തീപിടുത്തമുണ്ടായ ദുബയ് ഫെസ്റ്റിവല്‍ സിറ്റി മാള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങി
ദുബയ്: തിങ്കളാഴ്ച വൈകുന്നേരം തീപിടുത്തമുണ്ടായ ദുബയ് ഫെസ്റ്റിവല്‍ സിറ്റി മാള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങി. മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് പുറത്താണ് തീപടര്‍ന്നത്. മാളിന്റെ പുറംഭാഗത്ത് തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് കെട്ടിടം കുറച്ച് സമയത്തേക്ക് ഒഴിപ്പിച്ചതായും എല്ലാ റീട്ടെയിലര്‍മാരും ഇപ്പോള്‍ തുറന്നിട്ടുണ്ടെന്നും ഷോപ്പിങ് സെന്റര്‍ പ്രതിനിധി അറിയിച്ചു.
തിങ്കളാഴ്ച രാത്രി 7.28നാണ് ഷോപ്പിങ് സെന്ററിന്റെ തെക്ക് ഭാഗത്ത് തീപിടുത്തമുണ്ടായത്. മിനിറ്റുകള്‍ക്കുള്ളില്‍ സംഭവസ്ഥലത്തെത്തി ദുബയ് സിവില്‍ ഡിഫന്‍സ് തീയണച്ചതോടെ കൂടുതല്‍ നാശനഷ്ടങ്ങളോ മറ്റ് അപകടങ്ങളോ ഉണ്ടായില്ല. അപകടകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫെസ്റ്റിവല്‍ സിറ്റി മാളില്‍ തീപിടിത്തമുണ്ടാവുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് അല്‍ഖൂസ് ഇന്‍ഡസ്ട്രിയല്‍ ഏരിയ-1 ലെ റീസൈക്ലിങ് ഗോഡൗണില്‍ വൈകീട്ട് 4.17ന് തീപിടിത്തമുണ്ടായിരുന്നു. ദുബയ് സിവില്‍ ഡിഫന്‍സ് തീ നിയന്ത്രണവിധേയമാക്കിയതായി രാത്രി 9 മണിയോടെ ദുബയ് മീഡിയ ഓഫിസ് അറിയിച്ചു. ആളപായമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."