വെസ്റ്റ് ബാങ്കിലും ഇസ്‌റാഈല്‍ നര നായാട്ട് , കുഞ്ഞുങ്ങളടക്കം 103 മരണം; ഗസ്സയില്‍ ഇതുവരെ കൊന്നൊടുക്കിയത് 6500 ലേറെ പേരെ, ഇതില്‍ 2700 ലേറെ കുട്ടികള്‍
വെസ്റ്റ് ബാങ്കിലും ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍; ഗസ്സയില്‍ ഇതുവരെ കൊന്നൊടുക്കിയത് 6500 ലേറെ പേരെ, ഇതില്‍ 2700 ലേറെ കുട്ടികള്‍
ഗസ്സ: ഗസ്സയില്‍ നരനായാട്ട് തുടരുന്നതിനിടെ വെസ്റ്റ് ബാങ്കിലും ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍. കഴിഞ്ഞ രാത്രിയില്‍ അഴിച്ചു വിട്ട ആക്രമണത്തില്‍ 103 പേരാണ് വെസ്റ്റ് ബാങ്കില്‍ കൊല്ലപ്പെട്ടത്. 30 കുഞ്ഞുങ്ങളാണ് ഇതില്‍. 1828 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീട്ടകങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 1215 പേരെ ഇതിനകം അന്യായമായി തടവിലാക്കി. വര്‍ഷങ്ങളായി ഇസ്‌റാഈലി തടവറകളില്‍ കഴിയുന്ന ആയിരക്കണക്കിന് ഫലസ്തീനികള്‍ക്ക് പുറമേയാണിത്.
കഴിഞ്ഞ ദിവസം ഗസ്സയില്‍ 750ലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. യുദ്ധം 19ാം നാളിലെത്തി നില്‍ക്കുമ്പോള്‍ ഗസ്സയില്‍ മരണപ്പെട്ടവരുടെ എണ്ണം 6500 കവിഞ്ഞു. ഇവരില്‍ 2,700 ലേറെ പേരും കുട്ടികളാണ്. കടുത്ത ഉപരോധത്തില്‍ വീര്‍പ്പുമുട്ടുന്ന ഗസ്സക്ക് മേല്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം തുടരുകയാണ്.
തെക്കന്‍ ഗസ്സയിലെ നുസയ്‌റാത്തില്‍ അഭയാര്‍ഥി ക്യാമ്പിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ അല്‍ജസീറ അറബിക് ചാനലിന്റെ ഗസ്സ ബ്യറോചീഫ് വഈല്‍ അല്‍ ദഹ്ദൂദിന്റെ കുടുംബം കൊല്ലപ്പെട്ടു. വാഇലിന്റെ ഭാര്യയും മകനും ഏഴ് വയസുകാരി മകളുമാണ് മരിച്ചത്. അല്‍അഖ്‌സ ടി വി ചാനലിന്റെ റിപ്പോര്‍ട്ടര്‍ സഈദ് അല്‍ ഹലബിയും ഇന്നലെ കൊല്ലപ്പെട്ടു. 25 മാധ്യമപ്രവര്‍ത്തകരാണ് ഇതുവരെ ഫലസ്തീനില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മരിച്ചത്. 38 യു.എന്‍ റിലീഫ് പ്രവര്‍ത്തകരും മരിച്ചു. ഗസ്സയില്‍ 1600 പേരെ കാണാതായിട്ടുണ്ട്. പലരും തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. ഇവരില്‍ 900 പേരും കുട്ടികളാണ്.
ഗസ്സക്കെതിരായ ഇസ്‌റാഈല്‍ ആക്രമണത്തിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ യു.എസും റഷ്യയും രണ്ട് പ്രമേയങ്ങള്‍ അവതരിപ്പിച്ചെങ്കിലും രണ്ടും തള്ളി. വെടിനിര്‍ത്തലോ മറ്റ് ഉപാധികളോ ഇല്ലാതെ ഹമാസ് ബന്ദികളെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് അമേരിക്ക അവതരിപ്പിച്ച പ്രമേയം യു എന്നില്‍ റഷ്യയും ചൈനയും വീറ്റോ ചെയ്തു. സ്വയം പ്രതിരോധത്തിന് രാജ്യങ്ങള്‍ക്കും വ്യക്തിക്കും അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന പ്രമേയത്തില്‍ പക്ഷെ, വെടിനിര്‍ത്തലിന് പകരം അവശ്യ സാധനങ്ങള്‍ എത്തിക്കാനൊരു ഇടവേള മാത്രമാണ് മുന്നോട്ടുവെച്ചിരുന്നത്. പത്ത് രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ യു.എ.ഇ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങള്‍ എതിര്‍ത്തു. അടിയന്തര വെടിനിര്‍ത്തില്‍ ആവശ്യപ്പെട്ട റഷ്യ അവതരിപ്പിച്ച പ്രമേയത്തെ നാല് രാജ്യങ്ങള്‍ അനുകൂലിച്ചു. രണ്ട് രാജ്യങ്ങള്‍ എതിര്‍ത്തു പത്ത് രാജ്യങ്ങള്‍ വിട്ടുനിന്നു.
അതിനിടെ, ഇസ്‌റാഈല്‍ സൈന്യം കരയുദ്ധത്തിന് തയാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെലിവിഷനിലൂടെ ജനങ്ങളെ അറിയിച്ചിട്ടുണ്ട്. അതേസമയം, യുദ്ധം എപ്പോള്‍ തുടങ്ങുമെന്ന് പറയാനാവില്ലെന്നാണ് നെതന്യാഹു അറിയിച്ചിട്ടുള്ളത്.
വൈദ്യുതിയും ഇന്ധനവുമില്ലാതെ ഗസ്സയിലെ ആരോഗ്യമേഖല പാടെ തകര്‍ന്ന അവസഥയിലാണ്. കാണാതായവരെ കണ്ടെത്താന്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനം പോലും ഗസ്സയിലേക്ക് എത്തിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."