ഒറ്റപ്പാലം സ്വദേശിനിയായ 17കാരിയെ പീഡിപ്പിച്ച കേസില്‍ 14 പേര് അറസ്റ്റില്‍
കൊച്ചി: വീട് വിട്ടിറങ്ങിയ ഒറ്റപ്പാലം സ്വദേശിനിയായ 17കാരിയെ വിവിധ ജില്ലകളിലെത്തിച്ച് മദ്യംനല്‍കിയ ശേഷം ബലാത്സംഗം ചെയ്ത കേസില്‍ 14 പേര് അറസ്റ്റില്‍. എറണാകുളം, കൊല്ലം, വയനാട് ജില്ലകളില്‍ നിന്നാണ് അറസ്റ്റ്. കൊച്ചിയില്‍ നിന്ന് എട്ടു പേരെയാണ് പിടികൂടിയത്. കൊല്ലം, വയനാട് ജില്ലകളില്‍ നിന്നായി ആറുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു.
പെണ്‍കുട്ടിയെ വിവിധ ജില്ലകളിലെത്തിച്ചാണ് പീഡിപ്പിച്ചതെന്ന് നേരത്തേ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എറണാകുളം സെന്‍ട്രല്‍, പാലാരിവട്ടം സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഒരു വനിത ഉള്‍പ്പെടെ എട്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ സ്വദേശി ഡൊനാല്ഡ് വില്‍സണ്‍ ആണ് മുഖ്യപ്രതി. ഇയാളെയും ഇയാളുടെ സുഹൃത്തായ കൊല്ലം സ്വദേശി ആനന്ദ്, തിരുവനന്തപുരം സ്വദേശി ആഫിഫ് എന്നിവരെയും കൊല്ലം പാരിപ്പള്ളി പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
വയനാട്ടിലെ ഹോം സ്റ്റേ നടത്തിപ്പുകാരായ വിനോദ്, നിഖില്‍, കോഴിക്കോട് സ്വദേശി ഇര്ഫാന് എന്നിവരെ വയനാട് അമ്പലവയല്‍ പോലിസാണ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പിതാവ് പരാതി നല്‍കുകയും അന്വേഷണത്തില്‍ തിരുവനന്തപുരത്ത് കണ്ടെത്തുകയുമായിരുന്നു. എറെ നാളുകള്‍ക്ക് ശേഷം പീഡന വിവരം കുട്ടി വെളിപ്പെടുത്തിയതോടെ 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് സൂചന. ഒറ്റപ്പാലം പാലപ്പുറം സ്റ്റേഷനിലാണ് ആദ്യ കേസ് രജസ്റ്റര്‍ ചെയ്തത്.
വീട് വിട്ടിറങ്ങിയ പെണ്‍കുട്ടി എറണാകുളം ബസ്റ്റാന്ഡിലെത്തിയപ്പോള് ഡൊണാള്‍ഡ് വില്‍സണ്‍ സൗഹൃദം സ്ഥാപിച്ച് വിവേകാനന്ദ റോഡിലെ ജെ.ജെ റെസിഡന്‍സി ഹോട്ടലിലെത്തിച്ച് മദ്യം നല്കി ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഹോട്ടല്‍ ഉടമ ജോഷി തോമസ്, മാനേജര്‍ അജിത്കുമാര്‍ എന്നിവരെ കൂടി ഇയാള്‍ വിളിച്ചുവരുത്തുകയും ഇരുവരും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു.
തിരികെ എറണാകുളം ബസ്റ്റാന്‍ഡിലെത്തിയ പെണ്‍കുട്ടിയെ പന്തളം സ്വദേശി മനോജ് സോമന് എന്നയാള്‍ സമീപിച്ച് ജോലി വാഗ്ദാനം ചെയ്തു. ചിറ്റൂര്‍ റോഡിലെ ലോഡ്ജിലെത്തിച്ച് മനോജും ലോഡ്ജ് ഉടമ കെ.ബി സലാമും പീഡിപ്പിച്ചു. പിന്നീട് സെക്സ് റാക്കറ്റുമായി ബന്ധമുള്ള ഉദയംപേരൂരിലെ ഗിരിജ എന്ന സ്ത്രീക്ക് കുട്ടിയെ കൈമാറി. ഇവര്‍ കേരളത്തിലെ വിവിധ ജില്ലകളിലെത്തിക്കുകയും നിരവധി തവണ പലരും പീഡിപ്പിക്കുകയും ചെയ്തു. ജൂണ്‍ 21നും ആഗസ്ത് നാലിനുമിടയിലാണ് ഇതെല്ലാം സംഭവിച്ചതെന്നും പൊലിസ് കണ്ടെത്തി. എറണാകുളം, കൊല്ലം, തൃശൂര്‍, വയനാട് ജില്ലകളില്‍ വച്ച് മദ്യവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും നല്കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."