സയ്യിദ് അലി ഷാ ഗീലാനി: കശ്മീര്‍ രാഷ്ട്രീയത്തിലെ കാര്‍ക്കശ്യക്കാരന്‍
ബാബ എന്നാണ് കശ്മീരിലെ ചെറുപ്പം അദ്ദേഹത്തെ വിളിച്ചിരുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരില്‍ ഒരാളായി കശ്മീര്‍ ജനത ചേര്‍ത്തു വെച്ച നേതാവായിരുന്നു അദ്ദേഹം. സയ്യിദ് അലി ഷാ ഗീലാനി. അദ്ദേഹത്തിന്റെ കര്‍ക്കശമായ രാഷ്ട്രീയമാണ് ബഹുജനങ്ങളുടെ പ്രതിനിധിയെന്ന ഖ്യാതി അദ്ദേഹത്തിന് നേടിക്കൊടുത്തത്.
കശ്മീരിലെ മറ്റു മിതവാദ വിഘടനവാദികളില്‍ നിന്ന് വ്യത്യസ്തമായി, ന്യൂഡല്‍ഹിയുമായുള്ള ചര്‍ച്ചയുടെ സാധ്യതകളെ പോലും അംഗീകരിക്കാത്തതായിരുന്നു ഗീലാനിയുടെ നിലപാട്. 'ഒന്നിനും വഴങ്ങാത്ത ഈ നിലപാട് അദ്ദേഹത്തെ കശ്മീരികള്‍ക്ക് വിശ്വാസയോഗ്യനാക്കി' കശ്മീര്‍ സര്‍വ്വകലാശാലയിലെ ലോ പ്രൊഫസറും രാഷ്ട്രീയ നിരൂപകനുമായ ഡോ, ശൈഖ് ഷൗക്കത്ത്് ഹുസൈന്‍ പറയുന്നു. ശൈഖ് അബ്ദുല്ല ഉള്‍പെടെയുള്ള നേതാക്കള്‍ നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്നത് കണ്ട് മടുത്തവര്‍ക്കിടയിലേക്കാണ് ഗീലാനി കടന്നു വന്നത്.
വിഭജനമെന്ന നെരിപ്പോട് കത്തിച്ച് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുകയും കശ്മീര്‍ ഒരു പ്രശ്‌നമായി ഉദിച്ചു വരികയും ചെയ്യുന്ന സമയത്ത് 18 വയസ്സായിരുന്നു സയ്യിദ് അലിഷാ ഗീലാനിക്ക്. കശ്മീരിലെ ഇന്ത്യന്‍ അനുകൂല ക്യാംപിലാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് ജമാഅത്തെ ഇസ്‌ലാമി കശ്മീരില്‍ അംഗമായി. ജമാഅത്ത് വിട്ട ശേഷം തഹ്‌രീകെ ഹുര്‍റിയത്ത് ജമ്മു കശ്മീര്‍ എന്ന സംഘടന സ്ഥാപിച്ചു.
ജമ്മു കശ്മീരിലെ വിഘടനവാദ അനുകൂല പാര്‍ട്ടികളുടെ കൂട്ടായ്മയായ ഓള്‍ പാര്‍ട്ടീസ് ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ ചെയര്‍മാനായി അദ്ദേഹം പ്രവര്‍ത്തിച്ചു. 1972 ലും 1977 ലും 1987 ലും അദ്ദേഹം ജമ്മു കശ്മീരിലെ സോപോര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയിരുന്നു. 2020 ജൂണില്‍ അദ്ദേഹം ഹുറിയത്ത് ഉപേക്ഷിച്ചു.
1929 സെപ്റ്റംബര്‍ 29 ന് വടക്കന്‍ കശ്മീരിലെ സോപോര്‍ ബാരാമുല്ല ജില്ലയില്‍ സൂരി മുന്‍സ് എന്നഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. പാവപ്പെട്ട കുടംബമായിരുന്നു അദ്ദേഹത്തിന്റേത്. ഉപ്പ സയ്യിദ് പീര്‍ ഷാ ഗീലാനി ഗ്രമത്തിലെ കനാലുകള്‍ നന്നാക്കുന്ന സാധാരണ കൂലിത്തൊഴിലാളി. പത്ത് മൈലുകള്‍ക്കപ്പുറെയുള്ള സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1945ല്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. പിന്നീട് ഖുര്‍ആന്‍ പഠിക്കാനായി ലാഹോറിലേക്ക് പോയി. ഉപ്പ രോഗബാധിതനായതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിനു ശേഷം ഗ്രാമത്തിലേക്ക് തിരിച്ചെത്തി. സമീപത്തെ പള്ളിയില്‍ ഇമാമായി സേവനമനുഷ്ഠിക്കുകയും അതോടൊപ്പം പേര്‍ഷ്യന്‍ സാഹിത്യത്തില്‍ ബിരുദമെടുക്കുകയും ചെയ്തു.
1949ല്‍ നാഷനല്‍ കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി മൗലാനമുഹമ്മദ് സയ്യിദ് മസൂദിയെ കണ്ടുമുട്ടിയത് അദ്ദേഹത്തിന് വഴിത്തിരിവായി. പ്രസംഗകലയിലെ ഗീലാനിയുടെ ചാതുര്യം മസൂദിയെ ആകര്‍ഷിച്ചു. ഇന്ത്യന്‍ അനുകൂല നിലപാടുള്ള മസൂദി പിന്നീട് ഗീലാനിയുടെ മാര്‍ഗദര്‍ശിയായി. അദ്ദേഹം ഗീലാനിയെ തനിക്കൊപ്പം ശ്രീനഗറിലേക്ക് കൊണ്ടുവരികയും നാഷനല്‍ കോണ്‍ഫറന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ താമസിപ്പിക്കുയും ചെയ്തു. നാലുവര്‍ഷം കൊണ്ട് ഒരു സമ്പൂര്‍ണ മതേതരവാദിയായി ഗീലാനിയെ വളര്‍ത്തിയെടുത്തു മസൂദി.
അതിനിടക്ക് അധ്യാപകനായി ഔദ്യോഗിക ജീവിതവും തുടങ്ങി ഗീലാനി. സോപോര്‍, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. ഇടക്കിടെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് കശ്മീര്‍ മുഖപത്രമായ ഡെയ്‌ലി കിദ്മത്തില്‍ ലേഖനങ്ങള്‍ എഴുതാറുമുണ്ടായിരുന്നു അദ്ദേഹം.
പിന്നീട് 1954ല്‍ ഗീലാനി കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി സ്ഥാപക നേതാക്കളില്‍ ഒരാളായ സൈഫുദ്ധീനെ കണ്ടുമുട്ടി. ക്രമേണ അദ്ദേഹം ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായി.
1970ന്റെ തുടക്കത്തില്‍ അദ്ദേഹം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തീരുമാനിച്ചു. അങ്ങിനെ 1972ല്‍ അദ്ദേഹം ആദ്യമായി സോപോറിന്റെ എം.എല്‍.എയായി.
ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ (ഒഐസി), കശ്മീര്‍ കോണ്‍ടാക്റ്റ് ഗ്രൂപ്പ് എന്നിവയുടെ അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കുന്നതിന് സയ്യിദ് അലി ഷാ ഗീലാനിക്ക് ക്ഷണം ലഭിച്ചിരുന്നു. 2010ല്‍ ഗീലാനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. 1981 രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചു. 2010 മുതല്‍ വീട്ടു തടങ്കലിലുമായിരുന്നു അദ്ദേഹം.
രണ്ട് ആണ്‍മക്കളും നാല് പെണ്‍മക്കളുമാണ് അദ്ദേഹത്തിനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."