'ഖത്തറിന്റെ തോൽവിയെന്ത്? കാണുക സംഘാടക മികവിന്റെ ഈ ഔന്നത്യം' കണ്ടുമുട്ടുന്ന ഓരോ മലയാളിയും പറയുന്നു
ആദ്യ മത്സരത്തിലെ ആതിഥേയരുടെ രണ്ട് ഗോൾ തോൽവിയാണ് ഇന്നലെ വരെ എല്ലായിടത്തും ചർച്ചാ വിഷയം. ഒരു പക്ഷേ കഴിഞ്ഞ കുറേ കാലമായി ആതിഥേയർ ഉദ്ഘാടന മത്സരത്തിൽ ജയിച്ചുവരുന്നത് കാരണമാവാം ഇത്തരത്തിലുള്ള ചർച്ചകൾ. കണ്ടുമുട്ടുന്ന ഖത്തറികളായ ഒഫീഷ്യൽസിനൊക്കെ ഉദ്ഘാടന മത്സരത്തിൽ ഇക്വഡോറിനോട് ഏറ്റ തോൽവി കുറച്ചൊന്നുമല്ല അലട്ടുന്നത് എന്ന് വ്യക്തം.
പക്ഷേ, ഈ തോൽവിക്കപ്പുറം മറ്റു ചിലതുണ്ട്. മികവുറ്റ ടൂർണമന്റാക്കാൻ അവർ നടത്തുന്ന ശ്രമങ്ങളാണ് അതിൽ പ്രധാനം. ഇതുവരെ കണ്ട ലോകകപ്പുകളെക്കാൾ ഏറ്റവും മികച്ചത് നൽകാൻ ഖത്തർ മത്സരിക്കുകയാണ്. അതിനുദാഹരണങ്ങളും അനവധി.
തോൽവിയല്ല, മാനവികതയുടെ മഹത്തായ സന്ദേശം ലോകത്തിനു പകർന്ന ഉദ്ഘാടന രാവ് തന്നെയാണ് ഖത്തറിനെ വ്യതിരിക്തമാക്കുന്നത്. ഉദ്ഘാടന സെഷൻ ഫിഫയുടെ ആഗോള മനുഷ്യൻ എന്ന സങ്കൽപത്തെ വാനോളമുയർത്തുന്നതായിരുന്നു എന്നതിൽ ആർക്കും സംശയമില്ല, ദോഹ എക്‌സിബിഷൻ സെന്ററിലെ അക്രഡിറ്റേഷൻ സെന്റർ ഇതിനകം തന്നെ ഒന്നേകാൽ ലക്ഷത്തിലധികം ഐ.ഡി.കാർഡുകൾ വിതരണം ചെയ്തുവെന്ന് ഹെൽപ് ഡെസ്‌ക് കൗണ്ടറിൽ നിന്ന് തലശ്ശേരി മേക്കുന്ന് സ്വദേശിയും സുഹൃത്തുമായ ജുനൈദിന്റെ വിശദീകരണം കേട്ടപ്പോൾ തന്നെ മനസിലായി ഈ ലോകകപ്പ് എത്രത്തോളം കെട്ടുറപ്പോടെയാണ് ഖത്തർ ഫിഫ അതോറിറ്റി നടത്തുന്നത് എന്ന്.
അക്രഡിറ്റേഷൻ കാർഡ് വാങ്ങി പുറത്തിറങ്ങുമ്പോൾ തൃശൂർ സ്വദേശിനിയും ഇവിടെത്തെ യൂനിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാർഥിനിയുമായ ഷീബയെ കണ്ടുമുട്ടിയപ്പോഴും തിരിച്ചറിഞ്ഞു സംഘാടക മികവിന്റെ ഔന്നത്യം. ഷീബ രണ്ട് മാസമായി ഇവിടെ തന്നെയുണ്ട്. മറ്റേത് ലോകകപ്പ് വേദികളേക്കാളും സാങ്കേതിക മികവ് അവകാശപ്പെടാൻ ഈ ലോകകപ്പിന് സാധിക്കും എന്ന് കണ്ടുമുട്ടിയ മലയാളി സംഘാടകരുടെയെല്ലാം സാക്ഷ്യപ്പെടുത്തൽ.
ഖത്തറിന്റെ പ്രധാന ആകർഷണമായ ടോർച്ച് ലൈറ്റ് ഹോട്ടലിനടുത്ത് സ്ഥിതി ചെയ്യുന്ന ഖലീഫ സ്റ്റേഡിയത്തിലാണ് എന്റെ സേവനം. ഇവിടെ എത്തുമ്പോഴേക്കും ഞാൻ കൂടി ഉൾപ്പെടുന്ന ട്രെയിനിങ് സെഷൻ ആരംഭിച്ചിരുന്നു. ഫിഫയുടെ ഔദ്യോഗിക പാനലിൽ തന്നെയുള്ള കരിയാട് സ്വദേശി ഫഹദ് ആണ് ഇവിടെത്തെ സ്പക്ടേടർ സർവിസ് കോർഡിനേറ്റർ. എവിടെ തിരിഞ്ഞ് നോക്കിയാലും ഏതെങ്കിലും തസ്തികയിലും വളണ്ടിയേഴ്‌സിലുമായി ഒട്ടനവധി മലയാളികളെ കാണാം. ഒരു പക്ഷേ ഇത്രയധികം മലയാളികൾക്ക് നമ്മുടെ നാട്ടിൽ ഫിഫ മത്സരം നടത്തിയാൽ പോലും അവസരം ലഭിക്കുമെന്ന് തോന്നുന്നില്ല. അത്രയധികമാണ് മലയാളി സാന്നിധ്യം.
അൽ ബിദയിലെ ഫാൻ ഫെസ്റ്റ് വേദിയിൽ നട്ടുച്ചവെയിലിലും ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു. ഇവിടെയും സെക്യൂരിറ്റി സ്റ്റാഫ് അടക്കം കൂടുതലും മലയാളികൾ തന്നെ. മീഡിയ സെന്ററും അനുബന്ധ സ്ഥലങ്ങളും ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക സാഹചര്യങ്ങളാൽ സമ്പന്നം. എങ്ങനെ നോക്കിയാലും മികവിന്റെ പര്യായമായ ഒരു ലോകകപ്പ് ലോകത്തിന് സമ്മാനിക്കാനുള്ള ദൃഢ നിശ്ചയത്തിലാണ് ഖത്തർ. ആ മികവിൽ ഭാഗഭാക്കായ, സംഘാടക റോളിലടക്കമുള്ള അസംഖ്യം മലയാളികളും അഭിമാന നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."