പുള്ളാവൂര്‍ പുഴയിലെ കട്ടൗട്ടുകള്‍; നടപടിയെടുക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം
കോഴിക്കോട്: ഫിഫ ലോകകപ്പ് ആവേശത്തില്‍ ഫുട്ബാള്‍ ആരാധകര്‍ കോഴിക്കോട് പുള്ളാവൂരിലെ പുഴയില്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ച സംഭവത്തില്‍ നടപടിയെടുക്കാന്‍ ജില്ല കലക്ടറുടെ നിര്‍ദേശം. കൊടുവള്ളി നഗരസഭക്കാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. പരാതിയില്‍ ആവശ്യമായ തുടര്‍നടപടി സ്വീകരിച്ച് അക്കാര്യം പരാതിക്കാരനെ അറിയിക്കണമെന്നും റിപ്പോര്‍ട്ട് അയക്കണമെന്നുമാണ് നിര്‍ദേശം. അനധികൃതമായി പുഴ കൈയേറുകയും നിര്‍മാണം നടത്തുകയും കട്ടൗട്ട് സ്ഥാപിക്കുകയും ചെയ്തെന്നും കട്ടൗട്ടുകള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ശ്രീജിത്ത് പെരുമന നല്കിയ പരാതിയിലാണ് നടപടി.
പുള്ളാവൂര്‍ പുഴയില്‍ ഫുട്ബാള്‍ ആരാധകര്‍ സ്ഥാപിച്ച ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവരുടെ കട്ടൗട്ടുകളുടെ ചിത്രം ലോക ശ്രദ്ധ നേടുകയും അന്തര്‍ദേശീയ ഫുട്ബാള്‍ ഫെഡറേഷന് (ഫിഫ) അടക്കം ഇത് പങ്കുവെക്കുകയും കേരളത്തിലെ ഫുട്ബാള്‍ ആവേശം അന്തര്‍ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. ട്വിറ്റര്‍ വഴിയാണ് 'ഫിഫ ലോകകപ്പ് ജ്വരത്തില്‍ കേരളം' എന്ന കുറിപ്പോടെ ചിത്രം പങ്കുവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."