കപ്പെട്ട പൊറുതി മുട്ടിയ ഒരു ജനതയുടെ കല്ലേറിനെ പോലും ആണവായുധ കപ്പല്‍ നിരത്തി ആക്രമിക്കുന്ന അമേരിക്കയും ഇസ്‌റാഈലും ഏത് വിളക്കാണേന്തുന്നത്? ഒന്നുറപ്പാണ് വംശീയ വിദ്വേഷത്തില്‍ എന്തു കെട്ടിപ്പടുത്താലും നിലനില്‍ക്കില്ല. അത് ജൂതവിരോധമായാലും മുസ്‌ലിം വിരോധമായാലും.
ജോ ബൈഡന്‍ അമേരിക്കന്‍ ഡ്രീമര്‍ എന്ന പുസ്തകം ഇവാന്‍ ഒസ്‌നോ രചിച്ചിട്ടുണ്ട്. ഒബാമക്കൊപ്പം വൈസ് പ്രസിഡന്റാകാന്‍ സാധിച്ചതിനെ വലിയ നേട്ടമായെണ്ണുന്ന ബൈഡന് അവിടത്തെ ഏറ്റവും വലിയ സിവിലിയന്‍ പദവിയായ പ്രസിഡന്റ്‌സ് മെഡല്‍ ഓഫ് ഫ്രീഡം വിത്ത് ഡിസ്റ്റിങ്ഷന്‍ സമ്മാനിച്ചത് ഒബാമയാണ്. 1987ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റ ബൈഡന്‍ രണ്ട് തവണ വൈസ് പ്രസിഡന്റ് പദവിയിലിരുന്ന അപൂര്‍വം പേരിലൊന്നാണ്. വൈസ് പ്രസിഡന്റിന് ശേഷം പ്രസിഡന്റായ ആളും. നിലവിലെ പ്രസിഡന്റിനെ തോല്‍പിച്ചയാളും ബൈഡന്‍. ജോണ്‍ എഫ്. കെന്നഡിക്ക് ശേഷം പ്രസിഡന്റാകുന്ന കത്തോലിക്കനാണ് ബൈഡന്‍. കെന്നഡിക്ക് രണ്ടു വര്‍ഷമേ പ്രസിഡന്റ് പദവിയിലിരിക്കാനായുള്ളൂ.
todays editorial 22-10-2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."