HOME
DETAILS

ജാതി സെന്‍സസിന്റെ മുറവിളിയും പിന്നാമ്പുറങ്ങളിലെ മഹാഭൂരിപക്ഷവും

  
backup
August 31 2021 | 19:08 PM

651316531-2

 

അഡ്വ. ജി. സുഗുണന്‍


നമ്മുടെ രാജ്യത്തെ മഹാഭൂരിപക്ഷവും പിന്നോക്ക-ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളാണ്. രാജ്യത്തെ കൂടുതല്‍ പേര്‍ വരുന്ന ഈ വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് ആദ്യം പട്ടികജാതി-പട്ടികവര്‍ഗ സംവരണവും തുടര്‍ന്ന് പിന്നോക്ക-ന്യൂനപക്ഷ സംവരണവുമെല്ലാം ഏര്‍പ്പെടുത്തിയത്. പട്ടികജാതി സംവരണം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ പോലും ചില കേന്ദ്രങ്ങളില്‍ നിന്ന് ഭരണഘടന നിര്‍മാണ സമിതിയില്‍ തന്നെ ശക്തമായ എതിര്‍പ്പാണുണ്ടായതെന്ന വസ്തുത വിസ്മരിക്കാന്‍ കഴിയുകയില്ല.


പിന്നോക്ക സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വിസുകളില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിന്റെ വിവിധവശങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്ന സുപ്രധാന രേഖയാണ് മണ്ഡല്‍കമ്മിഷന്‍ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെ പ്രായോഗികമാക്കുന്നതിനായി 1990-ല്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യാപകമായ പ്രതിഷേധത്തിനും അക്രമത്തിനും കളമൊരുക്കിയ സാഹചര്യത്തിലാണ് സുപ്രിംകോടതിയുടെ ഇന്ദ്രാസാഹ്‌നി കേസിലെ വിധി. പിന്നോക്ക സംവരണം യാതൊരുകാരണവശാലും 50 ശതമാനത്തില്‍ കൂടുതലാവാന്‍ പാടില്ലെന്ന ഐതിഹാസികമായ വിധിയാണ് ഇന്ദ്രാസാഹ്‌നി കേസിലുണ്ടായത്. ഒരു രീതിയിലുള്ള സംവരണവും 50 ശതമാനത്തിനു പുറത്ത് കടക്കരുതെന്ന് പരമോന്നത കോടതിയുടെ വിധികള്‍ പിന്നീട് ഉണ്ടാകുകയും ചെയ്തു. ഇതിനെയെല്ലാം ധിക്കരിച്ചുകൊണ്ടാണ് വിവിധ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും പിന്നോക്ക സംവരണവും മുന്നോക്ക സംവരണവുമെല്ലാം 50 ശതമാനത്തിനു പുറത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരായിത്തന്നെ സുപ്രിംകോടതിയുടെ വിധി വരുകയും 50 ശതമാനത്തില്‍ കൂടുതലുള്ള എല്ലാ സംവരണവും ഫലത്തില്‍ റദ്ദ് ചെയ്തിരിക്കുകയുമാണ്. നിര്‍ഭാഗ്യവശാല്‍ ഈ വിഷയത്തില്‍ സുപ്രിംകോടതി വിധി മാനിക്കാന്‍ പോലും ഇപ്പോഴും ചില സംസ്ഥാന സര്‍ക്കാരുകള്‍ തയാറായിട്ടില്ല.


പിന്നോക്ക ജനവിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അധികാരം ഏറ്റവും ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് തിരിച്ച് നല്‍കിയിരിക്കുകയാണ്. ഇതിനുള്ള 127-ാം ഭരണഘടനാ ഭേദഗതിബില്ലിന് രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് അംഗീകാരവും നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റിന്റെ ഈ വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷ പിന്തുണയോടെ പാസാക്കിയ ഏക ബില്ലാണിത്. ഭരണഘനയുടെ 342(എ), 338 ബി(9), 366 (26സി) എന്നീ വകുപ്പുകളാണ് ഭേദഗതി ചെയ്തത്.


ദേശീയ പിന്നോക്ക കമ്മിഷന് ഭരണഘടനാ ഭേദഗതി നല്‍കാന്‍ 2018-ല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന 102-ാം ഭരണഘടനാ ഭേദഗതിയാണ് സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം രാഷ്ട്രപതിയില്‍ നിക്ഷിപ്തമാക്കിയത്. കോടതിവിധികള്‍ സംസ്ഥാനങ്ങള്‍ക്കെതിരായി. ഇത് രാജ്യത്തിന്റെ ഫെഡറല്‍ ഘടനയ്ക്ക് ദോഷമാകുമെന്ന പരാതി വ്യാപകമായതോടെയാണ് വീണ്ടും ഈ ഭരണഘടനാ ഭേദഗതി പാസാക്കിയെടുത്തത്. എന്നാല്‍ പിന്നോക്കവിഭാഗങ്ങളെ നിശ്ചയിക്കാന്‍ ഈ കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ തയാറാക്കിയ യാതൊരു സര്‍വേ റിപ്പോര്‍ട്ടും ഇന്നില്ല എന്നുള്ളതാണ് വസ്തുത. 2011 -12ല്‍ തയാറാക്കിയ നാഷനല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ടും സോഷ്യോ എക്കണോമിക് കാസ്റ്റ് സെന്‍സസും ഒക്കെയാണ് ഇപ്പോഴും പ്രധാനപ്പെട്ട പിന്നോക്ക ജനവിഭാഗങ്ങളുടെ ആനുകൂല്യ വിതരണത്തിനും സംവരണത്തിനും മറ്റും ഉപയോഗിച്ചുവരുന്നത്. എല്‍.പി.ജി സിലിണ്ടര്‍ വിതരണത്തിനും ഗ്രാമീണ ഭവനപദ്ധതി വിതരണത്തിനുമെല്ലാം കാലഹരണപ്പെട്ട ഈ സര്‍വേകളാണ് ഇപ്പോഴും ആധാരമായിട്ടുള്ളത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ആധികാരികമായിട്ടുള്ള ഒരു സര്‍വേ റിപ്പോര്‍ട്ട് രേഖകളും നിലവിലില്ലെന്നര്‍ഥം. അതുകൊണ്ടുതന്നെയാണ് 2013 മുതലുള്ള സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള സെന്‍സസ് ഉണ്ടാക്കി അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പാവപ്പെട്ട ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങളും സംവരണവുമെല്ലാം നിശ്ചയിക്കാനും കഴിയുകയുള്ളൂ. എന്നാല്‍ കൊവിഡ് മഹാമാരിയുടെ പേരില്‍ 2021-ലെ സെന്‍സസ് തന്നെ മാറ്റാനുള്ള ഹീനമായ നീക്കങ്ങളാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നു നടക്കുന്നത്.


ഇന്ത്യയില്‍ ജാതി സെന്‍സസ് തയാറാക്കണമെന്നുള്ളത് കഴിഞ്ഞ ഒരു ദശാബ്ദകാലത്തെ ജനകീയ ആവശ്യമാണ്. 2021-ലെ സെന്‍സസില്‍ ഇതും കൂടി ഉള്‍പ്പെടുത്തുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായെങ്കിലും ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അതില്‍ നിന്നും വഴുതി മാറുകയാണ്. ഈ സാഹചര്യത്തിലാണ് 2021-ലെ സെന്‍സസില്‍ ജാതി സെന്‍സസ് കൂടി ഉള്‍പ്പെടുത്തണമെന്ന ശക്തമായ ജനകീയ ആവശ്യവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും പ്രധാനമന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിച്ചത്. 2021-ലെ സെന്‍സസില്‍ ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ കണപ്പെടുപ്പ് ഉണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ജാതി സെന്‍സസ് ആവശ്യവുമായി ആര്‍.ജെ.ഡി ഉള്‍പ്പെടെയുള്ള കക്ഷികള്‍ രംഗത്തെത്തിയത്. ജാതി സെന്‍സസ് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ബിഹാര്‍ നിയമസഭ പാസാക്കിയ പ്രമേയത്തെ ജെ.ഡി.യു, ആര്‍.ജെ.ഡി കക്ഷികള്‍ക്കു പുറമെ ബി.ജെ.പിയും പിന്തുണച്ചിരുന്നു. ദേശീയാടിസ്ഥാനത്തില്‍ ഈ പാര്‍ട്ടിയുടെ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജാതി സെന്‍സസിന് ബി.ജെ.പി അനുകൂലമാകാനും ഇപ്പോള്‍ സാധ്യതയില്ല. ബിഹാറില്‍ ആര്‍.ജെ.ഡി നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികള്‍ മുഖ്യമന്ത്രി നിതീഷുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രിയെ സമീപിക്കാന്‍ തീരുമാനമുണ്ടായത്. എല്ലാ പാര്‍ട്ടികളും അടങ്ങുന്ന വിപുലമായ നിവേദക സംഘമാണ് പ്രധാനമന്ത്രിയെ കണ്ടത്.


എന്‍.ഡി.എ കക്ഷികളില്‍ ജെ.ഡി.യുവിന് പുറമേ അപ്നാദളും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ജാതി സെന്‍സസിന് അനുകൂലമാണ്. പ്രതിപക്ഷത്ത് കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, സമാജ്‌വാദി പാര്‍ട്ടിയും സി.പി.എം, സി.പി.ഐ തുടങ്ങിയ ഇടതുപക്ഷ പാര്‍ട്ടികളും ജാതി സെന്‍സസ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. യു.പി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷം ജാതി സെന്‍സസ് ആവശ്യപ്പെട്ട് രംഗത്തെത്തിയത് ബി.ജെ.പിക്ക് വലിയ ആശങ്കയുളവാക്കുന്ന ഒന്നാണ്. എന്നാല്‍ മണ്ഡല്‍ പ്രക്ഷോഭകാലത്തെ സ്ഥിതിയിലേക്ക് പിന്നോക്ക സര്‍വേയില്‍ക്കൂടി രാജ്യം കടന്നേക്കുമെന്നും അത് പിന്നോക്ക-ദലിത്-ന്യൂനപക്ഷ രാഷ്ട്രീയത്തിന് ഗുണം ചെയ്യുമെന്നും ആര്‍.ജെ.ഡി, സമാജ്‌വാദി അടക്കമുള്ള പ്രതിപക്ഷപ്പാര്‍ട്ടികള്‍ വിശ്വസിക്കുന്നു.


ബിഹാറിലെ എല്ലാ പ്രതിപക്ഷപ്പാര്‍ട്ടികളും ചില ഭരണകക്ഷികള്‍ പോലും ജാതി സെന്‍സസ് തയാറാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത് കേന്ദ്ര സര്‍ക്കാരിന് എളുപ്പം അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. എന്നാല്‍ ഈ ആവശ്യത്തിന് ബിഹാറില്‍ പിന്തുണയേറുകയാണ്. പിന്നോക്ക രാഷ്ട്രീയത്തിന് ഏറ്റവും കൂടുതല്‍ വളക്കൂറുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് ബിഹാര്‍. തമിഴ്‌നാട്ടിലും ഇപ്പോള്‍ ജാതിസെന്‍സസ് ആവശ്യം ശക്തമായി ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ ഈ സംവരണവും പാവപ്പെട്ട ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങളും ഫലപ്രദമായും ന്യായമായും നല്‍കണമെങ്കില്‍ ജാതി സെന്‍സസ് അനിവാര്യമായ ഒന്നാണ്. നമ്മുടെ രാജ്യത്തുള്ള ദലിത്-പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുക ഏറ്റവും പ്രധാനപ്പെട്ട ഒരുകാര്യവുമാണ്. ആ സെന്‍സസ് തയാറാക്കിയാലേ ഈ ആനുകൂല്യങ്ങള്‍ യഥാര്‍ഥ അവകാശികള്‍ക്ക് നല്‍കാനും രാജ്യത്തെ സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലയിലെ യാഥാര്‍ഥ വസ്തുതകള്‍ മനസിലാക്കാനും കഴിയുകയുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago