കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഴ പശ്ചാത്തലത്തിൽ ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. ഇടിയോട് കൂടിയ മഴയാണ് ലഭിക്കുന്നത്. ഉച്ചക്ക് ശേഷമാണ് ഇതുവരെ മിക്ക ഇടങ്ങളിലും മഴ ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഇന്നും ഉച്ചയ്ക്ക് ശേഷമാകും ഇടിയോട് കൂടി മഴ പെയ്യുക എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
കേരളാ തീരത്ത് ഇന്ന് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് രാത്രി 11.30 വരെ 1.2 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. എന്നാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
അതേസമയം, ഞായറാഴ്ച എട്ട് ജില്ലകളിലും, തിങ്കളാഴ്ച 9 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് അലർട്ട്. മറ്റന്നാൾ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."