പഞ്ചാര കൂടുതലാണോ? അറിയാം പ്രമേഹത്തെ പറ്റി...
നവംബര്‍ 14, ഇന്നാണ് ലോക പ്രമേഹ ദിനം. ഇന്ന് ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന ഒരു ജീവിത ശൈലി രോഗമാണ് പ്രമേഹം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ മൊത്തം മരണങ്ങളില്‍ 2 ശതമാനവും പ്രമേഹം മൂലമാണ്.അല്‍പം ശ്രദ്ധിച്ചാല്‍ എളുപ്പത്തില്‍ മാറ്റിയെടുക്കാനും,അശ്രദ്ധ കൊണ്ട് ജീവനെ തന്നെ ബാധിക്കാനും കഴിയുന്ന രോഗാവസ്ഥയാണിത്. പ്രമേഹത്തെ കുറിച്ച് സത്യവും മിഥ്യയുമായ പല ധാരകളും ആളുകള്‍ക്കിടയിലുണ്ട്.
രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. നമ്മള്‍ കഴിക്കുന്ന ആഹാരത്തിലടങ്ങിയിരിക്കുന്ന അന്നജത്തില്‍ നിന്നാണ് നമ്മുടെ ശരീരത്തിന് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ഊര്‍ജം ലഭിക്കുന്നത്. കഴിച്ച ഭക്ഷണം ദഹിക്കുന്നതോടെ ഈ അന്നജം ഗ്ലൂക്കോസായി രക്തത്തില്‍ കലരുന്നു. ഈ ഗ്ലൂക്കോസിന്റെ പ്രവര്‍ത്തനത്തിനായി ശരീര കലകളിലേക്ക് എത്തിക്കുന്നതിനാവശ്യമായ ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ കുറയുമ്പോള്‍ ശരീര കലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയും. ഇങ്ങനെ വരുമ്പോള്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടും. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയില്‍ കൂടിയാല്‍ മൂത്രത്തില്‍ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ അവസ്ഥയാണ് പ്രമേഹം.
പ്രമേഹം എന്ന രോഗാവസ്ഥയെ കുറിച്ച് പല തരത്തിലുള്ള ധാരണകളാണ് ആളുകള്‍ക്കുള്ളത്. പ്രമേഹം ഒരിക്കലും ഭേദമാക്കാനാവില്ല എന്നത് ഒരു പരിധി വരെ സത്യം തന്നെയാണ്. പക്ഷെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സയിലൂടെയും ശരിയായ ഭക്ഷണ ക്രമത്തിലൂടെയും വ്യായാമത്തിലൂടെയും നിയന്ത്രിക്കാവുന്നതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണ നിലയിലാകുന്നതോടെ ആ രോഗാവസ്ഥ മാറും. എന്നാല്‍ പഞ്ചസാര നിയന്ത്രണത്തില്‍ തന്നെ നിലനിര്‍ത്തിയില്ലെങ്കില്‍ രോഗാവസഥ വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്.
പ്രമേഹ രോഗം പാരമ്പര്യമായി ലഭിക്കും എന്ന ധാരണ എല്ലാവരിലുമുണ്ട്. എന്നാല്‍ പാരമ്പര്യത്തോക്കാളുപരി പൊണ്ണത്തടി,വ്യായാമക്കുറവ്,ഭക്ഷണക്രമത്തിലെ ആശ്രദ്ധ,പ്രായക്കൂടുതല്‍തുടങ്ങിയ ഘടകങ്ങളിലൂടെയാണ് പ്രമേഹം കൂടുതലായും വരുന്നത്. ഇതൊരിക്കലും ഒരു പകര്‍ച്ചവ്യാധിയല്ല. പ്രമേഹ രോഗികളായ മാതാപിതാക്കളിലൂടെ മാത്രമേ ഒരു കുട്ടിക്ക് പ്രമേഹം പകരൂ. അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രംപോക്ക്, വിളര്‍ച്ച, ക്ഷീണം, ശരീരഭാരം കുറയല്‍, കാഴ്ച മങ്ങല്‍, മുറിവുണങ്ങാന്‍ സമയമെടുക്കല്‍ എന്നിവയൊക്കെയാണ് പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍.
ഇലക്കറികള്‍, സാലഡുകള്‍, കൊഴുപ്പു നീക്കിയതും വെള്ളം ചേര്‍ത്തതുമായ പാല്‍, മോര്, സുഗന്ധവ്യഞ്ജനങ്ങള്‍, മുളപ്പിച്ച പയര്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മധുരപലഹാരങ്ങള്‍, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍, ധാരാളം കൊഴുപ്പും അന്നജവും അടങ്ങിയ ഭക്ഷണം, മധുരമടങ്ങിയ പഴച്ചാറുകള്‍, അച്ചാറുകള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണം.ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഒന്നില്‍ കൂടുതല്‍ ധാന്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പോഷകഗുണം വര്‍ധിപ്പിക്കുന്നു. തവിടടങ്ങിയതും നാരടങ്ങിയതുമായ ഭക്ഷണം ശീലമാക്കുക. തേങ്ങയുടേയും ഉപ്പിന്റേയും എണ്ണയുടേയും ഉപയോഗം കുറയ്ക്കുക. കൃത്യമായ സമയത്ത് കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുക. ദിവസവും മൂന്നു നേരം വലിയ അളവില്‍ ഭക്ഷണം കഴിക്കാതെ അഞ്ച് മുതല്‍ ആറ് നേരമായി കുറച്ചു കുറച്ചായി കഴിക്കുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ ഉപേക്ഷിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."