നിപ:കോഴിക്കോട് നിരീക്ഷണത്തിലുള്ള രണ്ടു പേര്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ , പ്രത്യേക വാർഡില്‍ പ്രവേശിപ്പിക്കും
കോഴിക്കോട്: കോഴിക്കോട് നിരീക്ഷണത്തിലുള്ള രണ്ട് പേര്‍ക്കു കൂടി നിപ രോഗലക്ഷണങ്ങള്‍. ഇവരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സമ്പര്‍ക്ക പട്ടികയില്‍ നൂറ്റി അന്‍പത്തി എട്ടുപേരാണുള്ളത്. അതില്‍ ഇരുപതു പേരാണ് പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്ളത്.
അതേസമയം,കോഴിക്കോട് നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി രാവിലെ കോഴിക്കോട്ടെത്തി. രാവിലെ ഗസ്റ് ഹൗസില്‍ യോഗം ചേര്‍ന്ന ശേഷം കളക്ടറേറ്റില്‍ വിവിധ വിഭാഗങ്ങളുടെ അവലോകന യോഗം ചേര്‍ന്നു. കഴിഞ്ഞ നിപ സാഹചര്യങ്ങളെ കൈകാര്യം ചെയ്തതിനേക്കാള്‍ ഗൗരവമായി സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി 16 കമ്മിറ്റികള്‍ രൂപീകരിച്ചു.നിപ കണ്ട്രോള് റൂം കോഴിക്കോട്ടു ആരംഭിച്ചിട്ടുണ്ട്. കൂടാതെ മെഡിക്കല്‍ കോളേജിലെ ഒരു വാര്‍ഡ് നിപ വാര്‍ഡ് ആക്കി മാറ്റിയിട്ടുണ്ട്.
നിപ മരണം സ്ഥിരീകരിച്ച ചാത്തമംഗലം ചൂലൂരിലും പരിസരത്തും വിവിധ മെഡിക്കല്‍ സംഘങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി വൈകിയാണ് മരണപ്പെട്ട കുട്ടിയുടെ പരിശോധന ഫലം പുറത്തു വന്നത്.അപ്പോള്‍ത്തന്നെ ആരോഗ്യവകുപ്പ് വേണ്ട എല്ലാ കരുതലും എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."