ഇസ്‌റാഈലിനെ പിന്തുണച്ച് യു.എസ് എത്തിയതിന് പിന്നാലെ മേഖലയില്‍ ആറ് യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് ചൈന; പുതിയ പടയൊരുക്കം?
ഇസ്‌റാഈലിനെ പിന്തുണച്ച് യു.എസ് എത്തിയതിന് പിന്നാലെ മേഖലയില്‍ ആറ് യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് ചൈന; പുതിയ പടയൊരുക്കം?
ബെയ്ജിങ്: മിഡില്‍ ഈസ്റ്റില്‍ ആര് യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് ചൈന. ഗസ്സയില്‍ ആക്രമണം നടത്തുന്ന ഇസ്‌റാഈല്‍ സേനയ്ക്ക് പിന്തുണയുമായി യു.എസ് സൈനിക സഹായങ്ങള്‍ അയച്ചതിനു പിന്നാലെയാണ് പശ്ചിമേഷ്യയില്‍പുതിയ പടയൊരുക്കവുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്. ഗസ്സയില്‍ ഇസ്‌റാഈല്‍ കരയുദ്ധം ആരംഭിക്കാനിരിക്കെയാണു പുതിയ നീക്കം. മിസൈല്‍വേധ സംവിധാനമടങ്ങിയ സിബോ ഉള്‍പ്പെടെയുള്ള കപ്പല്‍വ്യൂഹമാണ് മേഖലയിലെത്തിയിട്ടുള്ളത്. ഇടത്തരം യുദ്ധക്കപ്പലായ ജിങ്‌ഷോ, അനുബന്ധ കപ്പലായ ക്വിയാന്ദോഹു ഉള്‍പ്പെടെ കൂട്ടത്തിലുണ്ട്.
കഴിഞ്ഞ ദിവസം ചൈനീസ് നാവികസേന ഒമാനുമായി ചേര്‍ന്ന് സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു. പരിശീലനത്തിനുശേഷം ഒക്‌ടോബര്‍ 14ന് പേരുവെളിപ്പെടുത്താത്ത കേന്ദ്രത്തിലേക്ക് കപ്പലുകള്‍ തിരിച്ചതായാണ് അന്ന് ഔദ്യോഗിക ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.
ഗസ്സയില്‍ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ഇസ്‌റാഈലിനോട് ചൈന ആവശ്യപ്പെട്ടിരുന്നു. ഇരുകക്ഷികളും അടിയന്തരമായി വെടിനിര്‍ത്തലിനു തയാറാകണമെന്നും ആവശ്യമുന്നയിച്ചിരുന്നു. ഒപ്പം യുദ്ധത്തില്‍ ഫലസ്തീനുള്ള പിന്തുണയും ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. യു.എസ് യുദ്ധത്തില്‍ ഇടപെടുന്നത് അപകടമാകുമെന്ന് ചൈനയ്‌ക്കൊപ്പം റഷ്യയും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഒക്ടോബര്‍ ഏഴിന് ഇസ്‌റാഈല്‍ സേനയെയും അനധികൃത കുടിയേറ്റ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് നടന്ന ഹമാസ് മിന്നലാക്രമണത്തിനു പിന്നാലെയാണ് വിവിധ ഘട്ടങ്ങളിലായി അമേരിക്ക സേനയെ മേഖലയിലേക്ക് അയച്ചത്. യു.എസിന്റെ ഏറ്റവും അത്യാധുനിക കപ്പലായ യു.എസ്.എസ് ജെറാള്‍ ആര്‍. ഫോര്‍ഡ് ഇസ്‌റാഈല്‍ തീരത്ത് നങ്കൂരമിട്ടിട്ടുണ്ട്. ഇതിനു പുറമെ കരയുദ്ധ നീക്കത്തിനു സഹായവുമായി കൂടുതല്‍ സൈനികരെ അയക്കുമെന്നും യു.എസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവര്‍ എത്തുന്ന മുറയ്ക്ക് ഗസ്സയ്ക്കുനേരെ കരയാക്രമണം അഴിച്ചുവിടാനാണ് ഇസ്‌റാഈല്‍ നീക്കം. ഇസ്‌റാഈലിനു പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ന് തെല്‍അവീവിലെത്തിയിട്ടുണ്ട്.
അഭയാര്‍ഥി ക്യംപുകളും ആശുപത്രികളും ഉള്‍പെടെ സാധരണ ജനങ്ങള്‍ അഭയം തേടുന്നിടങ്ങള്‍ നോക്കി ആക്രമണം അഴിച്ചു വിടുകയാണ് ഇസ്‌റാഈല്‍. ഇന്നലെ രാത്രി ഗസ്സയിലെ അല്‍ശാത്തി അഭയാര്‍ത്ഥി ക്യാംപ് ഉള്‍പ്പെടെ ലക്ഷ്യമിട്ട് നടന്ന ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ 100 ഫലസ്തീനികളാണു കൊല്ലപ്പെട്ടത്. ഖാന്‍ യൂനിസിലും റഫായിലും ആക്രമണമുണ്ടായി. ആയിരക്കണക്കിനു രോഗികള്‍ കഴിയുന്ന ഇന്തോനേഷ്യന്‍ ആശുപത്രി ഉള്‍പ്പെടെ ഇന്ധനവും വൈദ്യുതിയുമില്ലാതെ ഇരുട്ടിലായിരിക്കുകയാണ്. ഇന്‍കുബേറ്ററിന്റെ സഹായത്തോടെ കഴിയുന്ന നൂറുകണക്കിനു കുട്ടികളുടെ ജീവനാണ് അപടത്തിലായിരിക്കുന്നത്.
ഇതുവരെ ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 5,087 ആയി. ഇതില്‍ 2,000ത്തിലേറെ പേരും കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. ഹമാസിന്റെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ സൈനികര്‍ ഉള്‍പ്പെടെ 1,400 പേരും കൊല്ലപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."