അധ്യാപനത്തിന്റെ വേറിട്ടവഴിയില്‍ സവിന്‍ മാഷ് ; ശമ്പളത്തിന്റെ നല്ലൊരുപങ്കും നിരാലംബരായ കുട്ടികള്‍ക്ക്
വി.എം ഷണ്‍മുഖദാസ്
പാലക്കാട്: അധ്യാപനത്തിന്റെ വേറിട്ടവഴിയില്‍ സഞ്ചരിക്കുകയാണ് പാലക്കാട് ആലത്തൂര്‍ എ.എസ്.എം.എം ഹൈസ്‌ക്കൂളിലെ സംസ്‌കൃതം അധ്യാപകനായ കെ.എസ് സവിന്‍.
തന്റെ ശമ്പളത്തിന്റെ മുക്കാല്‍ഭാഗവും നിരാലംബരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവിടുകയാണ് ഈ അധ്യാപകന്‍. സുഹൃത്തുക്കളുടെ അകമഴിഞ്ഞ പിന്തുണയും ഇക്കാര്യത്തില്‍ സവിന്‍ മാഷിന് ലഭിക്കുന്നുണ്ട്.
കൊവിഡിനെ തുടര്‍ന്ന് പഠനം അന്യമായ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ആദിവാസി, ദലിത് കോളനികളില്‍ പഠനമുറികളും ഒരുക്കുന്ന തിരക്കിലാണ് ഇപ്പോള്‍ സവിന്‍. ചിറ്റൂര്‍, ആലത്തൂര്‍, പാലക്കാട്, മണ്ണാര്‍ക്കാട് താലൂക്കുകളിലെ മുപ്പതിലധികം വരുന്ന ആദിവാസി, ദലിത് കോളനികളിലെ കുട്ടികള്‍ക്ക് ഇതിനകം പഠനസൗകര്യമൊരുക്കി നല്‍കി.
കൊവിഡ് ഒന്നാംതരംഗത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടതോടെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി 10 കോളനികളില്‍ ടി.വിയും മറ്റ് സൗകര്യങ്ങളും ഒരുക്കിനല്‍കി. രണ്ടാം കൊവിഡ് കാലത്ത് ചില സുമനസുകളുടെ സഹായത്തോടെ ഇരുപതിലധികം പാവപ്പെട്ട കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി. ഇതിനുപുറമെ കുട്ടികള്‍ക്ക് പാഠപുസ്തകം, നോട്ടുപുസ്തകം തുടങ്ങിയവയും എത്തിച്ചുനല്‍കി.
ഓരോ ആഴ്ചയിലും പഠനമുറികളിലെത്തി കുട്ടികള്‍ക്ക് ക്ലാസെടുക്കുകയും പഠനനിലവാരം മെച്ചപ്പെടുത്താന്‍ വേണ്ട പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു.
2018ലെ പ്രളയകാലത്ത് എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, വയനാട് ജില്ലകളില്‍ സൃഹൃത്തുക്കളോടൊപ്പം ക്യാപ് ചെയ്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും അവശ്യസാധങ്ങള്‍ എത്തിക്കുന്നതിലും സജീവമായിരുന്നു.
പിന്നീട് 2019ലെ മഴക്കാലത്തും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ സവിന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഐ.ഡി.ആര്‍.എഫ് എന്ന സന്നദ്ധ സംഘടന വഴി നിലവില്‍ പാലക്കാട് ജില്ലയിലെ അഞ്ചോളം പിന്നാക്ക വിഭാഗ കോളനികളില്‍ പഠനമുറികള്‍ ഒരുക്കുന്ന തിരക്കിലാണ് സവിന്‍ ഇപ്പോള്‍. പാലക്കാട് ചിറ്റൂര്‍ കച്ചേരിമേട് ശ്രീവല്‍സം വീട്ടില്‍ സത്യന്‍- വിജയകുമാരി ദമ്പതികളുടെ മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."