പി.കെ ശശി കേരള ടൂറിസം ഡെവലപ്മെന്റ് കോര്പറേഷന് ചെയര്മാന്
തിരുവനന്തപുരം: ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പികെ ശശിയെ കേരള ടൂറിസം ഡെവലപ്മെന്റ് കോര്പറേഷന്(കെടിഡിസി) ചെയര്‍മാനായി നിയമിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ശശിയെ കെടിഡിസി ഡയരക്ടറായും ചെയര്‍മാനായും നിയമിച്ചുകൊണ്ട് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വേണു ഐഎഎസ് ആണ് ഉത്തരവിറക്കിയത്. നേരത്തെ പീഡനപരാതിയെ തുടര്‍ന്ന് പാര്‍ട്ടി സസ്പെന്ഷന് നേരിട്ട പാലക്കാട് ജില്ലയിലെ പ്രമുഖ സിപിഎം നേതാവാണ് പികെ ശശി. വിവാദങ്ങളെത്തുടര്‍ന്ന് ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല. 2018 നവംബര്‍ 26നാണ് പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ശശിയെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍നിന്ന് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. പിന്നീട് ആറു മാസങ്ങള്‍ക്കുശേഷം തിരിച്ചെടുക്കുകയും ചെയ്തു.
ഡിവൈഎഫ്ഐ ജില്ലാ നേതാവാണ് പികെ ശശിക്കെതിരെ പീഡനപരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് സിപിഎം നിയമിച്ച പ്രത്യേക അന്വേഷണ സംഘം പരാതി അന്വേഷിച്ച് നടപടിക്ക് ശിപാര്‍ശ നല്‍കുകയായിരുന്നു. പികെ ശ്രീമതി, എകെ ബാലന് എന്നിവരടങ്ങിയ സമിതിയാണ് ശശിക്കെതിരായ പരാതി അന്വേഷിച്ചത്. സസ്പെന്ഷന് കാലയളവ് തീര്‍ന്നതോടെ 2019 മേയില്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുകയും ചെയ്തു. അധികം വൈകാതെ ജില്ലാ കമ്മിറ്റിയിലേക്കും തുടര്‍ന്ന് പഴയ പോലെ ജില്ലാ സെക്രട്ടറിയേറ്റിലും തിരഞ്ഞെടുത്തു. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലാ സെക്രട്ടറിയേറ്റ് ശശിയുടെ പേര് ശിപാര്‍ശ ചെയ്തിരുന്നെങ്കിലും സംസ്ഥാന നേതൃത്വം അദ്ദേഹത്തോട് മാറിനില്ക്കാന് ആവശ്യപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."