മലബാര്‍ കലാപം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം
എളമരം കരീം
മലബാര്‍ കലാപത്തെ അധിക്ഷേപിച്ച് കൊണ്ട് ആര്‍.എസ്.എസ് ദേശീയ നേതാവ് രാംമാധവ് കോഴിക്കോട് പ്രസംഗിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ്, സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഏറനാട്ടില്‍ ബ്രിട്ടീഷ് വിരുദ്ധ കലാപത്തില്‍ പങ്കെടുത്ത് വീരമൃത്യുവരിച്ച 387 പേരെ നീക്കം ചെയ്ത വാര്‍ത്ത പുറത്ത് വന്നത്. മലബാര്‍ കലാപത്തിന് നേതൃത്വം നല്‍കിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടും. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ (ഐ.സി.എച്ച്.ആര്‍) ആണ് ഈ കൃത്യം നിര്‍വഹിച്ചത്. ഐ.സി.എച്ച്.ആറിന്റെ മുന്‍ പ്രസിഡന്റും പ്രമുഖ ചരിത്ര പണ്ഡിതനുമായ ഡോ. എം.ജി.എസ് നാരായണന്‍ ഈ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് വീരചരമമടഞ്ഞ ധീരദേശാഭിമാനികളെ അപമാനിക്കാന്‍ മടി കാണിക്കാത്തവരാണ് ചരിത്ര ഗവേഷണ കൗണ്‍സിലിന് നേതൃത്വം നല്‍കുന്നത്. ഇതുവരെ നാം പഠിച്ച ഇന്ത്യാ ചരിത്രം വസ്തുതാപരമല്ലെന്നും മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍ തയാറാക്കിയതാണെന്നും ആരോപിച്ചുകൊണ്ട് ചരിത്രം മാറ്റിയെഴുതാന്‍ സംഘ്പരിവാര്‍ വക്താക്കളായ ഏതാനും 'ചരിത്രകാരന്മാരെ' മോദി സര്‍ക്കാര്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ തലപ്പത്ത് അവരോധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ഗവേഷണ കൗണ്‍സില്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള എല്ലാ കേന്ദ്ര സ്ഥാപനങ്ങളുടെയും തലപ്പത്ത് മോദിസര്‍ക്കാര്‍ നിയമിച്ചവര്‍ സംഘ്പരിവാര്‍ താല്‍പര്യം സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരെയാണ്.
1921 ഓഗസ്റ്റ് 20 നാണ് അതിന് മുമ്പോ പിമ്പോ കേരള ചരിത്രത്തിലുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള സാമ്രാജ്യ വിരുദ്ധ സമരം ഏറനാട്ടില്‍ (ഇന്നത്തെ മലപ്പുറം ജില്ല) ആരംഭിച്ചത്. നിരക്ഷരരും നിരായുധരുമായ ദരിദ്രകര്‍ഷകര്‍ പോലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പട്ടാളക്കാരോട് ധീരമായി ഏറ്റുമുട്ടി. ഈ സമരത്തെ 'മാപ്പിള ലഹള' എന്ന പേരിട്ട് ഒരുവിഭാഗം ജനങ്ങള്‍ മറ്റൊരു വിഭാഗത്തിനെതിരായി നടത്തിയ വര്‍ഗീയ കലാപമാണെന്ന് ചിത്രീകരിച്ചത് ബ്രിട്ടീഷ് ഭരണാധികാരികളും അവരുടെ ചെരിപ്പ് നക്കികളുമാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെയും ഖിലാഫത്ത് കമ്മിറ്റിയുടെയും ആഹ്വാനമനുസരിച്ച് കോളനി ഭരണത്തെ എതിര്‍ക്കാന്‍ ചങ്കൂറ്റം കാണിച്ച പതിനായിരക്കണക്കിന് വരുന്ന ഏറനാട്ടിലെ ജനതയുടെ ധീരതയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ വികലമായ തീരുമാനം ആ സ്ഥാപനത്തിന്റെ വിശ്വാസ്യതക്ക് കളങ്കം ചാര്‍ത്തുന്നതാണെന്ന്. ഡോ. എം.ജി.എസ് നാരായണന്‍ അഭിപ്രായപ്പെട്ടു. ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ മൂന്നംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മലബാര്‍ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്നും മതപ്രവര്‍ത്തനം ലക്ഷ്യമിട്ട് നടത്തിയ കലാപമായിരുന്നു എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വികലമായ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ഐ.എസ്.എച്ച്.ആര്‍ ഇപ്പോഴത്തെ തീരുമാനമെടുത്തത്. സംഘ്പരിവാറിന്റെ മുസ്‌ലിം വിരുദ്ധ നിലപാടിന്റെ ഭാഗമാണീ നടപടിയെന്ന് ആര്‍ക്കും തിരിച്ചറിയാനാവും.
മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയിലെ ഏറനാട് പ്രദേശത്തെ കര്‍ഷകര്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കെതിരേ നടത്തിയ പോരാട്ടമാണ് മലബാര്‍ കലാപമെന്ന് ചരിത്രം പറയുന്നു. 6 മാസം നീണ്ടുനിന്ന കലാപത്തിന്റെ ഭാഗമായി കലാപത്തില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെ പതിനായിരത്തോളം ആളുകള്‍ കൊല്ലപ്പെടുകയുണ്ടായി. ദക്ഷിണേന്ത്യയില്‍ നടന്ന ദേശീയ പ്രക്ഷോഭങ്ങളില്‍ ആദ്യത്തേതായിട്ടാണ് ചരിത്രകാരന്മാര്‍ ചിത്രീകരിച്ചത്. ഈ കലാപത്തെ ആസ്പദമാക്കി ചരിത്രകാരന്മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ സംഭവത്തെ വര്‍ഗീയ കലാപമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതില്‍ സംഘ്പരിവാര്‍ ശക്തികളാണ് വളരെ കാലമായി മുന്‍പന്തിയില്‍. ബാബറി മസ്ജിദ് പ്രശ്‌നത്തില്‍ എടുത്ത നിലപാടിന് സമമായ ചരിത്ര നിഷേധമാണ് സംഘ്പരിവാര്‍ നടത്തിയത്.
മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും ദരിദ്രകര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമായിരുന്നു. ദക്ഷിണേന്ത്യയില്‍ നടന്ന ചരിത്രപ്രധാനമായ ബ്രിട്ടീഷ് വിരുദ്ധ കലാപത്തില്‍ പത്ത് ലക്ഷത്തിലധികം ജനങ്ങള്‍ പങ്കെടുത്തിരുന്നു എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നാടുവാഴികളും ജന്മിമാരും കര്‍ഷകര്‍ക്ക് നേരെ നടത്തിയിരുന്ന കൊടിയ ചൂഷണത്തിനും അതിക്രമങ്ങള്‍ക്കും എതിരെ കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭത്തില്‍ പല സംഭവങ്ങളും നടന്നിട്ടുണ്ട്. അത് സ്വാഭാവികവുമാണ്. എന്നാല്‍ ചരിത്ര ഗവേഷകരില്‍ ഭൂരിഭാഗം പേരും മലബാര്‍ കലാപം ഒരു ജനകീയ സമരമായിട്ടാണ് വിലയിരുത്തിയത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഏജന്റുമാരായി നിന്ന് കര്‍ഷകരെ കടുത്ത നിലയില്‍ ദ്രോഹിച്ച ഖാന്‍ ബഹദൂര്‍ ചേക്കുട്ടി(ഇദ്ദേഹം മുസ്‌ലിം സമുദായക്കാരനായ റിട്ടയേര്‍ഡ് പൊലിസ് ഉദ്യോഗസ്ഥനായിരുന്നു), ഹിന്ദു സമുദായക്കാരായിരുന്ന ഏതാനും ജന്മിമാര്‍ തുടങ്ങിയവര്‍ കലാപകാലത്ത് അക്രമങ്ങള്‍ക്ക് ഇരയായി. ഈ അതിക്രമങ്ങള്‍ വര്‍ഗീയമായിട്ടല്ലെന്ന് മേല്‍ വിവരിച്ച കാര്യത്തില്‍ നിന്ന് ബോധ്യമാവും.
കേരള ചരിത്രത്തില്‍ വിപുലമായ പഠനം നടത്തിയവരില്‍ ഒരാളാണ് ഡോ. എം.ജി.എസ് നാരായണന്‍. ഇദ്ദേഹം മാര്‍ക്‌സിസ്റ്റാണെന്ന് ആരും പറയില്ല. മാര്‍ക്‌സിസത്തിനും മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനത്തിനുമെതിരേ കടുത്ത വിമര്‍ശനം നടത്തുന്ന ആളാണ് എം.ജി.എസ്. അദ്ദേഹം രേഖപ്പെടുത്തിയത്-'മലബാര്‍ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു' എന്നാണ്. ബ്രിട്ടീഷ് ഭരണ നടപടിയോടുള്ള പ്രതിഷേധമായിട്ടാണ് മലബാര്‍ കലാപം ഉടലെടുത്തത്. പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനായ ഡി.എന്‍ ധാനഗരേ രേഖപ്പെടുത്തിയത് ഇപ്രകാരമാണ് 'കുടികിടപ്പുകാരും കൈവശക്കാരും നേരിട്ട കടുത്ത അവഗണന; ജന്മി-കുടിയാന്‍ ബന്ധം വഷളായത്, പാവപ്പെട്ട കര്‍ഷക സമൂഹം രാഷ്ട്രീയമായി ഒറ്റപ്പെടുത്തപ്പെട്ടത് എന്നിവയാണ് കലാപത്തിനാധാരമായ പ്രധാന കാരണങ്ങള്‍'.
ഒന്നാം ലോകമഹായുദ്ധാനന്തരം ഒട്ടോമന്‍ സാമ്രാജ്യവും ഖിലാഫത്തും സംരക്ഷിക്കാനായി രൂപം കൊണ്ട ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ (1919-24) ഭാഗമായിരുന്നു മലബാര്‍ കലാപമെന്ന് ചില ചരിത്രകാരന്മാര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. 1920 ഓടെ ഖിലാഫത്ത് പ്രസ്ഥാനം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ദേശീയ പ്രസ്ഥാനത്തിന്റെയും നിസ്സഹകരണപ്രസ്ഥാനത്തിന്റെയും ഭാഗമായി മാറി. ഹിന്ദു-മുസ്‌ലിം ഐക്യം ലക്ഷ്യംവച്ച് മഹാത്മാഗാന്ധിയാണ് ഇതിന് മുന്‍കൈയെടുത്തത്. മലബാറിലെ കര്‍ഷകര്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ നടത്തിയ പോരാട്ടമായിരുന്നു മലബാര്‍ കലാപമെന്നാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയത്. കലാപകാലത്ത് അക്രമിക്കപ്പെട്ടത് ബ്രിട്ടീഷ് സര്‍ക്കാരിന്റെ സ്ഥാപനങ്ങളാണ്. ഈ പോരാട്ടങ്ങളുടെ പ്രധാന നേതാക്കള്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍, സീതിക്കോയ തങ്ങള്‍, എം.പി നാരായണ മേനോന്‍, ചെമ്പ്രശ്ശേരി തങ്ങള്‍, പാണ്ടിയത്ത് നാരായണന്‍ നമ്പീശന്‍, മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് എന്നിവരായിരാണെന്നാണ് ചരിത്രം പറയുന്നത്.
മാപ്പിള കൃഷിക്കാരും അവരുടെ ജന്മിമാരും തമ്മില്‍ 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളിലും നിരവധി സംഘട്ടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഖിലാഫത്ത് പ്രസ്ഥാനത്തെ ക്രൂരമായി അടിച്ചമര്‍ത്തിയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ മലബാര്‍ ജില്ലയിലെ ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ശക്തമായ പോരാട്ടങ്ങളുണ്ടായി. മലബാറിലെ ഈ ചെറുത്തുനില്‍പ്പ് പോരാട്ടത്തിന് മഹാത്മാഗാന്ധിയും മറ്റ് ദേശീയ നേതാക്കളും ആദ്യഘട്ടത്തില്‍ പിന്തുണ നല്‍കി. വള്ളുവനാട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകരുടെ് പോരാട്ടങ്ങളില്‍ നമ്പൂതിരി, നായര്‍, തീയ്യ സമുദായത്തില്‍പ്പെട്ടവരും പങ്കാളികളായിരുന്നു. ഇതിനെ മാപ്പിള ലഹളയായി ചിത്രീകരിച്ചത് ബ്രിട്ടീഷ് ചരിത്രകാരന്മാരാണ്.
1921 ഒക്‌ടോബര്‍ 18 ന് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 'ദി ഹിന്ദു' പത്രത്തിനെഴുതിയ കത്തില്‍ പറയുന്നത് ഇപ്രകാരമാണ്. 'ബഹു. പത്രാധിപര്‍, ഈ കത്തിലെ പ്രതിപാദ്യം താങ്കളുടെ പത്രത്തില്‍ പ്രസിദ്ധീകരിക്കണമെന്നഭ്യര്‍ഥിക്കുന്നു. പത്രവാര്‍ത്തകളനുസരിച്ച് മലബാര്‍ പ്രദേശത്ത് ഹിന്ദു-മുസ്‌ലിം ഐക്യം പൂര്‍ണമായി നഷ്ടപ്പെട്ടതായി കാണുന്നു. ഹിന്ദുക്കള്‍ കൂട്ടത്തോടെ മതപരിവര്‍ത്തനത്തിന് വിധേയരായി എന്ന വാര്‍ത്ത പൂര്‍ണമായും അസത്യമാണ്. സമരക്കാരുടെ വേഷം കെട്ടിയ പൊലിസുകാരും സര്‍ക്കാരധികൃതരുമാണ് മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. കലാപത്തില്‍ പങ്കെടുത്ത ഏതാനും മുസ്‌ലിംകള്‍ ഒളിവില്‍ പാര്‍ക്കുന്ന ഇടം പൊലിസിനെ അറിയിച്ച് ഒറ്റുകൊടുത്ത ഏതാനും ഹിന്ദുക്കള്‍ അക്രമിക്കപ്പെട്ടിട്ടുണ്ട് എന്നത് വാസ്തവമാണ്. സൈനിക സേവനത്തിന് ഹിന്ദുക്കള്‍ നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥയുണ്ട്. ഇതില്‍ ഭയപ്പെട്ട നിരവധി ഹിന്ദുക്കള്‍ എന്റെ പ്രദേശത്ത് അഭയം തേടിയിട്ടുണ്ട്. നിരവധി മുസ്‌ലിംകളും എന്റെ അടുക്കല്‍ അഭയം തേടിയിട്ടുണ്ട്. ഇവരില്‍ ഹിന്ദുക്കളെ അഭയ കേന്ദ്രത്തില്‍നിന്ന് പുറത്താക്കാന്‍ പട്ടാള ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസക്കാലം നിരപരാധികളെ അറസ്റ്റ് ചെയ്യലും ശിക്ഷിക്കലുമല്ലാതെ മറ്റൊരു കാര്യവും നേടാന്‍ പട്ടാളത്തിന് കഴിഞ്ഞിട്ടില്ല. ലോകത്തുള്ള മുഴുവന്‍ ജനങ്ങളും ഈ കാര്യം അറിയണം. മഹാത്മാ ഗാന്ധിയും മൗലാനാ ആസാദും ഇതറിയട്ടെ. ഈ കത്ത് നിങ്ങള്‍ പ്രസിദ്ധീകരിച്ചില്ലെങ്കില്‍ ഒരിക്കല്‍ നിങ്ങളോട് ഞാന്‍ വിശദീകരണം തേടും'.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് നിരവധി ധാരകളുണ്ട്. അതില്‍ സഹന സമരം, വ്യക്തി സത്യഗ്രഹങ്ങള്‍, ബഹുജന മുന്നേറ്റങ്ങള്‍, കര്‍ഷകരും തൊഴിലാളികളും നടത്തിയ സമരങ്ങള്‍, സായുധ പോരാട്ടങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടും. മഹാത്മജിയുടെ ഉപവാസം-അക്രമരാഹിത്യം അതോടൊപ്പം സായുധ സൈന്യം സംഘടിപ്പിച്ച് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടാന്‍ പൊരുതിയ സുഭാഷ് ചന്ദ്രബോസ്, ക്യാപ്റ്റന്‍ ലക്ഷ്മി എന്നിവരെല്ലാം ഉള്‍പ്പെടും. ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കെതിരേ തീവ്രനിലപാടുകള്‍ സ്വീകരിച്ച ഭഗത് സിങ്, രാജ് ഗുരു, സുഖ്‌ദേവ് തുടങ്ങിയവരും സ്വാതന്ത്ര്യസമര ഭടന്മാരാണ്.
മലബാറിലെ കര്‍ഷകര്‍ ആരംഭിച്ച പോരാട്ടത്തെ മലബാര്‍ കലാപമെന്ന് വിളിച്ചത് കോണ്‍ഗ്രസ് നേതാവായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബായിരുന്നു. അതിനകത്തെ കാര്‍ഷിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് 'മലബാറിലെ കാര്‍ഷിക കലാപം' എന്ന് കമ്യൂണിസ്റ്റുകാര്‍ വിലയിരുത്തി. ചില മേഖലകളില്‍ കലാപത്തെ തെറ്റായ നിലയിലേക്ക് കൊണ്ടുപോകുവാന്‍ ചിലര്‍ ശ്രമിച്ചുവെന്നത് യാഥാര്‍ഥ്യമാണ്. അതിനെ ആ നിലയില്‍ തന്നെ കാണണം. മലബാര്‍ കലാപത്തെക്കുറിച്ച് എഴുതിയ മാധവ മേനോന്‍ തന്നെ വാരിയന്‍കുന്നനെ കാണാന്‍ വന്ന സന്ദര്‍ഭം വിശദീകരിക്കുന്നുണ്ട്. കലാപത്തിനിടയില്‍ ഉണ്ടായ ചില തെറ്റായ പ്രവണതകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അവ അവസാനിപ്പിക്കാന്‍ തന്നെയാണ് താന്‍ വന്നെതെന്ന് വാരിയന്‍കുന്നന്‍ പറഞ്ഞതായി മാധവമേനോന്‍ എഴുതിയിട്ടുണ്ട്. ഇ. മൊയ്തു മൗലവിയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വര്‍ഗീയവാദിയായിട്ടല്ല ചിത്രീകരിച്ചത്.
ബ്രിട്ടീഷ് പട്ടാളം പിടികൂടിയ കുഞ്ഞഹമ്മദ് ഹാജിയെ മലപ്പുറം കോട്ടപ്പടിയില്‍ ബന്ധനസ്ഥനാക്കി എത്തിച്ചപ്പോള്‍ ഒട്ടും ഭീരുത്വം കാണിക്കാതെ അദ്ദേഹം പറഞ്ഞു. 'നിങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് എനിക്കറിയാം. എന്റെ കണ്ണുകള്‍ മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റണം, എന്റെ കൈകള്‍ കൂട്ടിക്കെട്ടിയ കയര്‍ അഴിച്ചുമാറ്റണം ഞാന്‍ ഓടിപ്പോവില്ല. എന്റെ നേരെനിന്ന് വെടിവച്ചോളൂ. ഞാന്‍ ഭീരുവല്ല'. ഇത്രയും ധീരത കാണിച്ച ഒരു ചരിത്രപുരുഷനെ വര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ സംഘ്പരിവാറിന് ഒരു മടിയും കാണില്ല. കാരണം അവര്‍ ചരിത്രം മാറ്റിയെഴുതാന്‍ ശ്രമിക്കുന്നവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."