'ഭീകരത' എന്ന പദം അറബികള്‍ക്കും മുസ് ലിംകള്‍ക്കും മാത്രം ഉള്ളതാണോ? ഫലസ്തീന്‍ വിഷയത്തില്‍ പടിഞ്ഞാറിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി ജോര്‍ദാന്‍ രാജ്ഞി
ഗസ്സ: ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തിവരുന്ന കൂട്ടക്കുരിതിയില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് തുറന്നുകൂട്ടി ജോര്‍ദാന്‍ രാജ്ഞി റാനിയ അബ്ദുല്ല. ഗസ്സയില്‍ ആയിരക്കണക്കിന് കുട്ടികള്‍ കൊല്ലപ്പെട്ടതിനെ അപലപിക്കാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തയാറായില്ലെന്ന് റാനിയ കുറ്റപ്പെടുത്തി. സി.എന്‍.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോര്‍ദാന്‍ രാജ്ഞി. അഭിമുഖത്തിലുടനീളം കടുത്ത പരാമര്‍ശങ്ങളിലൂടെയാണ് അവര്‍ പടിഞ്ഞാറന്‍ രാജ്യങ്ങളെ ചോദ്യംചെയ്തത്.
ഗസ്സക്ക് നേരെ നടക്കുന്ന കൂട്ടക്കൊലപാതകങ്ങളോടുള്ള വിവിധ രാജ്യങ്ങളുടെ പ്രതികരണത്തില്‍ ജോര്‍ദാനിലേതടക്കമുള്ള പശ്ചിമേഷ്യയിലെ ജനങ്ങള്‍ ഞെട്ടിയിരിക്കുകയാണ്. ഗസ്സയിലേത് വംശഹത്യാസമാനമായ സാഹചര്യമാണ്. എന്നിരിക്കെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഇരട്ടത്താപ്പ് നാം കണ്ടുകൊണ്ടിരിക്കുകയാണ്.
ഒക്ടോബര്‍ ഏഴിന് (ഹമാസിന്റെ മിന്നലാക്രമണം ഉണ്ടായ ദിവസം) എല്ലാവരും ഇസ്‌റാഈലിനൊപ്പം നിന്നു. ലോകം ഒന്നടങ്കം അതിനെ അപലപിച്ചു. സ്വയം പ്രതിരോധിക്കാനുള്ള അവരുടെ അവകാശത്തിനൊപ്പം നിന്നു. എന്നാലിപ്പോള്‍ ആ രാജ്യങ്ങളുടെ ഇരട്ടത്താപ്പിന് ഇപ്പോള്‍ ലോകം സാക്ഷ്യംവഹിക്കുകയാണ്. സ്വയം പ്രതിരോധത്തിന്റെ പേരില്‍ കുട്ടികളെയുള്‍പ്പെടെ കൂട്ടക്കൊല ചെയ്യുന്ന ഇസ്‌റാഈലിന്റെ ഈ നിലപാടിനെ എന്തുകൊണ്ടാണ് അവരാരും അപലപിക്കാത്തത്? ഫലസ്തീന്റെ ഭാഗത്തുനിന്ന് ആക്രമണങ്ങളുണ്ടാകുമ്പോഴെല്ലാം അതിനെ വളരെവേഗം അവര്‍ ഭീകരതയുമായി ബന്ധിപ്പിക്കുന്നു. 'ഭീകരത' എന്ന പദം അറബികള്‍ക്കും മുസ് ലിംകള്‍ക്കും മാത്രം പരിമിതപ്പെടുത്തിയതാണോ?- റാനിയ ചോദിച്ചു.
സംഭവം ഉണ്ടാകുമ്പോള്‍ പടിഞ്ഞാറന്‍ മാധ്യമങ്ങളും നയരൂപീകരണ വിദഗ്ധരും വളരെപെട്ടെന്ന് തന്നെ ഇസ്‌റാഈലിന്റെ ആഖ്യാനം ഏറ്റെടുക്കുന്നു. ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഫലസ്തീനികള്‍ കൊല്ലപ്പെടുമ്പോള്‍ അത് സാധാരണ മരണമായി വ്യാഖ്യാനിക്കുന്നു. എന്നാല്‍ ഇസ്‌റാഈലികള്‍ കൊല്ലപ്പെടുമ്പോള്‍ അതൊരു ക്രൂരകൃത്യമായി അവതരിപ്പിക്കപ്പെടുന്നു.
'ഫലസ്തീനികള്‍ക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഉണ്ട്' എന്നുള്ള ഒരു വാചകം ഒരു പടിഞ്ഞാറന്‍ രാജ്യത്തെ പ്രതിനിധിയും പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല. കൊടിയ മാനുഷിക ദുരന്തത്തിന്റെ വക്കിലെത്തിയ ഒരുസാഹചര്യം ഉണ്ടായിട്ടും വെടിനിര്‍ത്തലിനുള്ള ഒരു ആഹ്വാനം ഉയരാത്ത ഒരു അവസ്ഥ ആധുനിക ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും.
ഒരു കുടുംബത്തെയാകെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൊല്ലുന്നത് തെറ്റാണെന്നും എന്നാല്‍ ഒരു കുടുംബത്തിന് മേല്‍ ഒന്നാകെ ബോംബിട്ട് കൊല്ലുന്നത് കുഴപ്പമില്ലെന്നും നമ്മളോട് പറഞ്ഞിട്ടുണ്ടോ? ഈ ഒരു ഇരട്ടത്താപ്പില്‍ അറബ് ലോകമാകെ ഞെട്ടലിലാണ്.
ഒരു ഉമ്മയെന്ന നിലക്ക്, ഫലസ്തീനിലെ ഉമ്മമാര്‍ അവരുടെ കുഞ്ഞുങ്ങളുടെ കൈകളില്‍ പേര് എഴുതുന്ന ദൃശ്യങ്ങള്‍ കാണുകയുണ്ടായി. ഇസ്‌റാഈല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെടുമെന്ന് ഉറപ്പുള്ളതിനാല്‍ തിരിച്ചറിയാന്‍ വേണ്ടിയാണിത് ചെയ്യുന്നത്. ലോകത്തെ ഏത് ഭാഗത്തെ മാതാപിതാക്കളെയും പോലെ ഫലസ്തീനിലെ ഉമ്മമാരും അവരുടെ കുഞ്ഞുങ്ങളെ ഇഷ്ടപ്പെടുന്നുണ്ട്. ഇത്തരമൊരു ഘട്ടത്തിലൂടെ ഒരു ഉമ്മാക്ക് കടന്നുപോകേണ്ട ഗതികേട് അങ്ങേയറ്റം വേദനയുളവാക്കുന്നതാണ്.
ഈ മാസം ഏഴിന് ഹമാസ് ഇസ്‌റാഈലില്‍ ആക്രമണം നടത്തിയതോടെയല്ല പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടങ്ങിയത്. അതിന് അധിനിവേശത്തിന്റെ നീണ്ട ചരിത്രമുണ്ട്. ഇതേകുറിച്ചുള്ള വാര്‍ത്തകളില്‍ മിക്കതിന്റെയും തലക്കെട്ട് ' ഇസ്‌റാഈല്‍ യുദ്ധത്തിന് നടുവില്‍ ആണ്' എന്നാണ്. എന്നാല്‍ ഫലസ്തീനികളോ? അവര്‍ വിഭജനമതിലുകള്‍ക്കും ഇരുമ്പുവേലികള്‍ക്കും ഇടയിലാണ്. ഇതെന്താണ് ആരും കാണാത്തത്?
ഇതൊരു കുടിയൊഴിപ്പിക്കലിന്റെയും വീട് നഷ്ടമാകലിന്റെയും കൊലപാതകങ്ങളുടെയും ഏഴരപതിറ്റാണ്ട് പഴക്കമുള്ള ചരിത്രമാണ്. വംശീയവാദികളായ ഭരണകൂടം നടത്തുന്ന അധിനിവേശത്തിന്റെ കഥയാണ്. അര്‍ധരാത്രി വീടുകളില്‍ കയറി പരിശോധനനടത്തുന്ന, ഭൂമി പിടിച്ചെടുക്കലിന്റെ, വീട് പൊളിക്കലിന്റെ കൂടി ചരിത്രമാണ്.
ഗസ്സ നിവാസികള്‍ക്ക് മുമ്പില്‍ രണ്ട് തെരഞ്ഞെടുപ്പാണുള്ളത്. ഒന്നുകില്‍ പുറത്താക്കപ്പെടല്‍, അല്ലെങ്കില്‍ വംശീയ ഉന്‍മൂലനം. ഒരു മനുഷ്യവിഭാഗത്തിനും ഇത്തരത്തിലുള്ള ഒരു തെരഞ്ഞെടുപ്പ് നല്‍കരുത്. ഫലസ്തീനികള്‍ക്കും നല്‍കരുത്, അവരെ നാട് വിടാന്‍ വീണ്ടും നിര്‍ബന്ധിക്കരുത്. പ്രശ്‌നത്തിന് ഒരു പരിഹാരമേയുള്ള, ഒരു സ്വതന്ത്ര, പരമാധികാര സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം എന്ന പരിഹാരം- രാജ്ഞി കൂട്ടിച്ചേര്‍ത്തു.
Queen Rania of Jordan has accused Western leaders of a “glaring double standard for failing to condemn the deaths of civilians under Israeli bombardment in Gaza.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."