ഷവർമ കഴിച്ചെന്ന് കരുതുന്ന യുവാവിന്റെ മരണം; കൊച്ചിയിൽ ആറ് പേർ കൂടി ചികിത്സ തേടി, ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കാതെ പൊലിസ്
ഷവർമ കഴിച്ചെന്ന് കരുതുന്ന യുവാവിന്റെ മരണം; കൊച്ചിയിൽ ആറ് പേർ കൂടി ചികിത്സ തേടി, ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കാതെ പൊലിസ്
കൊച്ചി: കാക്കനാട് ഷവർമ കഴിച്ചതിനെ തുടർന്ന് പാലാ ചെമ്പിളാവ് സ്വദേശി രാഹുൽ ഡി.നായർ മരിച്ചെന്ന് കരുതുന്ന കേസിൽ സമാനരീതിയിൽ ആറ് പേർക്ക് കൂടി ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. ആറ് പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായി തൃക്കാക്കര നഗരസഭാ മെഡിക്കൽ ഓഫിസർ ജില്ലാ മെഡിക്കൽ ഓഫിസർക്കു റിപ്പോർട്ട് നൽകി. കാക്കനാട് സ്വദേശികളായ ഐഷ്ന അജിത് (34), അഥർവ് അജിത് (8), ആഷ്മി അജിത് (3), ശ്യാംജിത് (30), അഞ്ജലി (26), ശരത് (26) എന്നിവരാണു വിവിധ ദിവസങ്ങളിലായി ചികിത്സ തേടിയത്.
മരണമടഞ്ഞ രാഹുലിനെ ചികിത്സക്കായി എത്തിച്ച സൺറൈസ് ആശുപത്രിയിൽ അതേദിവസം മറ്റു രണ്ട് പേർ കൂടി ഇതേ ലക്ഷണങ്ങളുമായി ചികിത്സയ്ക്കെത്തിയതായി ആശുപത്രി അധികൃതർ ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകി. കാക്കനാട് മാവേലിപുരത്തെ ലെ ഹയാത്ത് ഹോട്ടലിൽ നിന്നാണ് ഇവരെല്ലാം ഭക്ഷണം കഴിച്ചതെന്നാണ് കണ്ടെത്തൽ. രാഹുൽ മരിച്ച സംഭവത്തിൽ സഹോദരൻ കാർത്തിക്കിന്റെ പരാതിയിൽ ഈ ഹോട്ടലിനെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.
രാഹുലിന്റെ രക്തത്തിൽ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം വിശദ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ലഭ്യമായ ശേഷമേ ഭക്ഷ്യവിഷബാധയാണോ മരണ കാരണമെന്ന് സ്ഥിരീകരിക്കാനാകൂ എന്നു പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."