എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവും കാനം പക്ഷം പിടിച്ചെടുത്തു
സ്വന്തം ലേഖകൻ
കൊച്ചി • സി.പി.ഐയിൽ വിഭാഗീയത ശക്തമായ എറണാകുളത്ത്് ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരണത്തിൽ കെ.ഇ ഇസ്മായിൽ പക്ഷത്തെ വെട്ടിനിരത്തി കാനം രാജേന്ദ്രൻ പക്ഷം പിടിച്ചെടുത്തു. ജില്ലാ സമ്മേളനത്തിൽ അട്ടിമറി വിജയത്തിലൂടെ ഭൂരിപക്ഷം നേടിയ കാനം പക്ഷം ജില്ലാ എക്‌സിക്യൂട്ടീവ് രൂപീകരണത്തിലും മേധാവിത്വം നിലനിർത്തി.
17 അംഗ എക്‌സിക്യൂട്ടീവ് കാനംവിരുദ്ധപക്ഷത്തു നിന്നുള്ള നാല് പേരെ മാത്രം ഉൾപ്പെടുത്തി കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയാണ് കമ്മിറ്റി രൂപീകരിച്ചത്. അസിസ്റ്റന്റ് സെക്രട്ടറിമാർ രണ്ട് പേരും കാനംപക്ഷത്ത് നിന്നുള്ളവരാണ്. മുൻ എം.എൽ.എ എൽദോ എബ്രഹാമിനെയും പുതുമുഖം ശാന്തമ്മ പയസിനെയും അസി.സെക്രട്ടറിമാരായും ഇ.കെ ശിവനെ ട്രഷററായും തെരഞ്ഞെടുത്തു.
മുൻ ജില്ലാ സെക്രട്ടറി പി. രാജു, ജില്ലാ സെക്രട്ടറിയായി മത്സരിച്ചു പരാജയപ്പെട്ട കെ.എൻ സുഗതൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.എൻ.ഗോപി, എം.ടി നിക്‌സൺ എന്നിവർക്ക് മാത്രമാണ് എക്‌സിക്യൂട്ടീവിൽ ഇടം ലഭിച്ചത്.
കാനം വിരുദ്ധ പക്ഷത്തുണ്ടായിരുന്ന യുവനേതാവ് ടി.സി സഞ്ജിത്ത്, മഹിളാ സംഘം ജില്ലാ സെക്രട്ടറി ശ്രീകുമാരി, എം.പി രാധാകൃഷ്ണൻ തുടങ്ങിയ പ്രമുഖർ പുറത്തായി. മുതിർന്ന നേതാക്കളെ ഒഴിവാക്കി ഒമ്പത് പുതുമുഖങ്ങളെയാണ് എക്‌സിക്യൂട്ടീവിൽ ഉൾപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."