ബോംബുകളും നുണബോംബുകളും
ബോംബുകളും നുണബോംബുകളും
ബോംബുകളും നുണബോംബുകളും അങ്ങനെ തന്നെയിരിക്കട്ടെ
ചോരപൊടിയുന്ന പാട്ടിന്റെ വൃക്ഷങ്ങള്‍ കത്തിക്കാന്‍ കൃത്രിമമായ ഒലീവ് മരക്കൊമ്പിന്റെ എല്ലാ ശാഖകളും നഗ്‌നമാക്കാന്‍,
ഞാന്‍ മരണത്തെ തിരസ്‌കരിക്കേണ്ടിയിരിക്കുന്നു.
പേടിക്കുന്ന കണ്ണുകളുടെ കണ്‍പോളകള്‍ക്കപ്പുറം
ഞാന്‍ ആഹ്ലാദത്തോടെ പാടുന്നെങ്കില്‍
അതിനു കാരണം
വീഞ്ഞും അപ്പവും മഴവില്ലും
കൊടുങ്കാറ്റെനിക്ക് വാഗ്ദാനം ചെയ്തതാണ്.
അതിനു കാരണം
വൃക്ഷങ്ങളുടെ തായ്ത്തടിയില്‍ നിന്ന്
കൃത്രിമ ശിഖരങ്ങളേയും മന്ദബുദ്ധികളായ
പക്ഷികളെയും
കൊടുങ്കാറ്റ് തൂത്തെറിഞ്ഞതാണ്.
അങ്ങനെ തന്നെയിരിക്കട്ടെ.
വ്യഥിതരാവുകളിലെ മിന്നലിന്റെ ചിത്രീകരണവും
മുറിവേറ്റ നഗരവും
എനിക്ക് അഭിമാനം നല്‍കുന്നു.
തെരുവുകള്‍ കോപത്താലെന്നെ ഉറ്റുനോക്കുന്നു
പക്ഷെ, പകയുടെ നോട്ടങ്ങളില്‍ നിന്നും
നിഴലുകളില്‍ നിന്നും നീയെനിക്ക് രക്ഷ നല്‍ക….
എന്റെ ജന്മനാട്ടില്‍ കൊടുങ്കാറ്റ്
ആഞ്ഞ് വീശാന്‍ തുടങ്ങിയതിനാല്‍
എനിക്ക് വീണ്ടും മഴവില്ലും വാഗ്ദാനം ചെയ്തതിനാല്‍,
പേടിക്കുന്ന കണ്ണുകളുടെ പോളകള്‍ക്കപ്പുറം
ഞാന്‍ ആഹ്ലാദത്തിന്റെ ഗാഥ പാടുക തന്നെ ചെയ്യും.
(മഹ്മൂദ് ദര്‍വീശ് കൊടുങ്കാറ്റില്‍ നിന്നുള്ള വാഗ്ദാനങ്ങള്‍വിവ: പി.കെ പാറക്കടവ്)
'അടുത്ത മുറിയില്‍ നിന്ന് നിന്റെ ഉമ്മിയോട് ചോദിക്കുന്നത് ഞാന്‍ കേട്ടു: ' ഉമ്മീ, ഞാനൊരു ഫലസ്തീനിയാണോ?' നിന്റെ ഉമ്മി 'അതെ' എന്ന് മൊഴിഞ്ഞപ്പോള്‍ ഭീകരമായൊരു നിശ്ശബ്ദത നമ്മുടെ വീടാകെ നിറഞ്ഞുനിന്നു. നമ്മുടെ തലയ്ക്ക് മുകളില്‍ തൂങ്ങിക്കിടക്കുന്ന എന്തോ ഒന്ന് താഴെ വീണു വിസ്‌ഫോടനം ഉണ്ടായ പോലെ. പിന്നെ നിശ്ശബ്ദത. പിന്നെ നീ കരയുന്നത് ഞാന്‍ കേട്ടു.
എനിക്ക് ചലിക്കാനായില്ല. അകലെ നമ്മുടെ ജന്മഭൂമി വീണ്ടും പിറക്കുന്നത് ഞാനറിഞ്ഞു. കുന്നുകളും സമതലങ്ങളും ഒലീവ് തോട്ടങ്ങളും ജഡങ്ങളും കീറിപ്പറിഞ്ഞ ബാനറുകളും ഒരു കുട്ടിയുടെ ഓര്‍മകളിലൂടെ പുനര്‍ജ്ജനിക്കുന്നു. 'ഫലസ്തീനിന്റെ പ്രിയപ്പെട്ട കഥാകാരനായിരുന്ന ഗസാന് കനാഫാനി തന്റെ പ്രിയപ്പെട്ട പുത്രന് എഴുതിയ ഈ വരികള്‍ ഓരോ ഫലസ്തീനിയുടെയും ചിന്തയെ പ്രതിഫലിപ്പിക്കുന്നു.
ഇസ്‌റാഈല്‍ നടത്തിയ ഗസ്സ അല്‍അഹ്‌ലി ആശുപത്രിയിലെ കൂട്ടക്കുരുതിയില്‍ ലോകം നടുങ്ങി നില്‍ക്കുന്നു. എന്നിട്ടും അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ ഇസ്‌റാഈലിന് സഹായവുമായി അവിടെ എത്തുന്നു. അമേരിക്കയുടെ വിശ്വസ്തരായ കാര്യസ്ഥന്മാരെപ്പോലെയേ എല്ലാ കാലത്തും ബ്രിട്ടിഷ് പ്രധാനമന്ത്രിമാര്‍ പെരുമാറിയിട്ടുള്ളൂ (മുമ്പ് ബ്രിട്ടിഷ് പ്രധാനമന്ത്രിയെക്കുറിച്ച് നോബല്‍ സമ്മാനം നേടിയ ഹാരോള്‍ഡ് പിന്റര്‍ പറഞ്ഞത്), ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പിന്തുണയുമായി ടെല്‍അവീവിലെത്തുന്നു. എല്ലാ വേട്ടക്കാര്‍ക്കും ഒരേ മുഖമാണ്.
കള്ളങ്ങളുടെയും ചതിയുടെയും മേലെ പടുത്തുയര്‍ത്തിയ ഒരു രാജ്യമാണ് ഇസ്‌റാഈല്‍. ഒക്ടോബര്‍ ഏഴിന് ഹമാസ് നാല്‍പതിലേറെ കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്നുവെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകം മുഴുവന്‍ ആ വാര്‍ത്ത പരക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ അടക്കം അത് ആവര്‍ത്തിക്കുന്നു.
ഇസ്‌റാഈല്‍ പ്രതികാരമെന്നോണം ഗസ്സയിലെ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നു.
എന്തായിരുന്നു വാസ്തവം? സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍ സാറ ഡിസ്‌നര്‍ 'എനിക്ക് തെറ്റു പറ്റിയതാണ് ഇതൊരു കള്ളവാര്‍ത്തയായിരുന്നു. ഞാന്‍ ക്ഷമാപണം നടത്തുന്നു' എന്ന് ദിവസങ്ങള്‍ക്ക് ശേഷം പറയുന്നു.
സാറ ഡിസ്‌നറുടെ കുറ്റസമ്മതം സാമ്രാജ്യത്വ ജിഹ്വകള്‍ പോകട്ടെ നമ്മുടെ മലയാളത്തിലെ എത്ര മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു എന്ന് മാധ്യമങ്ങളുടെ സത്യസന്ധതയെക്കുറിച്ച് വാചാലരാവുന്നവരെങ്കിലും അന്വേഷിക്കണം. ഒരു രാജ്യം ചുട്ടെരിക്കും മുമ്പ് വേട്ടക്കാര്‍ നുണബോംബുകളാണ് ആദ്യം വര്‍ഷിക്കുക. ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളും സോഷ്യല്‍മീഡിയയും ഇസ്‌റാഈല്‍ അനുകൂല കള്ളപ്രചാരണത്തില്‍ ഏറ്റവും മുന്നില്‍ തന്നെയുണ്ടെന്ന് ആള്‍ട്ട് ന്യൂസ് എഡിറ്റര്‍ പ്രതീക് സിന്‍ഹ കണക്കുകള്‍ നിരത്തി പറയുന്നു.
പാശ്ചാത്യ രാജ്യങ്ങളിലടക്കം ലോകവ്യാപകമായി ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യക്കെതിരേ ഫലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ നടക്കുകയാണ്. ഗാസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കയിലെ സയണിസ്റ്റ് വിരുദ്ധ ജൂത സംഘടനപോലും വാഷിങ്ടണില്‍ പ്രകടനം നടത്തുകയുണ്ടായി.
'യുദ്ധം തെറ്റാണ്. രണ്ട് കൂട്ടരും കുറ്റക്കാരാണ്' എന്നു പറഞ്ഞ് ഇരയേയും വേട്ടക്കാരനെയും ഒരേപോലെ കരുതുന്നവരെ കരുതിയിരിക്കുക. അവര്‍ക്ക് മനസ്സാക്ഷി എന്നൊന്നില്ല.
കഥയും കാര്യവും
ഒരു കൊച്ചു കുട്ടിയുടെ ചോരയ്ക്ക് തുല്യമായ പ്രതികാരം ചെകുത്താന്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.
ഹീബ്രു കവി ഹൈംനഹ്മാന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."