HOME
DETAILS

സര്‍വകലാശാലകള്‍ക്ക് കൂച്ചുവിലങ്ങിടരുത്

  
backup
October 25 2023 | 01:10 AM

dont-be-shackled-to-universities

സര്‍വകലാശാലകള്‍ക്ക് കൂച്ചുവിലങ്ങിടരുത്

ഡോ. അബേഷ് രഘുവരന്‍

സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പണമിടപാടുകള്‍ ട്രഷറി വഴിയാക്കി നിയന്ത്രിക്കുന്നത് സ്വയംഭരണ സ്ഥാപനങ്ങളായ സര്‍വകലാശാലകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയായിരിക്കുകയാണ്. അധികാരത്തിലിരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍, ഉന്നത വിദ്യാഭ്യാസ രംഗത്തിന് വലിയ പ്രാധാന്യം നല്‍കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നടപടി സര്‍വകലാശാലകളുടെ പ്രകടനത്തെ വലിയ നിലയില്‍ പിന്നോട്ടടിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

നാക് (NAAC) പോലെയുള്ള ദേശീയ പരിശോധനാ സംവിധാനത്തില്‍ കേരള, കുസാറ്റ്, കാലിക്കറ്റ് സര്‍വകലാശാലകള്‍ A++ , A + തുടങ്ങിയ ഗ്രേഡുകള്‍ നേടി അഭിമാനകരമായ സ്ഥാനത്ത് തുടരുമ്പോഴാണ് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനു പകരം ട്രഷറി വഴി പണമിടപാടുകള്‍ നടത്തി നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്. മഹാത്മാഗാന്ധി സര്‍വകലാശാല, വരുന്ന ഡിസംബറില്‍ നാക് പരിശോധനയ്ക്ക് ഒരുങ്ങുകയുമാണ്. വിദ്യാര്‍ഥികളുടെ വിദേശ സര്‍വകലാശാലകളിലേക്കുള്ള ഒഴുക്ക് വര്‍ഷംതോറും കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ പിന്തുണയും സാമ്പത്തിക സഹായവും ആയാസരഹിതമായ പണമിടപാടുകളും ഉറപ്പാക്കിയെങ്കില്‍ മാത്രമേ കൂടുതല്‍ മികവിലേക്ക് സര്‍വകലാശാലകള്‍ക്ക് ഉയരാന്‍ സാധിക്കൂ.

സര്‍ക്കാരില്‍ നിന്നുള്ള ഫണ്ടുകള്‍ സര്‍വകലാശാലകള്‍ക്ക് ലഭിക്കുന്നത് രണ്ടു തരത്തിലാണ്. സര്‍വകലാശാല ഏറ്റെടുക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടെയുള്ള അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതി വിഹിതവും ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കുള്ള പദ്ധതിയേതര വിഹിതവും. ഓരോ വര്‍ഷവും സര്‍വകലാശാലകള്‍ സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പദ്ധതി വിഹിതം അനുവദിക്കുന്നത്. അപേക്ഷിക്കുന്ന തുക ലഭിക്കുന്നില്ല എന്നതിനൊപ്പം, ഇപ്പോള്‍ അനുവദിക്കപ്പെടുന്ന തുക ട്രഷറിയില്‍ തന്നെ കിടക്കുന്നതിനാല്‍ എടുക്കാനുള്ള തടസവും അഭിമുഖീകരിക്കുന്നുണ്ട്.
സര്‍വകലാശാലകള്‍ ട്രഷറി അക്കൗണ്ട് വഴി ഇടപാടുകള്‍ നടത്തിയാല്‍ മതിയെന്ന് നിബന്ധന സര്‍ക്കാര്‍ മുന്നോട്ടുവച്ചത് ഈ സാമ്പത്തിക വര്‍ഷം മുതലാണ്. പദ്ധതി വിഹിതത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍വകലാശാലാ വകുപ്പുകള്‍ക്ക് അനുവദിച്ചതില്‍ ബാക്കിവന്ന തുക ട്രഷറിയിലേക്ക് മാറ്റണമെന്നായിരുന്നു ഉത്തരവ്. ഇതുമൂലം പണത്തിനുള്ള ഏതാവശ്യത്തിനും ട്രഷറിയെ ആശ്രയിക്കേണ്ട അവസ്ഥ വന്നു. അക്കാദമിക രംഗത്ത് നിഷ്പക്ഷതയും ഉയര്‍ന്ന നിലവാരവും ഉറപ്പാക്കാനാണ് സര്‍വകലാശാലകള്‍ക്ക് സ്വയംഭരണാവകാശം നല്‍കിയിരിക്കുന്നത്. അക്കാദമിക സ്വാതന്ത്ര്യം, ഭരണപരമായ സ്വാതന്ത്ര്യം, ധനകാര്യ സ്വാതന്ത്ര്യം എന്നിങ്ങനെ പ്രധാനപ്പെട്ട നിലകളിലൊക്കെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കുക വഴിയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേട്ടങ്ങളുടെ കൊടുമുടികള്‍ കയറിയിരിക്കുന്നത്. എന്നാല്‍, ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക സ്വാതന്ത്ര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് സര്‍വകലാശാലകളുടെ ആകെയുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കുക തന്നെ ചെയ്യും.

ഉന്നത വിദ്യാഭ്യാസ രംഗം പിന്നോക്കം പോകുന്നതിന്റെ ഫലമാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്ന് ചില നിരീക്ഷണങ്ങള്‍ നിലവിലുണ്ട്. എന്നാല്‍, അത് പൂര്‍ണമായും തെറ്റാണ്. ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പല വിവാദങ്ങള്‍ക്കിടയില്‍ നമ്മുടെ പല നേട്ടങ്ങളും ആരും കാണാതെയും ആഘോഷിക്കപ്പെടാതെയും പോകുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രകടനത്തെ വിലയിരുത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റാങ്കിങ് ഫ്രയിംവര്‍ക് (NIRF) അടുത്തിടെ പുറത്തിറക്കിയ റാങ്കിങ്ങില്‍ കേരളത്തിലെ സര്‍വകലാശാലകളും കലാലയങ്ങളും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. കേരള, കൊച്ചി സര്‍വകലാശാലകള്‍ റാങ്കിങ് നില മെച്ചപ്പെടുത്തിയപ്പോള്‍ (കേരള സര്‍വകലാശാല 40ല്‍നിന്ന് 24, കൊച്ചി സര്‍വകലാശാല 41ല്‍നിന്ന് 37) എം.ജി സര്‍വകലാശാലയും കാലിക്കറ്റ് സര്‍വകലാശാലയും ഒരു റാങ്ക് പിന്നിലേക്ക് പോയി.
എന്നിരുന്നാലും സ്വകാര്യ സര്‍വകലാശാലകള്‍ മുന്നോട്ടുവയ്ക്കുന്ന കടുത്ത മത്സരത്തിനിടയില്‍ സര്‍ക്കാര്‍ മേഖലയിലെ സ്ഥാപനങ്ങളുടെ ഈ നേട്ടം ചെറുതല്ല. കോളജുകളുടെ കാര്യത്തിലായാലും കേരളത്തിലെ 14 കലാലയങ്ങള്‍ ആദ്യത്തെ നൂറ് റാങ്കില്‍ എത്തിയത് അഭിമാനകരമാണ്. എന്നാല്‍, ഇതിനൊപ്പം പ്രവേശനവുമായി ബന്ധപ്പെട്ട മറ്റു ചില പ്രശ്‌നങ്ങളും സര്‍വകലാശാലകളെയും കോളജുകളെയും ബാധിക്കുന്നുണ്ട്. വിദേശ സര്‍വകലാശാലകള്‍ക്ക് കാംപസ് തുടങ്ങാന്‍ അവസരം നല്‍കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ നയത്തില്‍ പരാമര്‍ശമുണ്ട്. വിദേശ സര്‍വകലാശാലകള്‍ രാജ്യത്ത് കാംപസ് തുടങ്ങുന്നതോടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ കുറെയേറെ പരിഹരിക്കപ്പെടുമെന്ന് കരുതാനാവില്ല. വിദേശ സര്‍വകലാശാലകളുടെ കാംപസ് വിദേശത്തേക്കുള്ള കുട്ടികളുടെ ഒഴുക്ക് തടയും എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അതിന്റെ കാരണം കേവലം പഠനത്തിനു വേണ്ടി മാത്രമല്ല, വിദേശ ജോലിയും സ്ഥിരതാമസവും കൂടി ലക്ഷ്യമിട്ടാണ് ഉന്നത വിദ്യാഭ്യാസത്തിന് വിദേശങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ ചേക്കേറുന്നത്. പഠനത്തിനൊപ്പം തൊഴില്‍കൂടി ചെയ്യുവാനും കൂടുതല്‍ പണം സമ്പാദിക്കാനും വിദേശ രാജ്യങ്ങളില്‍ അവസരമുണ്ട്. അത് കുട്ടികള്‍ക്ക് വലിയ ആകര്‍ഷണമാണ്.

കുട്ടികളുടെ സംവരണം, ഫീസ് ഘടന എന്നിവയെക്കുറിച്ചാണ് വലിയ ആശങ്കകളുള്ളത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യം യു.ജി.സി എടുത്തു പറയുമ്പോഴും നിലവിലുള്ള സ്വകാര്യ സര്‍വകലാശാലകളുടെ രീതി വിദേശ സര്‍വകലാശാലകള്‍ക്കും തുടരാം എന്നാണ് കരട് മാര്‍ഗരേഖയില്‍ പറയുന്നത്. അങ്ങനെയാകുമ്പോള്‍ സംവരണം തുടരേണ്ട ആവശ്യം വിദേശ സര്‍വകലാശാലകള്‍ക്ക് ഉണ്ടാവില്ല. കൂടാതെ ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന്റെ കാര്യത്തിലും തീര്‍ച്ചയൊന്നും പറയാനാവില്ല. ഭരണഘടന വാഗ്ദാനം ചെയ്യുന്ന സാമൂഹികനീതി ഉറപ്പാക്കിയുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കുന്ന അവസ്ഥയുമുണ്ടാകും.

വിദ്യാഭ്യാസം വിവാദങ്ങളാല്‍ ആഘോഷിക്കേണ്ട കാര്യമല്ല. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നത് സമൂഹത്തിന്റെ മൂല്യച്യുതിയിലാണ്. കാലം അത്തരമൊരു അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചിട്ടില്ലെങ്കിലും, സമീപഭാവിയില്‍ അതു വന്നുകൂടായ്കയില്ല. പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ട് വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താന്‍ അധ്യാപകരും വിദ്യാര്‍ഥികളും മറ്റു വിദ്യാഭ്യാസ പ്രവര്‍ത്തകരും ഒരുപോലെ പ്രയത്‌നിക്കേണ്ടതുണ്ട്. സര്‍ക്കാരും അവര്‍ക്കൊപ്പം നിലകൊള്ളുമ്പോഴാണ് നാട് വിദ്യാഭ്യാസത്തിലൂടെ നേട്ടങ്ങള്‍ കൈവരിക്കുന്നത്. അതിന് സര്‍ക്കാരിന്റെ സഹായം അത്യന്താപേക്ഷിതമാണ്. സര്‍ക്കാരിന്റെ സഹായം ഇല്ലാതായാല്‍ സര്‍ക്കാരിനു കീഴിലുള്ള സര്‍വകലാശാലകളില്‍ പഠനത്തിന്റെ ചെലവ് കൂടും. ഇന്നും പാവപ്പെട്ട വീടുകളില്‍ നിന്നുള്ള കുട്ടികള്‍ക്ക് കുറഞ്ഞ ചെലവില്‍ വിദ്യാഭ്യാസം ഉറപ്പാക്കിക്കൊണ്ട് അവരെ വച്ച് നേട്ടം കൊയ്യുന്ന നമ്മുടെ സര്‍വകലാശാലകള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

ഈ നേട്ടങ്ങള്‍ക്കിടയിലും ചില സന്ദര്‍ഭങ്ങളില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പിന്നാക്കം പോകുന്നുവെന്ന ആക്ഷേപമുണ്ട്. മികച്ച അധ്യാപകര്‍, സര്‍ക്കാര്‍ തലത്തില്‍ മുന്തിയ പരിഗണന, പ്രതിഭാധനരായ വിദ്യാര്‍ഥികള്‍, സ്‌കൂള്‍ തലങ്ങളിലുള്ള മികച്ച പഠനാന്തരീക്ഷം എന്നിവയൊക്കെ ഉണ്ടെങ്കിലും എന്തുകൊണ്ട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആദ്യത്തെ അഞ്ചോ പത്തോ റാങ്കില്‍ എത്തിച്ചേരാന്‍ കഴിയുന്നില്ല? സ്വകാര്യ രംഗത്തെ സ്ഥാപനങ്ങള്‍ മികച്ച റാങ്ക് നേടുമ്പോള്‍ സര്‍ക്കാര്‍ വിഭാഗത്തിലെ സര്‍വകലാശാലകള്‍ ഒന്നാമതായി എത്താത്തതെന്താണ്? സ്വകാര്യ വിദ്യാഭ്യാസ രംഗത്തെ രീതികളെ അപേക്ഷിച്ച്, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ രീതികള്‍ വ്യത്യസ്തമാണെങ്കിലും ശ്രമിച്ചാല്‍ ഗുണപരമായ ചില മാറ്റങ്ങള്‍ അവിടങ്ങളില്‍ കൊണ്ടുവരാന്‍ കഴിയും.

അധ്യാപന പഠനവിഭവങ്ങള്‍, ഗവേഷണം, പഠനഫലം, സമൂഹവ്യാപനം എന്നിങ്ങനെ വിവിധ അളവുകോലുകള്‍ ഓരോ റാങ്കിങ് സമ്പ്രദായത്തിനു പിന്നിലുണ്ട്. പ്രധാനമായും പരീക്ഷകളില്‍ കുട്ടികളുടെ റിസല്‍ട്ട്, ഗവേഷണ പ്രബന്ധങ്ങളുടെയും പേറ്റന്റുകളുടെയും എണ്ണവും ഗുണമേന്മയും ഏറ്റെടുത്തു നടപ്പിലാക്കുന്ന ഗവേഷണ പ്രൊജക്ടുകള്‍, ഡോക്ടറേറ്റുകള്‍ എന്നിവയൊക്കെ പരിഗണിക്കും. നാക്, എന്‍.ഐ.ആര്‍.എഫ് എന്നിവയിലെ മികവ് ഇന്ന് ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മുന്നോട്ടു പോകാന്‍ അനിവര്യമാണ്. സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്‍ഡ്, പ്രൊജക്ടുകള്‍ എന്നിവയൊക്കെ ഈ റാങ്കിങ്ങിലെ മികവിനെ ആശ്രയിച്ചിരിക്കുന്നു. ഓരോന്നിനും അതിന്റേതായ കൃത്യമായ അളവുകോലുകള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. സ്ഥാപനങ്ങളുടെ പ്രകടനങ്ങള്‍ അവയോരോന്നിലേക്കും കൃത്യമായി ചേര്‍ത്തുവയ്ക്കുകയാണ് ആദ്യം വേണ്ടത്. അതിനിടയില്‍ ഉണ്ടാകുന്ന ഇത്തരം നിയന്ത്രണങ്ങള്‍ സര്‍വകലാശാലകളുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. സര്‍വകലാശാലകള്‍ക്ക് എല്ലാ നിലയിലുമുള്ള പിന്തുണയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സമൂഹം ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago