റോഡ് റോളര്‍ ഓടിക്കാന്‍ 83 ജീവനക്കാര്‍; ജോലി വര്‍ഷത്തില്‍ ആറു ദിവസം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ആകെയുള്ളത് 86 റോഡ് റോളറുകള്‍.
അതില്‍ പ്രവര്‍ത്തനക്ഷമമായത് 12 എണ്ണം മാത്രം. അവയുടെ ഉപയോഗമാകട്ടെ വര്‍ഷത്തില്‍ ആറുദിവസം. എന്നാല്‍, ആകെയുള്ളത് 83 ജീവനക്കാര്‍. ഇവര്‍ക്കായി ശമ്പളവും അലവന്‍സുമായി നല്‍കിയത് 18 കോടി രൂപ. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
പൊതുമരാമത്ത് വകുപ്പ് 2014- 15 മുതല്‍ 2018 - 19 വരെയുള്ള അഞ്ചുവര്‍ഷത്തേക്ക് റോഡ് റോളര്‍ ജീവനക്കാരുടെ ശമ്പളയിനത്തില്‍ 18.34 കോടി രൂപ അനാവശ്യമായി ചെലവാക്കിയെന്നാണ് സി.എ.ജി റിപ്പോര്‍ട്ടിലുള്ളത്.
കേരള പി.ഡബ്ല്യു.ഡിയുടെ എട്ട് ഡിപാര്‍ട്ട്‌മെന്റ് ഡിവിഷനുകളിലായാണ് ഇത്രയും റോഡ് റോളറുകളുള്ളത്. കേടായ റോളറുകള്‍ എട്ടുമാസം മുതല്‍ 27 വര്‍ഷം വരെയായി പ്രവര്‍ത്തിക്കാത്തവയാണ്. പ്രവര്‍ത്തിക്കാത്ത ഒമ്പത് റോളറുകള്‍ നേരത്തെ 13.2 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വിറ്റു. 47 റോഡ് റോളറുകള്‍ അറ്റകുറ്റപ്പണി നടത്തിയാലും ഒരിക്കലും പ്രവര്‍ത്തനക്ഷമമാക്കാന്‍ പറ്റാത്തവയാണ്. ഇനിയും മൂലയ്ക്കിടുന്നതിലൂടെ കേടുപാടുകളും പഴക്കവും കൂടാന്‍ കാരണമാവുമെന്നും അതുവഴി ലേലത്തില്‍ വയ്ക്കുമ്പോള്‍ ലഭിക്കുന്ന തുക കുറയുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
140 റോളര്‍ ഡ്രൈവര്‍മാരുടെ തസ്തികകളും 110 റോളര്‍ ക്ലീനര്‍മാരുടെ തസ്തികകളും അധികമാണെന്ന് കണ്ടെത്തിയതോടെ 2003ല്‍ ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നെങ്കിലും 2019 ഒക്ടോബറില്‍ 26 റോളര്‍ ഡ്രൈവര്‍മാരും 57 ക്ലീനര്‍മാരും അടക്കം 83 ജീവനക്കാരാണ് ഉണ്ടായിരുന്നത്.
ഇവര്‍ പണിയെടുക്കാതെ ശമ്പളം വാങ്ങുകയാണെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടില്‍, ഐ.ടി.ഐ അടിസ്ഥാന യോഗ്യതയുള്ള ഈ ജീവനക്കാരെ മറ്റു വകുപ്പുകളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."