തദ്ദേശസ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കിയത് 9.86 ശതമാനം പ്രവൃത്തികള്‍ മാത്രം
സ്വന്തം ലേഖകന്‍
മലപ്പുറം: സാമ്പത്തികവര്‍ഷം ആദ്യപകുതിയിലെത്തിയിട്ടും സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കിയത് 9.86 ശതമാനം പ്രവൃത്തികള്‍ മാത്രം. ഇതില്‍ പകുതിയും കഴിഞ്ഞവര്‍ഷത്തെ സ്പില്‍ ഓവര്‍ പദ്ധതികളാണ്. കഴിഞ്ഞവര്‍ഷം കൊവിഡ് പ്രതിസന്ധിക്കിടയിലും ആദ്യ അഞ്ചുമാസത്തിനിടെ 21.69 ശതമാനം പദ്ധതികള്‍ പൂര്‍ത്തീകരിച്ചിരുന്നു. പ്രളയക്കെടുതിയുണ്ടായ 2018-19 വര്‍ഷത്തില്‍ ഇക്കാലയളവില്‍ 12 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു.
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ ഈ സാമ്പത്തികവര്‍ഷം 6,306.64 കോടിയുടെ പദ്ധതിപ്രവൃത്തികളാണ് പൂര്‍ത്തിയാക്കേണ്ടത്. ഇതില്‍ 621.82 കോടിയുടെ പ്രവൃത്തികളാണ് ആറുമാസത്തിനിടെ പൂര്‍ത്തീകരിച്ചത്. 658.43 കോടിയുടെ 1,565 ബില്ലുകള്‍ ട്രഷറികളില്‍ കെട്ടിക്കിടക്കുകയാണ്. ഇതുകൂടി ലഭ്യമായാല്‍ പൂര്‍ത്തിയായ പ്രവൃത്തികള്‍ 10.44 ശതമാനത്തിലെത്തും.
ഗ്രാമപഞ്ചായത്തുകള്‍ 11.34 ശതമാനം പ്രവൃത്തികളാണ് ഇതുവരെ പൂര്‍ത്തീകരിച്ചത്. നഗരസഭകള്‍ 9.91 ശതമാനവും കോര്‍പറേഷനുകള്‍ 8.3 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകള്‍ 7.93 ശതമാനവും ജില്ലാപഞ്ചായത്തുകള്‍ 6.34 ശതമാനവും ആറുമാസത്തിനിടെ പൂര്‍ത്തീകരിച്ചു. കൊല്ലം ജില്ലയാണ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതില്‍ മുന്നില്‍ (11.79 ശതമാനം). കാസര്‍ക്കോട് ജില്ലയാണ് ഏറ്റവും പിന്നില്‍ (7.24). കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, പാലക്കാട് ജില്ലകളാണ് 10 ശതമാനം കടന്ന മറ്റ് ജില്ലകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."