സാദിയോ മാനെയുടെ സെനഗല്‍ എവിടെ വരെ?
2002 ലോകകപ്പില്‍ യൂറോപ്യന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സിനെ പോലും അട്ടിമറിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന സെനഗല്‍ ഇത്തവണ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുമായാണ് ഗള്‍ഫ് മണ്ണില്‍ ബൂട്ടുകെട്ടുന്നത്. ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ജേതാക്കളെന്ന പ്രൗഡിയുമായെത്തുന്ന സെനഗലിന് അദ്ഭുതങ്ങള്‍ കാണിക്കാനാവുമോയെന്നാണ് ഏവരും ഉറ്റുനേക്കുന്നത്. ഈ ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയ താരങ്ങളില്‍ ഒരാളായ ബയേണ്‍ മ്യൂണിക്കിന്റെ സൂപ്പര്‍ താരം സാദിയോ മാനെയുടെ സാന്നിധ്യം കൊണ്ടും അവര്‍ നോട്ടപ്പുള്ളികളാണ്.
ലോകകപ്പിലെ ആഫ്രിക്കയുടെ അഞ്ച് പ്രതിനിധികളില്‍, സെനഗലാണ് ഏറ്റവും പരിചയസമ്പന്നര്‍. ഇത് മൂന്നാം തവണയാണ് സെനഗല്‍ ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് അര്‍ഹത നേടുന്നത്. 2002ലും 2018ലും സെനഗല്‍ ലോകകപ്പ് കളിച്ചു. 2002ല്‍ അവസാന എട്ട് ടീമുകളില്‍ ഇടംപിടിച്ചതാണ് ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം. കളിച്ച മല്‍സരത്തിലെല്ലാം ഗോളടിച്ചാണ് അന്ന് അവര്‍ ലോകത്തെ ഞെട്ടിച്ചത്. ഭൂഖണ്ഡത്തില്‍ നിന്ന് ഇതുവരെ മൂന്ന് ടീമുകള്‍ മാത്രമാണ് ലോകകപ്പ് ക്വാര്‍ട്ടറില്‍ എത്തിയത്. സെനഗല്‍ ആദ്യ ലോകകപ്പില്‍ തന്നെ ആ നേട്ടം കൈവരിച്ചു. ലോകകപ്പില്‍ ഇതുവരെ 11 തവണ വലകുലുക്കുകയും ചെയ്തു.
ഫിഫ റാങ്കിങില്‍ 18ാം സ്ഥാനത്തുള്ള സെനഗല്‍ ആതിഥേയരായ ഖത്തര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ്. കരുത്തരായ നെതര്‍ലന്‍ഡ്‌സ്, ഇക്വഡോര്‍ ടീമുകളാണ് ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകള്‍. നവംബര്‍ 21ന് നെതര്‍ലന്‍ഡ്‌സിനെതിരായ ആദ്യ മല്‍സരം സെനഗലിന്റെ മികവിന്റെ അളവുകോലായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. ഗ്രൂപ്പിലെ ഏറ്റവും ശക്തരാണ് നെതര്‍ലന്‍ഡ്‌സ്. ശക്തമായ ഫുട്‌ബോള്‍ പാരമ്പര്യമുള്ള രാഷ്ട്രത്തെ മറികടക്കാനായാല്‍ സെനഗലിന്റെ പ്രീ ക്വാര്‍ട്ടറിലേക്കുള്ള വഴി എളുപ്പമാവും. ഗ്രൂപ്പിലെ മറ്റ് ടീമുകള്‍ സെനഗലിന് വലിയ വെല്ലുവിളിയല്ല. രണ്ടാം മല്‍സരത്തില്‍ നവംബര്‍ 25ന് ഖത്തറിനെ അവരുടെ മണ്ണില്‍ സെനഗല്‍ നേരിടും. 29ന് ഇക്വഡോറിനെയാണ് അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ നേരിടേണ്ടത്.
ആഫ്രിക്കന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ എണ്ണംപറഞ്ഞ താരങ്ങളിലൊരായി പേരെടുത്തു കഴിഞ്ഞ മാനെ പരിക്ക് കാരണം ലോകകപ്പ് ടീമില്‍ നിന്ന് പുറത്താകുമോയെന്ന ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ കോച്ച് മാനെയെ കൈവിട്ടില്ല. ഒന്നാന്തരം പന്തടക്കവും ഡ്രിബ്ലിങ് മികവും വേഗതയുമാണ് മാനെയുടെ കരുത്ത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള താരമായ മാനെ ബയേണില്‍ കളിക്കുന്നതിന് മുമ്പ് ലിവര്‍പൂളിനു വേണ്ടിയും പന്തുതട്ടിയിരുന്നു.
മുന്‍ സൂപ്പര്‍ താരം അലിയു സിസ്സെയാണ് സെനഗലിന്റെ പരിശീലകന്‍. 2002ല്‍ സെനഗല്‍ ആദ്യമായി ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ജേതാക്കളായപ്പോള്‍ ടീമിനെ നയിച്ചത് അലിയു സിസ്സെ ആയിരുന്നു. 2022ല്‍ സെനഗല്‍ ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ജേതാക്കളായപ്പോള്‍ ടീം കോച്ചായിരുന്നു. എട്ട് വര്‍ഷമായി ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നു. റഷ്യയിലെ ലോകകപ്പില്‍ നിന്ന് ഫെയര്‍ പ്ലേയുടെ അടിസ്ഥാനത്തില്‍ പുറത്താകാനായിരുന്നു സെനഗലിന്റെ വിധി. ഇങ്ങനെ പുറത്താകുന്ന ആദ്യ ടീമായിരുന്നു സെനഗല്‍. അന്നത്തെ കനത്ത പ്രഹരത്തില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചുവെന്നും പഴയ തെറ്റ് ആവര്‍ത്തിക്കില്ലെന്നും ഡിഫന്‍ഡര്‍ കലിഡൗ കൗലിബാലി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."