കൂട്ടപ്പിരിച്ചുവിടലും കൂട്ടരാജിയും; ആടിയുലഞ്ഞ് ട്വിറ്റര്‍. എങ്ങനെ ജയിക്കണമെന്ന് അറിയാമെന്നും ഭയമില്ലെന്നും മസ്‌ക്
ന്യൂയോര്‍ക്ക്: സാമൂഹിക മാധ്യമമായ ട്വിറ്റര്‍ ലോക ഒന്നാം നമ്പര്‍ കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്ത ശേഷം കമ്പനിയില്‍ ഉടലെടുത്ത പ്രതിസന്ധി മൂര്‍ധന്യത്തിലേക്ക്. നഷ്ടം ചൂണ്ടിക്കാട്ടി പകുതിയിലേറെ ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നാലെ കൂടുതല്‍ സമയം ജോലി ചെയ്യണമെന്ന മസ്‌കിന്റെ നിലപാടില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് ജീവനക്കാര്‍ രാജിവച്ച് ഒഴിയുകയാണ്.
'കാര്യക്ഷമമായി ദീര്‍ഘനേരം ജോലിക്കാര്‍ സൈന്‍ അപ്പ് ചെയ്യുക, അല്ലെങ്കില്‍ വിട്ടുപോകുക' എന്ന മസ്‌കിന്റെ അന്ത്യശാസനത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ നൂറുകണക്കിന് ജീവനക്കാരാണ് വേര്‍പിരിയില്‍ വേതനം വാങ്ങി കമ്പനി വിട്ടത്. ബുധനാഴ്ച പുലര്‍ച്ചെയാണ് മസ്‌ക് ട്വിറ്റര്‍ ജീവനക്കാര്‍ക്ക് ഇ-മെയില്‍ അയച്ചത്. 'വഴിത്തിരിവുള്ള ട്വിറ്റര്‍ 2.0 നിര്‍മിക്കുന്നതിനും വര്‍ധിച്ചുവരുന്ന മത്സരാധിഷ്ഠിത ലോകത്ത് വിജയിക്കുന്നതിനും, നമ്മള്‍ വളരെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്' എന്ന് സന്ദേശത്തില്‍ പറയുന്നു. ജോലി തുടരാന്‍ ആഗ്രഹിക്കുന്ന ജീവനക്കാരോട് 'അതെ' എന്ന് ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. അഞ്ചുമണിയായിട്ടും പ്രതികരിക്കാത്തവരെ ജോലി ഉപേക്ഷിച്ചതായി കണക്കാക്കി വേര്‍പിരിയല്‍ പാക്കേജ് നല്‍കുമെന്ന് ഇ-മെയിലില്‍ പറയുന്നു.
ജീവനക്കാര്‍ രാജിവച്ച് പോകുന്നതില്‍ പരിഭ്രാന്തിയില്ലെന്ന് മസ്‌ക് പ്രതികരിച്ചു. എങ്ങനെ മുന്നോട്ടുപോകണമെന്ന് അറിയാമെന്നും വിജയിക്കാന്‍ ആഗ്രഹിക്കുന്ന മികച്ച ജീവനക്കാര്‍ കമ്പനിയോടൊപ്പം ഉണ്ടാവുമെന്നും മസ്‌ക് പറഞ്ഞു. പിരിഞ്ഞുപോകാനുള്ള സമയപരിധിക്കു ശേഷം അവശേഷിക്കുന്നവരെ വച്ച് ട്വിറ്റര്‍ 2.0 മുന്നോട്ടുകൊണ്ടുപോകുമെന്നും മസ്‌ക് അറിയിച്ചു.
തിങ്കളാഴ്ച വരെ ഓഫിസുകള്‍ അടച്ചിടുകയാണെന്നും ലോഗിന്‍ ആക്‌സസ് ഉണ്ടായിരിക്കില്ലെന്നും കമ്പനി ജീവനക്കാരെ അറിയിച്ചിരുന്നു. വ്യാഴാഴ്ച വൈകുന്നേരം സുരക്ഷാ ഉദ്യോഗസ്ഥര്‍ ജീവനക്കാരെ ഓഫിസില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ആകെയുള്ള 7,500 ജീവനക്കാരില്‍ പകുതിയോളം പേരെ മസ്‌ക് പിരിച്ചുവിട്ടു. ശേഷിക്കുന്നവരില്‍ നിരവധി പേര്‍ രാജിവയ്ക്കുകയും ചെയ്തു.
അതേസമയം, മസ്‌ക് ചില മുന്‍നിര ജീവനക്കാരെ കാണുകയും അവരെ അവിടെ തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്തതായി ജീവനക്കാര്‍ വെളിപ്പെടുത്തി. എത്ര ജീവനക്കാര്‍ തുടരുമെന്ന് വ്യക്തമല്ലെങ്കിലും, ഉയര്‍ന്ന മാനേജ്‌മെന്റ് പ്രഫഷണലുകള്‍ ഉള്‍പ്പെടെ പകുതി ജീവനക്കാരെയും പിരിച്ചുവിടുകയും ബാക്കിയുള്ളവരെ നീണ്ട മണിക്കൂറുകള്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതോടെ കമ്പനിയില്‍ തുടരാന്‍ ജീവനക്കാര്‍ വിമുഖത പ്രകടിപ്പിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."