കാർ അല്ല, ഇത് ഇലക്ട്രിക് ക്വാഡ്രിസൈക്കിൾ
വീൽ
വിനീഷ്
കാറും സൈക്കിളും കണ്ടാൽ തിരിച്ചറിയില്ലേ എന്നൊന്നും ചോദിക്കരുത്. കാരണം പറഞ്ഞുവരുന്നത് ക്വാഡ്രിസൈക്കിളിനെക്കുറിച്ചാണ്. മുന്നിലും പിറകിലുമായി ആകെ രണ്ടു പേർക്ക് സഞ്ചരിക്കാം. മുംബൈ ആസ്ഥാനമായുള്ള ഇ.വി സ്റ്റാർട്ടപ്പായ പി.എം.വി ഇലക്ട്രിക് ആണ് ഇത്തരമൊരു വിചിത്ര ഇലക്ട്രിക് കാർ ഇന്ത്യയിൽ അവതരിപ്പിച്ചത്. EaS-E എന്നു പേരുള്ള ഇത്തിരി കുഞ്ഞൻ രാജ്യത്ത് വിൽപനയ്ക്ക് എത്തുന്ന ഏറ്റവും വിലകുറഞ്ഞ പാസഞ്ചർ ഇ.വിയായി മാറുന്നുവെന്നതാണ് ഹൈലൈറ്റ്. 4.79 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് പി.എം.വി ഇലക്ട്രിക് EaS-E പുറത്തിറക്കിയിരിക്കുന്നത്. ഏകദേശം 6,000 ബുക്കിങ്ങുകളും ഇതുവരെ ലഭിച്ചിട്ടുണ്ട്. വാങ്ങാൻ താൽപര്യമുള്ളവർക്ക് പി.എം.വി വെബ്സൈറ്റ് വഴി 2,000 രൂപ നൽകി ഇപ്പോൾ ബുക്ക് ചെയ്യാനും സാധിക്കും. രാജ്യത്ത് ഒരാൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും ചെറിയ ഇലക്ട്രിക് കാർ കൂടിയാണ് പി.എം.വി EaS-E. ഒരേ സമയം രണ്ട് മുതിർന്നവർക്കും ഒരു കുട്ടിക്കും യാത്ര ചെയ്യാൻ കഴിയുംവിധമാണ് വാഹനം രൂപകൽപന ചെയ്തിരിക്കുന്നത്.
മൂന്ന് ബാറ്ററി ഒപ്ഷനുകളോടെയാണ് EaS-E മൈക്രോ ഇലക്ട്രിക് കാർ എത്തുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 200 കിലോമീറ്റർ വരെ സഞ്ചരിക്കാം. നാല് മണിക്കൂറിൽ കൂടുതൽ സമയത്തിനുള്ളിൽ EV പൂർണമായും റീചാർജ് ചെയ്യാൻ കഴിയും. EaS-E മൈക്രോ കാർ ഏത് 15A ഔട്ട്ലെറ്റിൽ നിന്നും ചാർജ് ചെയ്യാം. കൂടാതെ ഇ.വി വാങ്ങുമ്പോൾ 3 kW എ.സി ചാർജറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഏകദേശം 13 bhpയാണ് മോട്ടോറിൻ്റ പവർ. മണിക്കൂറിൽ 70 കിലോമീറ്ററാണ് പരമാവധി വേഗത.
ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തിൽ എസ്.യു.വി, സെഡാൻ, ഹാച്ച്ബാക്ക് എന്നിവക്കൊപ്പം പേഴ്സണൽ മൊബിലിറ്റി വെഹിക്കിൾ (PMV) എന്ന പേരിൽ ഒരു പുതിയ വിഭാഗം സൃഷ്ടിക്കാൻ EaS-E ഇവി വഴിയൊരുക്കുമെന്ന് വാഹനം പുറത്തിറക്കുന്ന വേളയിൽ പി.എം.വി ഇലക്ട്രിക്കിന്റെ സ്ഥാപകനും സി.ഇ.ഒയുമായ കൽപിത് പട്ടേൽ പറഞ്ഞു.
അടുത്ത വർഷം പകുതിയോടെ ഇ.വിയുടെ ഡെലിവറി ആരംഭിക്കാനും ഉപഭോക്താക്കൾക്കായി ടെസ്റ്റ് ഡ്രൈവുകൾ നടത്താനും ബ്രാൻഡ് ലക്ഷ്യമിടുന്നുണ്ട്. പി.എം.വി Eas-E ഇലക്ട്രിക്കിന് നിലവിൽ ഇന്ത്യയിലെ ഇ.വി സെഗ്മെന്റിൽ എതിരാളികളില്ല. എന്നാൽ അടുത്തുവരാനിരിക്കുന്ന എം.ജി മോട്ടോറിന്റെ എയർ ഇ.വി എന്ന ടു സീറ്റർ കാർ ഇതിന് വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."