സന്ധ്യ ദേവനാഥന് മെറ്റ ഇന്ത്യയുടെ പുതിയ മേധാവി
ന്യൂഡല്‍ഹി: ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യയിലെ ബിസിനസ് വിഭാഗം മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. ഗ്ലോബല്‍ ബിസിനസ് ലീഡറായ സന്ധ്യക്ക് ബാങ്കിങ്, പേയ്മെന്റ്, ടെക്നോളജി മേഖലയില്‍ 22 വര്‍ഷത്തെ അന്താരാഷ്ട്ര അനുഭവ പരിജ്ഞാനമുണ്ട്.
ഡല്‍ഹി യൂണിവേഴ്സിറ്റി മാനേജ്മെന്റ് സ്റ്റഡീസ് ഫാക്കല്‍റ്റിയില്‍ നിന്ന് 2000ത്തില്‍ എം.ബി.എ പൂര്‍ത്തിയാക്കി. 2016ല്‍ മെറ്റയില്‍ ചേര്‍ന്ന സന്ധ്യ സിംഗപ്പൂര്‍, വിയറ്റ്നാം ബിസിനസുകള്‍ കെട്ടിപ്പടുക്കാന്‍ സഹായിച്ചു. ഇതോടൊപ്പം തെക്ക് കിഴക്കനേഷ്യയിലെ കമ്പനിയുടെ ഇ-കൊമേഴ്സ് വിഭാഗത്തിന്റെ ചുമതലയും വഹിച്ചു.
മെറ്റയുടെ ഇന്ത്യയിലെ ബിസിനസ് വിഭാഗം മേധാവി എന്ന നിലയില്‍ സന്ധ്യ മെറ്റാ ഏഷ്യ-പസഫിക് വൈസ് പ്രസിഡന്റ് ഡാന്‍ നിയറിക്കാണ് ഇനി മുതല്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. 2020ല്‍ ആഗോളതലത്തില്‍ മെറ്റയുടെ ഏറ്റവും വലിയ മേഖലകളിലൊന്നായ ഏഷ്യ-പസഫികില്‍ (എ.പി.എ.സി) കമ്പനിയുടെ നീക്കങ്ങള്‍ക്ക് നേതൃത്വം നല്കാന് സന്ധ്യക്ക് അവസരം ലഭിച്ചു.
സ്ത്രീകളെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിലും ജോലിസ്ഥലത്ത് വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്ന് സന്ധ്യയുടെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍ പറയുന്നു. മെറ്റായിലെ വിമന്‍@എ.പി.എ.സിയുടെ എക്സിക്യൂട്ടീവ് സ്പോണ്‍സറും ഈ രംഗത്തെ സ്ത്രീ പ്രാതിനിധ്യം മെച്ചപ്പെടുത്തുന്നതിനുള്ള ആഗോള മെറ്റാ സംരംഭമായ പ്ലേ ഫോര്‍വേഡിന്റെ ആഗോള ലീഡുമാണ്. പെപ്പര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഗ്ലോബല്‍ ബോര്‍ഡിലും സന്ധ്യ ദേവനാഥന് സേവനമനുഷ്ടിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."