ചില്‍ക്കയെന്ന മഹാതടാകം
മനു റഹ്മാന്‍
ഒഡിഷയില്‍ കാഴ്ചകള്‍ ധാരാളമുണ്ടെന്ന് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് യാത്ര ഇറങ്ങുമ്പോള്‍ ഓര്‍ത്തിരുന്നില്ല. പശ്ചിമബംഗാളും ഒപ്പം വടക്കും കിഴക്കുമുള്ള സംസ്ഥാനങ്ങളുമായിരുന്നു യാത്രാ പദ്ധതിയില്‍. അത് ഒഡിഷയിലേക്ക് നീണ്ടത് യാദൃച്ഛികമായിരുന്നു. ഇന്നലെ പകല്‍ മുഴുവന്‍ യാത്രയായിരുന്നു. രാത്രിയിലാണ് താമസത്തിനായി തെരഞ്ഞടുത്ത പുരി നഗരത്തെ അടുത്തറിയാനായത്.
രാവിലെ ഉറക്കമുണര്‍ന്നിട്ടും ശ്രീ ജഗന്നാഥ ക്ഷേത്രം സമ്മാനിച്ച അമ്പരപ്പ് മാറിയിരുന്നില്ല. ഇന്നത്തെ യാത്ര ഏഷ്യയിലെ ഏറ്റവും വലിയ തടാകമായ ചില്‍ക്ക കാണാനായാണ്. ഏഴരക്ക് പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നത്. പ്രാതല്‍പോലും കഴിക്കാതെയായിരുന്നു ഓടിക്കിതച്ച് ബസ് പുറപ്പെടുന്ന യൂത്ത് ഹോസ്റ്റലിന് സമീപത്ത് എത്തിയത്.
നിരവധി ബസുകളാണ് പുറപ്പെടാനായി നില്‍ക്കുന്നത്. അവയില്‍ ഒന്നില്‍ ട്രാവല്‍ ഏജന്‍സി ജീവനക്കാരന്‍ എന്നെ കയറ്റി. രണ്ടുപേര്‍ കൂടിയേ എത്താനുള്ളൂ. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് വഴി തെറ്റാതിരിക്കാന്‍ ബസുകള്‍ക്ക് മുമ്പിലൂടെ ടൂര്‍ ഓപറേറ്റര്‍ ബൈക്കില്‍ കറങ്ങുന്നു. ജോലിയോടുള്ള അവരുടെ പ്രതിബദ്ധത എടുത്തുപറയേണ്ടതാണ്. താരതമ്യേന ചെറിയ തുകയാണ് ഈടാക്കുന്നത്. ഒരാള്‍ക്ക് ഒരു പകല്‍ മുഴുവന്‍ ദീര്‍ഘിച്ചയാത്രക്ക് 180 രൂപ. ഒരുപക്ഷേ, മറ്റെവിടെയും ഇത്രയും ചെറിയ തുകക്ക് ഇതുപോലൊരു ട്രിപ്പ് കിട്ടുമെന്നു തോന്നുന്നില്ല.
ആറേഴ് മിനുട്ടിനകം ബസ് പുറപ്പെട്ടു. അര മണിക്കൂറിനകം ആദ്യ പോയന്റില്‍ എത്തി. ഒരു ക്ഷേത്ര സന്ദര്‍ശനമായിരുന്നു അവിടെ. മെയിന്‍ റോഡില്‍ ബസ് നിര്‍ത്തി. ഇടുങ്ങിയ റോഡിലൂടെ ഒരു കിലോമീറ്ററോളം നടന്നാണ് ക്ഷേത്രത്തില്‍ എത്തിയത്. പ്രായമായവര്‍ ഉള്‍പ്പെടെയുള്ള ചിലര്‍ ഷെയറിങ് ടോട്ടോയില്‍ കയറി.
അത്ര പ്രസിദ്ധമല്ലാത്ത അമ്പലമായിരുന്നു. കലാമൂല്യവും അതിനുണ്ടായിരുന്നില്ല. എന്നിട്ടും ചെരുപ്പ് സൂക്ഷിക്കുന്നതിനും ക്ഷേത്ര ദര്‍ശനത്തിനും ടിക്കറ്റ് ഏര്‍പ്പെടുത്തിയത് വിചിത്രമായി തോന്നി.
വിശാലമായ താഴ്‌വരയുടെ ഭാഗമാണ് ആ പ്രദേശവും. എങ്ങും നിരപ്പായ ഭൂപ്രകൃതി. എവിടെയും കുന്നോ, മലകളോ കാണാനില്ല. വെള്ളം നിറഞ്ഞുനില്‍ക്കുന്ന പാടശേഖരം നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്നു.
15 മിനുട്ടായിരുന്നു ഗൈഡ് ഞങ്ങള്‍ക്ക് അനുവദിച്ച സമയം. കാഴ്ചക്ക് മാന്യനായ അന്‍പതിനോടടുത്ത് പ്രായമുള്ള ഒരാളായിരുന്നു ഗൈഡ്. മിതഭാഷിയായ ആ മനുഷ്യനോട് ഏറെ മതിപ്പ് തോന്നി. ഇന്നലെ യാത്രയില്‍ പരിചയപ്പെട്ട മൈക്കിന് ഒരു സ്വസ്ഥതയും നല്‍കാത്ത ഗൈഡിന്റെ ഓര്‍മയും അതിന് കാരണമായിരിക്കാം. കാര്യമാത്ര പ്രസക്തമായിരുന്നു ആ മനുഷ്യന്റെ വാക്കുകള്‍.
ചില്‍ക്ക തടാകം ലക്ഷ്യമാക്കി ബസ് ഓടിക്കൊണ്ടിരുന്നത് ദേശീയപാത 203ലൂടെയായിരുന്നു. ചില്‍ക്കയുടെ ഭാഗമായ സതപഡയില്‍നിന്ന് 48 കിലോമീറ്റര്‍ ദൂരമാണ് ചില്‍ക്കയിലെ വിനോദസഞ്ചാരികള്‍ക്കായുള്ള ബോട്ടുജെട്ടിയിലേക്കുള്ളത്. ഇവിടെയാണ് ചില്‍ക്കയിലെ ഡോള്‍ഫിനേറിയവും സ്ഥിതിചെയ്യുന്നത്.
ചില്‍ക്ക തടാകം കടലുമായി സംഗമിക്കുന്ന അഴിമുഖവും ഈ ഭാഗത്താണ്. ദേശീയപാതയാണെങ്കിലും പലയിടത്തും നന്നേ വീതികുറവ്. ഇരുപുറവും വയലും കുളങ്ങളും തന്നെ കാഴ്ചകള്‍. കൂട്ടമായി റോഡില്‍ മേയുന്ന കാലികള്‍. വിശാലമായ തണ്ണീര്‍ത്തടത്തെ കീറിമുറിച്ചാണ് ആ പാത നിര്‍മിച്ചിരിക്കുന്നത്. വയലില്‍ ജോലികളിലേര്‍പ്പെട്ടിരിക്കുന്ന ധാരാളം പേര്‍. ഗ്രാമീണര്‍ പല്ലുതേയ്ക്കുന്നതും തുണിയലക്കുന്നതും കുളിക്കുന്നതുമെല്ലാം പാതയോരത്തെ കുളക്കടവുകളിലാണ്. മിക്ക പുരുഷന്മാരും ധരിച്ചിരിക്കുന്നത് വീതികൂടിയ ചുവപ്പ് തോര്‍ത്തായിരുന്നു. ഒഡീഷയിലെ കര്‍ഷകരുടെ അവിഭാജ്യഘടകമാണ് അത്തരം തോര്‍ത്തുകളെന്ന് ഇതിനകം ബോധ്യപ്പെട്ടിരുന്നു. മറ്റൊരു വസ്ത്രത്തിലും അവരെ കണ്ടതേയില്ല.
പൊതുവേ എങ്ങും ദാരിദ്ര്യം തൊട്ടറിയാവുന്ന സംസ്ഥാനമാണ് ഒഡിഷ. പകിട്ടില്ലാത്ത ജനങ്ങള്‍. അവരുടെ വസ്ത്രധാരണം ഉള്‍പ്പെടെയുള്ളവയില്‍ ജീവിതത്തിന്റെ ദരിദ്രാവസ്ഥ തിണര്‍ത്തു കിടക്കുന്നു.
ചെന്താമരയും നീലത്താമരയും ആമ്പല്‍പ്പൂവും വിടര്‍ന്നുനില്‍ക്കുന്ന ആ കുളക്കാഴ്ച കണ്ണിനും മനസിനും കുളിര്‍മയേകി. വഴിവക്കിലെ വീടുകളുടെ പുറംചുവരുകളോട് ചേര്‍ന്നു ചാരിവച്ച കലപ്പകളും കാളവണ്ടിച്ചക്രങ്ങളും. വയല്‍വക്കില്‍ മേഞ്ഞുനടക്കുന്ന കാലിക്കൂട്ടം. ആരോഗ്യമുള്ള പശുക്കള്‍ സമ്പന്നമായ ഒരു കാര്‍ഷിക സംസ്‌കാരം വിളംമ്പരംചെയ്യുന്നു. അരിയും പാലുമാണ് ഗ്രാമങ്ങളുടെ ജീവവായുവെന്ന് ബോധ്യപ്പെടാന്‍ ഈ കാഴ്ചകള്‍ ധാരാളമായിരുന്നു.
എരുമകളുടെ സാമ്രാജ്യം
ബസിന് നല്ല വേഗം. റോഡിന് ഇരുപുറവും ചോലതീര്‍ത്ത് തണല്‍മരങ്ങള്‍. കാട്ടുചെടികള്‍ അതിരിടുന്ന വേലിപ്പടര്‍പ്പുകള്‍ക്ക് പിന്നില്‍ അറ്റമില്ലാതെ പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങള്‍. വാഹനം കുറേ ദൂരംകൂടി ഓടിയതോടെ വയല്‍ക്കാഴ്ചകള്‍ ചുരുങ്ങി. റോഡിന്റെ ഒരുവശത്ത് ചാലികള്‍ (പുഴയോട് ചേര്‍ന്ന് ഒന്നോ, രണ്ടോ ആളുടെ ഉയരത്തില്‍ വെളളം നിറഞ്ഞുനില്‍ക്കുന്ന പാടഭാഗം) മാത്രമായി. അവയില്‍ നിര്‍ബാധം കൂത്താടുന്ന എരുമകള്‍. റോഡിന്റെ ഇരുവശത്തേക്കും കാലികളെയും തെളിച്ച് നീങ്ങുന്ന ഇടയന്മാര്‍. അവര്‍ ധരിച്ചിരുന്നത് മുഷിഞ്ഞ മുറിക്കാലന്‍ പാന്റ്‌സുകളായിരുന്നു. ചുവന്ന തോര്‍ത്തുടുത്ത് ചുമലില്‍ മറ്റൊരെണ്ണം ഉത്തരീയമായി ധരിച്ചവരേയും കണ്ടു.
ദൂരം കൂറേക്കൂടി പിന്നിട്ടതോടെ ചില്‍ക്കാ തടാകം കണ്‍മുമ്പില്‍ പ്രത്യക്ഷമായി. കടലിന്റെ വിശാലതയുണ്ട് തടാകത്തിന്. അതുകൊണ്ടാവണം ഏഷ്യയിലെ ഏറ്റവും വലിയ തടാകമായത്. ചിലയിടങ്ങളില്‍ വെള്ളത്തിന് മുകളില്‍ പുല്‍മേടുകളുടെ മുറ്റിത്തെഴുത്ത പച്ചപ്പ്. വേലിയിറക്കമായതിനാലാവാം മിക്കയിടത്തും ദ്വീപുപോലെ കൊച്ചുകൊച്ചു പുല്‍മേടുകള്‍ തലപൊക്കിനോക്കുന്നത്. അവയ്ക്കിടയില്‍ നീന്തിത്തിമര്‍ക്കുന്ന എരുമക്കൂട്ടങ്ങള്‍ കാര്‍മേഘക്കെട്ടുകളെ ഓര്‍മിപ്പിച്ചു. എരുമകളുടെ സ്വയംപ്രഖ്യാപിത വാഗ്ദത്തഭൂമി- എ ബഫലോ റിപബ്ലിക്.
ബസ് ലക്ഷ്യസ്ഥാനത്ത് എത്താറായപ്പോഴായിരുന്നു കണ്ണിന് കുളിര്‍മയേകി എണ്‍പതോ, നൂറോ എരുമകള്‍ വരിവരിയായി റോഡ് മുറിച്ചു കടക്കാന്‍ ആരംഭിച്ചത്. ഡ്രൈവര്‍ വാഹനം നിര്‍ത്തി. തടാകത്തിലെ തീറ്റയും നീരാട്ടും അവസാനിപ്പിച്ച് വാസസ്ഥലങ്ങളിലേക്കോ, പുതിയ മേച്ചില്‍പ്പുറങ്ങളിലേക്കോയുള്ള ജൈത്രയാത്രയാണ്. ആനയോളം വലുപ്പമുള്ള കരിമ്പന്‍ എരുമകള്‍.
്അവ ഒന്നൊഴിയാതെ എതിര്‍ദിശയിലെ കാട്ടുമരങ്ങള്‍ക്ക് ചുവട്ടിലെ വള്ളിപ്പടര്‍പ്പുകള്‍ക്ക് ഇടയിലൂടെ അപ്രത്യക്ഷമായി. ഇരുണ്ടപോത്തുതാരയിലേക്ക് രണ്ട് ഇടയന്മാര്‍ നടന്നുമറഞ്ഞു. ആരാണ് ഇടയന്മാര്‍ മുമ്പില്‍പോയ പോത്തുകളോ, അവയെ പിന്തുടരുന്ന കാലിച്ചെറുക്കന്മാരോ. ഇരുണ്ട ആ നടവഴിയിലെ ചളിയില്‍ പോത്തുകളുടെ കാല്‍പ്പാടുകള്‍ വാഹനം നീങ്ങവേ മിന്നായംപോലെ അവസാനിച്ചു.
നനഞ്ഞുകുളിച്ച് എണ്ണക്കറുപ്പുമായി നീങ്ങുന്ന ആ എരുമക്കൂട്ടത്തോളം മനോഹരമായ ഒരുപാട് കാഴ്ചകളൊന്നും യാത്രയില്‍ തേടിയെത്തിയിട്ടില്ല. ആ ദൃശ്യത്തിന്റെ അനുഭൂതി പകര്‍ന്നുനല്‍കാവുന്ന ഒരു ചിത്രംപോലും എത്ര ശ്രമിച്ചിട്ടും മൊബൈലിലോ, ക്യാമറയിലോ പകര്‍ത്താന്‍ സാധിക്കാത്തതില്‍ അവസാനിക്കാത്ത സങ്കടമുണ്ട്.
മുഖ്യറോഡില്‍നിന്നു മൂന്നു നാലു കിലോമീറ്ററോളം ഉള്ളിലായാണ് ചില്‍ക്കാ തടാകത്തിലെ ബോട്ട് ജെട്ടി. ടാര്‍ ഏറെക്കുറെ അപ്രത്യക്ഷമായ ആ വഴിയിലൂടെ ബസ് നീങ്ങവേ സര്‍വ അസ്ഥികളും കുലുങ്ങിക്കൊണ്ടിരുന്നു. ചുറ്റിവളഞ്ഞായിരുന്നു ആ പാത. ഒടുവില്‍ ചില്‍ക്കയുടെ കരയില്‍ വഴി അവസാനിച്ചു.
ചില്‍ക്ക തീരത്ത്
വാഹനം പാര്‍ക്ക് ചെയ്യാനായി മാറ്റിവച്ചിരിക്കുന്ന സ്ഥലം ടൈല്‍പാകി മനോഹരമാക്കുന്ന ജോലികള്‍ ദ്രുതഗതിയില്‍ നടക്കുന്നു. ഇളനീരും ലഘുപാനീയങ്ങളും പാക്ക്‌ചെയ്ത ഭക്ഷണപദാര്‍ഥങ്ങളും വില്‍പന നടത്തുന്ന മൂന്നുനാലു കടകള്‍. അല്‍പം മാറി ഒരു ബോട്ടുജെട്ടി.
ഗൈഡ് ഞങ്ങളെ സമീപത്തെ റെസ്‌റ്റോറന്റിലേക്ക് ക്ഷണിച്ചു. ഓര്‍ഡര്‍ നല്‍കിയാല്‍ ബോട്ട് സവാരി പൂര്‍ത്തീകരിച്ച് മടങ്ങിയെത്തുമ്പോഴേക്കും ഭക്ഷണം തയ്യാറാവുമെന്ന് അയാള്‍ അറിയിച്ചു. അതോടെ മെനു ലഭിക്കാനായി സഹയാത്രികര്‍ തിക്കിത്തിരക്കി. ഞാന്‍ പുറത്തേക്ക് ഇറങ്ങി. സമീപത്തെ കടയില്‍നിന്ന് ഒരു പാക്കറ്റ് പൊരി വാങ്ങി ബോട്ട് ജെട്ടിയിലേക്ക് നടന്നു. വഴിയില്‍ കണ്ട നാരിയല്‍വാലയില്‍നിന്നു രണ്ട് ഇളനീര്‍ ശാപ്പിട്ടതോടെ വിശപ്പും ദാഹവുമെല്ലാം അവസാനിച്ചു.
നൂറോളം ബോട്ടുകള്‍ ജെട്ടിയില്‍ കെട്ടിനിര്‍ത്തിയിരുന്നു. പാരാവാരംപോലെ കിടക്കുന്ന തടാകത്തിലൂടെ സഞ്ചാരികളുമായി നിരവധി ബോട്ടുകളാണ് കുതിക്കുന്നത്. പരിസരവീക്ഷണം പത്തുപതിനഞ്ച് മിനുട്ട് പിന്നിട്ടപ്പോഴേക്കും ഓര്‍ഡര്‍ നല്‍കിയവര്‍ ബോട്ട് ജെട്ടിയിലേക്ക് എത്തി.
ഞങ്ങളുടെ ഗൈഡും അവര്‍ക്കൊപ്പമുണ്ടായിരുന്നു. അയാള്‍ നിര്‍ദേശിച്ച പ്രകാരം ചെറുസംഘങ്ങളായി ബോട്ടിലേക്ക് കയറി. തനിച്ചുവന്ന വ്യക്തി ഞാന്‍ മാത്രമായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് ഞങ്ങളുടെ ബോട്ടില്‍. ഡ്രൈവര്‍ എഞ്ചിന്‍ സ്റ്റാര്‍ട്ടാക്കിയതോടെ കടകടാ ശബ്ദം മുഴങ്ങി. ദാല്‍ തടാകത്തില്‍ കാണുന്ന ഷിക്കാരയോട് സാമ്യമുള്ള പരന്നതോണിയെന്ന വിശേഷണമാവും ആ ബോട്ടിന് കൂടുതല്‍ യോജിക്കുക. ഗംഗയിലും മറ്റും ഇത്തരം തോണികള്‍ ധാരാളമായി കാണാനാവും.
യാത്രക്കാര്‍ക്ക് ഇരിക്കാനായി മധ്യഭാഗത്ത് മരപ്പലക പാകിയിരുന്നു. ജെട്ടിയില്‍ ഓളത്തിനൊപ്പം ചാഞ്ചാടിക്കൊണ്ടിരുന്ന ബോട്ടുകളില്‍ മുട്ടിയുരുമ്മി ഞങ്ങളുടെ ബോട്ട് തടാകത്തിന്റെ ആഴങ്ങളിലേക്ക് നീങ്ങി. പത്ത് മിനുട്ടിനകം ജെട്ടിയും അവിടെ കെട്ടിനിര്‍ത്തിയ ബോട്ടുകളുടെ കൂട്ടവുമെല്ലാം ചെറുതായി പൊട്ടുപോലെ കാഴ്ചയില്‍നിന്നു മറഞ്ഞു.
രാവിലെ 11നായിരുന്നു ബോട്ട് യാത്ര ആരംഭിച്ചത്. ചില്‍ക്കാ തടാകത്തിന്റെ പ്രധാന ഭാഗങ്ങള്‍ കാണാവുന്ന രീതിയിലാണ് അഞ്ചു മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ബോട്ട് സവാരി ക്രമീകരിച്ചിരിക്കുന്നത്. വെള്ളം ചീറ്റിത്തെറിപ്പിച്ച് ബോട്ട് കുതിക്കുന്നു. കുറേദൂരം പിന്നിട്ടതോടെ ചുറ്റും മരതകപ്പച്ച പുതച്ച ജലാശയം മാത്രമായി.
പുരി, ഖുര്‍ദ, ഗഞ്ചം ജില്ലകളിലായി 1,100 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിലാണ് ചില്‍ക്ക തടാകത്തിന്റെ കിടപ്പ്. ഭാര്‍ഗവി, ദയ, മക്ര, മലഗുനി, ലുന എന്നീ അഞ്ച് നദികളും അരുവികള്‍ ഉള്‍പ്പെടെയുള്ള 47 വെള്ളച്ചാലുകളാണ് ചില്‍ക്ക തടാകത്തിന്റെ ജലസ്രോതസ്. സതപഡയുടെ ഭാഗമായ അരഖകുഡയില്‍ വച്ചാണ് ഈ തടാകം ബംഗാള്‍ ഉള്‍ക്കടലുമായി സംഗമിക്കുന്നത്. 64 കിലോമീറ്ററാണ് പരമാവധി നീളം. ആഴം 4.2 മീറ്റര്‍.
തടാകത്തിനകത്തായി 223 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ദ്വീപുകള്‍ സ്ഥിതിചെയ്യുന്നു. ബഡാകുഡ, ബ്രെയ്ക്ഫാസ്റ്റ്, ഹണിമൂണ്‍, സൊമോളൊ, നൗപാര തുടങ്ങിയവ ഇവയില്‍ ഉള്‍പ്പെടും.
രാജ്യത്തെത്തുന്ന ദേശാടനപക്ഷികളുടെ ഇഷ്ട ഇടമായ ഇവിടം വംശനാശം നേരിടുന്ന അനവധി സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും ആവാസ ഭൂമികൂടിയാണ്. ഈ സവിശേഷതകളാണ് രാജ്യത്തുനിന്ന് ആദ്യമായി രാംസര്‍ തണ്ണീര്‍ത്തട സംരക്ഷണ പട്ടികയില്‍ ഇടംപിടിക്കാന്‍ ചില്‍ക്കയെ പ്രാപ്തമാക്കിയത്. തടാകക്കരയിലെ 132 ഗ്രാമങ്ങളിലെ ഒന്നരലക്ഷത്തോളം ജനങ്ങളുടെ ഉപജീവനമാര്‍ഗം കൂടിയാണ് ചില്‍ക്ക.
പണ്ട് ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. ബി.സി 209നും ബി.സി 170നും ഇടയില്‍ നിലനിന്നിരുന്ന ഖരവേല രാജവംശ കാലഘട്ടത്തില്‍ തടാകത്തിന്റെ തെക്കുഭാഗം പ്രധാനപ്പെട്ട തുറമുഖമായിരുന്നു. ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തിയ പര്യവേക്ഷണങ്ങളില്‍ ചില്‍ക്കയില്‍നിന്ന് ഏഴാം നൂറ്റാണ്ടില്‍ ഉപയോഗിച്ച കപ്പലിന്റെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തിട്ടുണ്ട്. 3,500 മുതല്‍ 4,000 വരെ വര്‍ഷം മുന്‍പ് ഈ പ്രദേശം കടലായിരുന്നെന്നും കടല്‍ പിന്‍വാങ്ങുകയും മണല്‍ത്തിട്ട രൂപപ്പെടുകയും ചെയ്തതോടെ തടാകം ആവിര്‍ഭവിച്ചെന്നുമാണ് ചില്‍ക്കയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുനിന്ന് കണ്ടെടുത്ത ഫോസിലുകളില്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ഓളപ്പരപ്പിലെ കാഴ്ചകള്‍
നിശ്ചിത അകലത്തില്‍ നിരവധി ബോട്ടുകളാണ് ഒച്ചവച്ച് സഞ്ചാരികളുമായി പായുന്നത്. ബോട്ട് സവാരിയില്‍ യാതൊരു സുരക്ഷാ മുന്‍കരുതലുകളും എടുത്തതായി കണ്ടില്ല. പേരിനുപോലും ഒരു ലൈഫ് ജാക്കറ്റ് ആരും ധരിച്ചിട്ടില്ല. വെള്ളത്തില്‍നിന്ന് അരയടിയോളം മാത്രം പൊങ്ങിയാണ് ബോട്ടിന്റെ മധ്യഭാഗം. ഒന്ന് ഉലയുകയോ, ശക്തമായ കാറ്റില്‍ ഓളങ്ങള്‍ കുതിച്ചുയരുകയോ ചെയ്താല്‍ സെക്കന്റുകള്‍ക്കകം മുങ്ങിത്താഴാം. ബോട്ടുകള്‍ തൊട്ടു-തൊട്ടില്ലെന്ന രീതിയില്‍ കടന്നുപോകുമ്പോള്‍ മുങ്ങിച്ചാവുമെന്ന് ഭയന്നു.
എറണാകുളത്തും തെക്കന്‍ ജില്ലകളിലുമെല്ലാം ഒന്നോ, രണ്ടോ മണിക്കൂര്‍ തുടര്‍ച്ചയായി ബോട്ട് യാത്ര നടത്തിയാല്‍ ആ യാത്ര ശീലമില്ലാത്തവര്‍ ഛര്‍ദിച്ചേക്കാം. എന്തുകൊണ്ടെന്നറിയില്ല, ചില്‍ക്ക തടാകത്തില്‍ മണിക്കൂറുകള്‍ ചുറ്റിക്കറങ്ങിയിട്ടും അത്തരം ഒരു അവസ്ഥ ആര്‍ക്കും അനുഭവപ്പെട്ടില്ലെന്നത് അവിശ്വസനീയം.
ബോട്ടിനെ മുട്ടിയുരുമ്മി തണുത്ത കാറ്റ് ഓടിനടക്കുന്നു. സമീപത്തുകൂടി സഞ്ചാരികളുമായി ബോട്ടുകള്‍ കടന്നുപോകുമ്പോള്‍ ഞങ്ങള്‍ കൂട്ടമായി ആര്‍ത്തുവിളിച്ചു. ആ ബോട്ടുകളിലും സമാനമായ പ്രതികരണങ്ങള്‍. ദീര്‍ഘനേരമായി ഒരേ ഇരുപ്പായതിനാല്‍ മടുപ്പ് തോന്നിതുടങ്ങി. പുറംകാഴ്ചകളില്‍ പുതുമ നഷ്ടമായതും അസ്വസ്ഥത അസഹനീയമാക്കി. ഏറെനേരം ബേഗ് തലയണയാക്കി സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടാവാത്ത രീതിയില്‍ മലര്‍ന്നുകിടന്നു. ജലമധ്യേ പൊങ്ങുതടിയായി ദേഹമൊഴുകുന്നു. മുടിയിഴകളിലും മുഖത്തും കുസൃതികാട്ടി കുത്തിമറിഞ്ഞു നീങ്ങുന്ന കാറ്റ്. ഇടക്ക് ഓളങ്ങള്‍ ബോട്ടിലടിച്ചു തകരുമ്പോള്‍ ജലകണങ്ങള്‍ വസ്ത്രങ്ങളെ പുണര്‍ന്നു. അവര്‍ണനീയമായിരുന്നു ആ കിടപ്പിന്റെ അനുഭൂതി.
ചില ഭാഗങ്ങളില്‍ കരയോട് ചേര്‍ന്നായിരുന്നു ബോട്ടിന്റെ ഗതി. തീരത്ത് മേയുന്ന കാലികള്‍, ഗ്രാമീണവീടുകള്‍, കരയോട് ചേര്‍ന്ന് ഗാഢമായി ഉറന്നുന്ന തോണികള്‍...
അത്യപൂര്‍വ സര്‍ഗശേഷിയുള്ള ചിത്രകാരന്‍ സാക്ഷാത്കരിച്ച മനോഹരചിത്രങ്ങളായി അവ എന്നിലുണ്ട്. ഞാന്‍ കിടന്ന അവസരത്തിലായിരുന്നു ഡോള്‍ഫിനുകള്‍ കുത്തിമറിയുന്ന മേഖലയിലൂടെ ബോട്ട് മുന്നേറിയത്. ഒടുവില്‍ ആരവങ്ങള്‍ക്കിയിലേക്ക് എഴുന്നേറ്റിരുന്നപ്പോഴേക്കും അവയില്‍ ഒരെണ്ണംപോലും എന്റെ കാഴ്ചയില്‍ പതിയാതെ അവസാനിച്ചിരുന്നു. ഇതായിരുന്നോ കൊട്ടിഘോഷിക്കപ്പെടുന്ന ഡോള്‍ഫിനേറിയം മേഖല.
ബോട്ട് യാത്രയിലെ സവിശേഷ ആകര്‍ഷണമാണ് കൂട്ടമായി വെള്ളത്തിന് മുകളില്‍ ചാടിമറിയുന്ന ഡോള്‍ഫിനുകള്‍. ഒന്നോ, രണ്ടോ ഡോള്‍ഫിനുകളെ മാത്രമേ നിഴല്‍പോലെ കാണാനായുള്ളൂവെന്ന് സമീപത്തിരിക്കുന്ന ആള്‍ പറഞ്ഞു. കിടപ്പിന്റെ അനുഭൂതി സിരകളില്‍നിന്നു ആവിയായില്ല, മഹാഭാഗ്യം. ഭേദപ്പെട്ട ചൂടാവണം ഡോള്‍ഫിനുകളെ അടിത്തട്ടില്‍ ഒതുങ്ങിക്കൂടാന്‍ പ്രേരിപ്പിക്കുന്നത്.
നോമാന്‍സ് ലാന്‍ഡില്‍
എത്തിയപോലെ...
തടാകം ബംഗാള്‍ ഉള്‍ക്കടലുമായി സംഗമിക്കുന്ന പ്രദേശത്തിന് സമീപത്തേക്കായിരുന്നു ബോട്ട് ഡ്രൈവര്‍ ഞങ്ങളെ നയിച്ചത്. കടലിനും തടാകത്തിനും ഇടയില്‍ പത്തിരുനൂറു മീറ്റര്‍ നീളത്തില്‍ മണല്‍ത്തിട്ട ഉയര്‍ന്നുനില്‍ക്കുന്നു. ബോട്ട് ഡ്രൈവര്‍ കൈചൂണ്ടിയ ദിശയിലേക്ക് കടല്‍ തേടി നടന്നു.
അനേകം ബോട്ടുകള്‍ ആ തീരത്ത് അടുത്തിരുന്നു. കരയോടു ചേര്‍ന്ന് ചായയും പലഹാരവും ഇളനീരും വില്‍പനക്കായി നിരത്തിവച്ച മാടക്കടകള്‍. താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയവയായിരുന്നു ആ വില്‍പന കേന്ദ്രങ്ങള്‍. ഇരുളുന്നതിന് മുന്‍പ് അവസാനത്തെ സഞ്ചാരിയും ബോട്ടില്‍ കയറുന്നതുവരെ നീളുന്ന ഒരു കച്ചവടം. ചൂടുകൊണ്ടാവണം അസഹ്യമായ ദാഹം. മാടക്കടക്കാരന്‍ ഇളനീര്‍ വെട്ടിനല്‍കി. ഒരെണ്ണത്തിന് 15 രൂപ, അത് അധികമല്ല. മൂന്നെണ്ണം കാമ്പുള്‍പ്പെടെ കഴിച്ചതോടെ വിശപ്പും ദാഹവും അകന്നു.
പുതയുന്നപൂഴിയിയിലൂടെ നടന്നു. പൂഴിയില്‍ കാല്‍ ഇടറുന്നു. തടാകതീരം കാഴ്ചയില്‍നിന്നു മറഞ്ഞിട്ടും കടലിന്റെ ഇരമ്പം ചെവിയിലേക്ക് എത്തിയതേയില്ല. ആ പരിസരത്തൊന്നും അങ്ങനെയൊന്ന് ഇല്ലെന്ന് തോന്നി. അര കിലോമീറ്ററിലധികം നടന്നു. അപ്പോഴേക്കും ഇരട്ടി ദൂരം നടന്നപോലെ. കിഴക്കോട്ടായിരുന്നു നടന്നത്. കുറേദൂരം പിന്നിട്ടപ്പോള്‍ തടാകം സ്ഥിതിചെയ്യുന്ന ഭാഗം താഴ്‌വരപോലെ തോന്നിച്ചു.
നാലുദിക്കിലും മണല്‍ത്തിട്ട മാത്രം. മരുഭൂമിയില്‍ അകപ്പെട്ട പ്രതീതി. നോമാന്‍സ് ലാന്റിലാണോ എത്തിച്ചേര്‍ന്നിരിക്കുന്നത്. എട്ടുപേര്‍ മാത്രമാണ് കടല്‍തേടി പുറപ്പെട്ടത് അവരില്‍ മിക്കവരും മടുത്ത് പിന്‍വാങ്ങിയിരിക്കുന്നു. ഞാനും ബോട്ടിലുണ്ടായിരുന്ന ഒരു ബീഹാരിയും മാത്രം ആ വിജനതയില്‍ അവശേഷിച്ചു.
പാതാളംപോലെ ഒരു
കടല്‍ക്കാഴ്ച
കുന്നിന്‍പുറമെന്നപോലെ ഉയര്‍ന്നുപോകുന്ന മണല്‍ത്തിട്ട. തിരിച്ചുപോകാമെന്ന് അവന്‍ പറഞ്ഞു. ബോട്ടില്‍നിന്നു ഇറങ്ങിയതില്‍ പിന്നെ ഞങ്ങള്‍ മിണ്ടിയിരുന്നില്ല. രണ്ടുപേരും സ്വന്തം ലോകവും പേറി നീങ്ങുകയായിരുന്നു. ഏകാന്തതയാവണം രണ്ടറ്റങ്ങളിലൂടെ നടന്നിരുന്ന ഞങ്ങളെ ഒന്നിപ്പിച്ചത്. അവന്‍ പറയുന്നത് അനുസരിക്കുന്നതാവും ഉചിതം. ആ പ്രദേശത്ത് അക്രമകാരികളായ വല്ല ജീവികളും കണ്ടേക്കാം.
അല്‍പദൂരം കൂടി നടന്നിട്ട് ആവാമെന്ന് ഞാന്‍ പറഞ്ഞു. ബോട്ടിനടുത്തേക്ക് തിരിച്ചുനടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുറച്ചുകൂടി നടന്നതോടെ പാതാളത്തില്‍ അകപ്പെട്ട അവസ്ഥയിലായി. തൊട്ടുമുമ്പില്‍ വാപൊളിച്ചു രൗദ്രഭാവത്തില്‍ കടല്‍. ആ കാഴ്ച അധികനേരം നോക്കിനില്‍ക്കാനായില്ല. പിന്നില്‍ മലപോലെ ഉയര്‍ന്നുനില്‍ക്കുന്ന മണല്‍ത്തിട്ട. ബംഗാള്‍ ഉള്‍ക്കടല്‍ ഞങ്ങളെ അടിമുടി നോട്ടത്താല്‍ നക്കികുടിച്ചു. അത്ഭുതംതോന്നി. അപ്രതീക്ഷിതമായിരുന്നു ആ കാഴ്ച. കടല്‍ പ്രക്ഷുബ്ധമായിരുന്നു. ഒന്നുരണ്ട് തെരുവുപട്ടികള്‍ തീരത്തെ നനവിലൂടെ നീങ്ങുന്നു. തിരകള്‍ കുതിച്ചുവരുമ്പോള്‍ മണംപിടിച്ച് സുരക്ഷിതമായ ഇടത്തേക്ക് അവ ഓടി മാറിക്കൊണ്ടിരുന്നു.
ചുവന്നപൂഴിയായിരുന്നു തിര കയറിയിറങ്ങുന്ന ഭാഗങ്ങളില്‍. ഓരോന്നായി പിന്‍വാങ്ങുമ്പോഴും അടിത്തട്ടിലെ മണല്‍ കൂടുതല്‍ ചുവക്കുന്നപോലെ. കക്കകളുടെ ശുഭ്രമായ പുറന്തോടുകള്‍ അവയ്ക്കിടയില്‍ വിളങ്ങിനിന്നു. ഭയംജനിപ്പിക്കുന്നതായിരുന്നു ആ കടല്‍ക്കാഴ്ച. അത്രമാത്രം വിജനമായ ഒരു കടല്‍ത്തീരം കണ്ടിരുന്നില്ല. ചുറ്റും കണ്ണെത്തുന്നിടത്തൊന്നും മറ്റൊരു ജീവിയുമില്ല.
ചില്‍ക്ക തടാകം കടലിനെ പുണരുന്ന ഇടം ദൂരെയാണെന്ന് അറിഞ്ഞപ്പോള്‍ നിരാശ തോന്നി. കടലിനെയും തടാകത്തെയും വേര്‍തിരിക്കുന്ന ആ മണല്‍ത്തിട്ട തകര്‍ന്നാല്‍ ബൈബിളിലെ പ്രളയംപോലും തോല്‍ക്കുമെന്ന് തീര്‍ച്ച. കടല്‍ തടാകത്തിലേക്ക് കയറുമോ, തടാകം കടലില്‍ ഒടുങ്ങുമോയെന്ന സന്ദേഹം തിരിച്ചുനടക്കുമ്പോള്‍ ബാക്കിയായി.
മടക്കയാത്രക്കായി ബോട്ടിനെ ചുറ്റിപ്പറ്റി ഞങ്ങളുടെ സംഘത്തിലുള്ളവര്‍ നിന്നിരുന്നു. അവരെല്ലാം ഞങ്ങളെ പ്രതീക്ഷിക്കുകയാവണം. ആളുകള്‍ ഫോട്ടോ എടുക്കാന്‍ വെപ്രാളപ്പെടുന്നു. മനോഹരമായ ആ പരിസരം ഓര്‍മകള്‍ക്കൊപ്പം കാഴ്ചയായും കൂടെവേണമെന്ന ചിന്തയാവണം പ്രേരണ. ഹണിമൂണ്‍ ട്രിപ്പിനായി എത്തിയ നവദമ്പതികള്‍ക്ക് ആ ജോലി മടുക്കുന്നേയില്ല.
ഡ്രൈവര്‍ പുറപ്പെടാനായെന്ന് അറിയിച്ചു. എല്ലാവരും ബോട്ടിലേക്ക് കയറി. ചില്‍ക്കയുടെ ആഴങ്ങളിലേക്ക് ബോട്ട് കുതിച്ചു. വന്ന വഴിയിലൂടെ മടങ്ങുന്നതിനാല്‍ ജിജ്ഞാസക്ക് വകയുള്ള ഒന്നുമില്ല. ഏത് യാത്രയിലും ഒരേ വഴിയിലൂടെയുള്ള തിരിച്ചുപോക്ക് എക്കാലവും ഭിന്നമല്ലല്ലോ. ക്യാമറകളും മൊബൈലുകളും വിശ്രമിക്കുന്നു. അപ്പോഴും പുതുതായി വല്ലതും തടയുമെന്ന പ്രതീക്ഷയില്‍ ഞാന്‍ ക്യാമറയും മൊബൈലും ജാഗ്രതയോടെ സൂക്ഷിച്ചു.
ബോട്ടിന്‍കൊമ്പില്‍ ഫോട്ടോക്കായി പോസ് ചെയ്യവേ ബോട്ട് ഡ്രൈവര്‍ കടുത്ത ഭാഷയില്‍ ചീത്തപറയുന്നത് എന്നോടല്ലെന്ന് നടിച്ചു. അയാള്‍ ഓടിയടുക്കുമെന്നു തോന്നിയ നിമിഷത്തിലാണ് ആ സാഹസിക പ്രവര്‍ത്തിയില്‍നിന്ന് പിന്‍വാങ്ങിയത്. ഒറിയയില്‍ പിറുപിറുക്കുന്നത് എന്റെ അടുത്തോളം എത്തുന്നുണ്ട്. മൊട്ടത്തെറികളാണ് അവയെന്ന് മനസിലാക്കാന്‍ ഭാഷാ പരിജ്ഞാനം ഒട്ടും വേണ്ട.
നാലര മണിക്ക് ജലസവാരി അവസാനിച്ചു. ഡ്രൈവര്‍ കാലിയായ ബോട്ട് ജെട്ടിയില്‍ കെട്ടിനിര്‍ത്തി. ഭക്ഷണം ബുക്ക് ചെയ്തവര്‍ റെസ്‌റ്റോറന്റിലേക്ക് ധൃതിപ്പെട്ട് നടന്നു. മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ പാര്‍ക്ക് ചെയ്ത ബസിനകത്തു കയറി. ആരുമുണ്ടായിരുന്നില്ല. മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ കുറച്ചുനേരം കണ്ണടച്ചുകിടന്നു.
ആരും തിരിച്ചെത്തിയിട്ടില്ല. പുറത്തിറങ്ങി ബസിന് പുറകിലേക്ക് നടന്നു. ചില്‍ക്കയുടെ സായാഹ്ന സൗന്ദര്യത്തിലേക്ക് കണ്ണയച്ച് ശിലപോലെ നിന്നു. അര മണിക്കൂറിലധികമെടുത്തു സഹയാത്രികര്‍ മടങ്ങിയെത്താന്‍. നവംബര്‍ മാസത്തില്‍ പകല്‍ കുറവാണെന്നതിനാല്‍ അഞ്ചു മണിയാവുമ്പോഴേക്കും സൂര്യന്‍ അസ്തമയ സൂചനകള്‍ പ്രകടിപ്പിക്കുന്നു. ചില്‍ക്കയുടെ കരപറ്റിയായിരുന്നു മടക്കം. വന്ന വഴിക്ക് ബസ് നീങ്ങുന്നു. പകല്‍ വെളിച്ചം മങ്ങിയതോടെ പച്ചപിടിച്ച വയലേലകളും ചില്‍ക്കയിലെ ഓളങ്ങളും മേയുന്ന കന്നുകാലിക്കൂട്ടങ്ങളുമെല്ലാം നിറംചോര്‍ന്നുപോകാതെ ഹൃദയത്തിലേക്ക് ചേക്കേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."